കൊറോണ വൈറസ് വ്യാപനത്തിന് തടയിടാന്‍ ജീവിത ശൈലിയായി മാറിയ മുഖാവരണങ്ങള്‍ അഥവ ഫെയ്സ് മാസ്കുകള്‍ ഫാഷന്‍ ലോകത്ത് ട്രെന്‍ഡായി മാറുകയാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന കാലത്ത് മാസ്കകുകളുടെ വിപണി സാധ്യത കണക്കിലെടുത്ത് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും ഫാഷന്‍ രംഗം വാഴുന്ന മികച്ച ബ്രാന്‍ഡുകള്‍ മാസ്ക് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു കഴിഞ്ഞു. വ്യത്യസ്ത നിറം, വ്യത്യസ്ത തുണികള്‍, വ്യത്യസ്ത ഡിസൈനുകള്‍ തുടങ്ങി ബ്രൈഡല്‍ വേരിയന്റുകള്‍ വരെ ഈ കമ്പനികള്‍ പരീക്ഷിച്ചു തുടങ്ങി.
ഹൗസ് ഓഫ് മസബ, ലൂയിസ് ഫിലിപ്പ്, ഡബ്ല്യു, ഫാസ്റ്റ്രാക്ക്, ഒറേലിയ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഓൺലൈൻ പ്ലാറ്റ് ഫോമുകളില്‍ മാസ്ക് വില്‍പ്പന തകൃതിയായി മുന്നേറുകയാണ്. ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 3 ബില്യൺ ഡോളർ വ്യവസായമായി മാറുമെന്നാണ് ബിസിനസ് വിദഗ്ദരുടെ വിലയിരുത്തല്‍.
അതെ സമയം, ആരോഗ്യ സംരക്ഷണത്തിനുള്ള ആശയത്തെ ഫാഷന്‍ തരംഗമായി മാറ്റുന്ന പ്രവൃത്തി നിന്ദ്യമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. രാജ്യത്തെ മികച്ച ഫാഷൻ ഡിസൈനറായ സഭ്യസാചി മുഖർജി അടക്കം ചില പ്രമുഖര്‍ ഈ വാദത്തിന്റെ വക്താക്കളാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ബിസിനസ് മേഖലയെ ഉത്തേജിപ്പിക്കാനുള്ള മാര്‍ഗമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്.
കഴിഞ്ഞ വാരം ജപ്പാനീസ് ബ്രാന്‍ഡായ യൂനിക്ലോ, ‘കൂൾ ആൻഡ് ഡ്രൈ’ മാസ്കുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫാഷന്‍ രംഗത്ത് പ്രമുഖയായ മസബ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഹൗസ് ഓഫ് മസബ, മാസ്കബ എന്ന പേരില്‍ സര്‍ജിക്കല്‍ മാസ്കുകളുടെ നിര്‍മ്മാണം നേരത്തെ തുടങ്ങിയിരുന്നു. സാമൂഹ്യ സേവനമായി തുടങ്ങിയ ഈ പദ്ധതി പിന്നീട് വിപണിമൂല്യം മനസ്സിലാക്കി ബിസിനസായി മാറുകയും ചെയ്തു. ഇപ്പോള്‍ ഈ ബ്രാന്‍ഡിന്റെ വെബ്സൈറ്റില്‍ ഇത്തരം ഡിസൈനര്‍ മാസ്കുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. 700 മുതൽ 900 രൂപ വരെ വിലയുള്ള ഈ മാസ്കുകൾ ദുഷ്കരമായ സാഹചര്യത്തില്‍ ബിസിനസ് ഉത്തേജിപ്പിക്കാന്‍ സഹായിച്ചതായി ഗുപ്ത ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ആക്സസറി ബ്രാൻഡായ ഫാസ്റ്റ്രാക്ക്, 500 മുതല്‍ 800 രൂപ വരെ വിലവരുന്ന ഫോര്‍-പ്ലൈ മാസ്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് മാസ്ക് ധരിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കാനാണ് ഡിസൈനര്‍ മാസ്കുകളുടെ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഹെഡായ കൻവാൾപ്രീത് വാലിയ ഇതേപ്പറ്റി വിശദമാക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ ജനപ്രിയയായ ചിത്രകാരി അലീഷ്യ സോസ, യുവാക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മാസ്കുകളുടെ പ്രോട്ടോടൈപ്പുകൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിരുന്നു. ഇവരുടെ ആശയങ്ങള്‍ക്ക് വന്‍ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. കാര്‍ട്ടൂണുകളും, ‘ഫണ്‍ കോട്ടു’കളും ഉല്‍പ്പെടുത്തി കുട്ടികള്‍ക്കായി മാസ്കുകള്‍ പുറത്തിറക്കാനാണ് ഇവരുടെ അടുത്ത പദ്ധതി. 300 രൂപ മുതല്‍ ആരംഭിക്കുന്ന മാസ്കുകളുടെ അഞ്ച് പീസുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ 999 രൂപയ്ക്ക് ലഭിക്കുമെന്ന ഓഫറും ഉപയോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്.
ഡിസൈനർ മാസ്കുകളുടെ വിൽപ്പന ഏഴിരട്ടിയായി വർദ്ധിച്ചുവെന്ന് ഇന്ത്യൻ ജനപ്രിയ ഇ-ഷോപ്പിംഗ് പ്ലാറ്റ്ഫോമായ സ്നാപ്ഡീൽ വക്താവ് ഓണ്‍ലൈന്‍ മാധ്യമമായ ‘ദ പ്രിന്റിനോട്’ വെളിപ്പെടുത്തിയിരുന്നു. മെട്രോ നഗരങ്ങളാണ് ഡിസൈനര്‍ മാസ്കുകളുടെ ഏറ്റവും വലിയ വിപണന കേന്ദ്രങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ വസ്ത്ര നിര്‍മ്മാണ രംഗത്ത് പ്രമുഖമായ തമിഴ്നാട്ടിലെ തിരുപ്പൂരിൽ, ഡിസൈനർ മാസ്കുകളുടെ വരവ് വസ്ത്ര വ്യാപാര രംഗത്ത് പുതിയ വഴിത്തിരിവായെന്നും. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും മാസ്ക്കുകൾ നിർമ്മിക്കാൻ നഗരം സജ്ജമാണെന്നും തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാജ എം. ഷൺമുഖം പറഞ്ഞു. 20 ദിവസത്തിനുള്ളില്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കാവശ്യമായ മാസ്കുകള്‍ നിര്‍മ്മിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ധരിച്ചിരിക്കുന്ന വസ്ത്രത്തോട് സാമ്യമുള്ള മാസ്കുകളാണ് വിപണിയിലെ മറ്റൊരു ട്രെന്‍ഡ്. പലര്‍ക്കും മാസ്ക് എന്നത് അലങ്കാരമായി മാറിക്കഴിഞ്ഞു എന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ നിറവും, ഡിസൈനും, ആകാര ഭംഗിയും പരിഗണിക്കുമ്പോള്‍ അവയ്ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള കാര്യക്ഷമതയുണ്ടോ എന്ന് കൂടി മുഖവിലയ്ക്കെടുക്കണം. കാരണം നമ്മുടെ ആദ്യന്തികമായ ഉദ്യമം വൈറസിനെ തുരത്തുക, രോഗ പ്രതിരോധ ശേഷി കൈവരിക്കുക എന്നതാണ്.