ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തെ ഉള്ളം കൈയ്യിലെടുത്ത് അമ്മാനമാടുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയാവുന്നത്. ഇവിടെ സാങ്കേതിക വിദ്യകൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല. മനുഷ്യന്റെ വികാരങ്ങളുള്പ്പെടെ സാങ്കേതികതയുടെ ലോകത്ത് കീഴ്പ്പെട്ടു കഴിഞ്ഞു. നിലവിലുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ട്, സ്വത്വം തന്നെ പരസ്പരം മാറ്റാന്‍ സാധിക്കുന്ന ഫേസ് ആപ്പുവരെ ഇപ്പോള്‍ എത്തി നില്ക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോരുത്തരുടെയും നാഡീഞരമ്പുകള്‍ക്ക് മാറ്റു കൂട്ടുന്ന സൗന്ദര്യവല്‍ക്കരണ സംവിധാനമായ ഫേസ് ആപ്പ് 2017ലാണ് തരംഗമാകുന്നത്. റഷ്യന്‍ നിര്‍മ്മിതമായ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വിനോദത്തിന്റെ പുതിയ തലങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രചാരത്തില്‍ വന്നത്. കാലത്തെ മുന്നോട്ടും പിറകോട്ടും ചിലപ്പോള്‍ പലജന്മങ്ങള്‍ ചാടിക്കടത്തിയും കുളിരുകോരി നിര്‍വൃതിയടയാന്‍ മനുഷ്യനെ സഹായിച്ച ഫേസ് ആപ്പ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.
സൗന്ദര്യ പ്രതിസന്ധികള്‍ക്ക് താത്കാലിക ശമനം
യൂറോപ്യന്‍ സൗന്ദര്യ അളവ് കോലുകള്‍ ഉപയോഗിച്ച്, മാറ്റത്തിന്റെ വക്കില്‍ നില്ക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെ ഉടച്ചു വാര്‍ത്തുകൊണ്ട്, മുഖ്യധാര സങ്കല്‍പ്പങ്ങളെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് ഇത്തവണ ഫേസ് ആപ്പ്. നിര്‍ദേശങ്ങള്‍ കൊടുത്താല്‍ നിങ്ങളെ അതീവ സൗന്ദര്യമുള്ള ഉല്‍പ്പന്നങ്ങള്‍ ആക്കിത്തീര്‍ക്കുന്ന ഈ കൃത്രിമ ബുദ്ധി, ആണിന്റെയും പെണ്ണിന്റെയും മനഃശാസ്ത്രം കലക്കിക്കുടിച്ചുകൊണ്ടാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്നത്.
നിഗൂഢമായി സൂക്ഷിക്കുന്ന പല സ്വഭാവങ്ങളും പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ നമ്മള് തയ്യാറല്ല. അത് അഭികാമ്യമല്ലെന്നാണ് പലരുടെയും തിരിച്ചറിവ്. പൊതുസ്വത്വവും സ്വകാര്യസ്വത്വവും തമ്മിലുള്ള ഈ വൈരുദ്ധ്യമാണ് ഫേസ് ആപ്പ് ആഘോഷമാക്കുന്നത്. പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കാനാഗ്രഹിക്കുന്ന, പ്രകടനപരമായ സ്വത്വത്തെ കേന്ദ്രീകരിച്ചുകൊണ്ട് സ്വകാര്യ സ്വത്വത്തെ സാമാന്യവത്കരിക്കുകയെന്നതാണ് ഫേസ് ആപ്പ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. ഒരേ നിറം, രൂപം, ഭാവം, നോട്ടം, ആകര്‍ഷണീയത എന്നിവയെല്ലാം അല്പാല്പ്പം വ്യത്യസ്തയോടെ മാത്രം അവതരിപ്പിച്ച് എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. മുഖ്യധാര സൗന്ദര്യ നിയമങ്ങള്‍ കൊണ്ട് നമ്മുടെ സൗന്ദര്യ പ്രതിസന്ധികള്‍ക്ക് താത്കാലിക ശമനമുണ്ടാവുകയാണിവിടെ.
പൊതു സൗന്ദര്യ സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് നിറത്തിന്റെ രാഷ്ട്രീയവും, വര്‍ഗീയ അധിക്ഷേപങ്ങളും, അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ ധാരുണ മരണത്തോടെ ഏറെ ചര്‍ച്ചയായതാണ്. അന്ന് വര്‍ണ വിവേചനത്തിന്റെ ചരിത്രാന്വേഷണം മുതല്‍ ശരീരം, ശരീരബോധം, നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയത, ബോഡി ഷേമിങ്ങ് തുടങ്ങി പല തലങ്ങളിലും ചര്‍ച്ചകള്‍ സംഘടിപ്പിച്ച്, അഭിപ്രായ പ്രകടനങ്ങളും ഐക്യദാര്‍ഢ്യവുമായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന പലരുടെയും പ്രൊഫൈല്‍ പരിശോധിച്ചാല്‍ കാണാം, വെളുത്ത് കൊഴുത്ത മുഖങ്ങളായി അവര്‍ രൂപാന്തരം പ്രാപിച്ചത്. ഇത്തരം പ്രതികരണങ്ങള്‍ രേഖപ്പെടുത്താമെങ്കില്‍ എഡിറ്റഡ് അല്ലാത്ത യഥാര്‍ത്ഥ ചിത്രം പങ്കുവച്ച് ഈ ചീത്തപ്പേര് മറികടക്കാന്‍ അവര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല?
അടുത്തിടെയായി മുഖ്യധാര മാസികകള്‍ മുഖചിത്രമായും, അഭിമുഖങ്ങളായും കറുപ്പിന്റെ സൗന്ദര്യമാതൃകകളിലേക്ക് ചുവടു മാറാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അവ സ്പോണ്സര് ചെയ്യുന്നത് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പരസ്യങ്ങളാണെന്നതാണ് ഈ ശ്രമങ്ങളെ വിഫലമാക്കുന്നത്. വെളുപ്പ്, വടിവ്, ശാരീരികാകര്‍ഷണം എന്നീ പ്രമാണങ്ങള്‍ വിപണനക്കെണികളാകുമ്പോള് വര്‍ഗീയത, ലിംഗബോധം, പൗരബോധം എന്നിവയൊക്കെ വിസ്മരിക്കപ്പെടുന്നത് സ്വാഭാവികം.
ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ശരീരം സ്വായത്തമാക്കാന്‍ ഫേസ് ആപ്പുകള്‍ പോലുള്ള സാങ്കേതിക വിദ്യകളെ നാം ആശ്രയിക്കുമ്പോള്‍ അനുഭവവും പരിശീലനവും മൂലം നേടിയെടുത്ത ഒരാളുടെ കഴിവുകളോ ലക്ഷ്യങ്ങളോ പെരുമാറ്റങ്ങളോ അപ്രസക്തമാവുകയാണ്. വൈജാത്യങ്ങളുടെ സൗന്ദര്യമെന്ന സാധ്യതയെ പൂര്‍ണമായി നിരാകരിച്ചു കൊണ്ടാണ് വെളുപ്പും മൃദുലതയും ചിരിയും പൊതു ശ്രദ്ധ നേടുന്നത്. ആഴമേറിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ പ്രവണത ചിരിച്ചു തള്ളാനാവില്ല.
വിവരങ്ങളുടെ സ്വകാര്യത
ഫേസ് ആപ്പ് പോലെയുള്ള വിനോദപരമായ മൊബൈല്‍ ആപ്ലിക്കേഷന്‍സിലൂടെ കടന്നുപോകുന്ന വിവരങ്ങളുടെ സ്വകാര്യതയാണ് ചര്‍ച്ചയാകേണ്ട മറ്റൊരു വിഷയം. ഏതൊരു ആ പ്ളിക്കേഷനും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കുമ്പോള്‍ അവരുടെ നിബന്ധനകള്‍ക്കും നമ്മള് വഴങ്ങുകയാണ്. നമ്മള് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ എവിടേക്കു പോകുന്നു, ആരുപയോഗിക്കുന്നു, എന്തിനുപയോഗിക്കുന്നു എന്നീ കാര്യങ്ങളില്‍ യാതൊരു വ്യക്തതയും ഫേസ്ആപ്പ് നല്‍കുന്നില്ല, ആ കാര്യങ്ങള്‍ ആരും വായിച്ചു നോക്കാറുമില്ല. അതിനു പകരം ഈ ഫോട്ടോകള്‍ ഏതിനും, എവിടെയും ഉപയോഗിക്കാനുള്ള അനുവാദമാണ് നമ്മള് ഫേസ്ആപ്പിനു നല്‍കുന്നത്.
നമ്മുടെ ഫോണില്‍ എന്തൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടോ അതെല്ലാം മറ്റേതോ സെര്‍വറിലേക്കു കൈമാറാനുള്ള അനുമതി പത്രത്തിലാണ് മുഖം മാറ്റാനായുള്ള വ്യഗ്രതയില്‍ നമ്മള് ഒപ്പിടുന്നത്. If you use FaceApp you are giving them a license to use your photos, your name, your username, and your likeness for any purpose including commercial purposes (like on a billboard or internet ad) ഇതാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന നിബന്ധന. ഫേസ്ആപ്പിലൂടെ മാത്രമേ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും നമ്മള് പരസ്യമാക്കുന്നുള്ളൂ എന്നല്ല ഇതിനര്‍ത്ഥം. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്വത്വാവിഷ്കാരത്തിനു ധൃതിപ്പെടുമ്പോള്‍ പല വിപണന തന്ത്രങ്ങളും നാം ഗൗരവമായി എടുക്കുന്നില്ല.
സ്വകാര്യതയുടെ പ്രശ്നങ്ങളെക്കുറിച്ച് മോശമല്ലാത്ത നിലക്ക് അവബോധം ഉണ്ടായിട്ടും വെറും രസത്തിന് മുഖം മാറ്റാനുള്ള നമ്മുടെ തിടുക്കം സൂക്ഷ്മമായി നോക്കി കാണേണ്ടതുണ്ട്. വെറും ഒരു കൗതുകത്തിനപ്പുറം മാനസികവും സാമൂഹ്യവും സാംസ്കാരികവും ആത്മികവുമായ പല മാനങ്ങളും ഇതിനുണ്ട്.