ബഗ്ദാദ്: ഇറാഖിന്റെ ഇതിഹാസതാരം അഹമ്മദ് റാദി (56) കോവിഡ് ബാധിതനായി അന്തരിച്ചു. ഫിഫ ലോകകപ്പിലെ ഇറാഖിന്റെ ഏക ഗോൾ നേടിയ താരമാണ് അഹമ്മദ് റാദി. 1982 മുതൽ 1997 വരെ ഇറാഖ് ദേശീയ ടീമിന്റെ ഭാഗമായിരുന്ന റാദി ഇറാഖിന്റെ ഫുട്ബാൾ ലോകത്തിന് കനത്ത നഷ്ടം നൽകിയാണ് വിടപറയുന്നത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജോര്‍ദാനിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പാണ് റാദി മരിച്ചത്. പരിശോധനാഫലം പോസിറ്റീവ് ആയതോടെ കഴിഞ്ഞയാഴ്ചയാണ് റാദിയെ ബാഗ്ദാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ വച്ച് ലൈവ് വീഡിയോയിലൂടെ റാദി ആരാധകരുമായി സംവദിച്ചിരുന്നു. ആരോഗ്യനില ഇടയ്ക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് ശക്തമായ ശ്വാസതടസമുണ്ടാവുകയായിരുന്നു.
1986 മെക്സികോ ലോകകപ്പിന്റെ ഗ്രൂപ് റൗണ്ടിൽ ബെൽജിയത്തിനെതിരെയായിരുന്നു റാദി ഗോൾ നേടിയത്. ഇത് ഇറാഖിന്റെ ഏക ലോകകപ്പ് ഗോളായി മാറുകയായിരുന്നു. മത്സരത്തിൽ 2-1ന് തോറ്റെങ്കിലും ആദ്യമായി രാജ്യത്തിന് വേണ്ടി ലോകകപ്പ് മത്സരത്തിൽ ഗോളടിച്ച റാദി സൂപ്പർ ഹീറോ ആയി മാറി.
1984, 1988 ഗൾഫ് കപ്പിൽ ഇറാഖിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച റാദി, 1988ൽ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ടു.
അൽ റഷീദ്, അൽ സവ്റ, വഖ്റ ക്ലബുകൾക്കായി 17 വർഷം കളിച്ച റാദി അഞ്ചു തവണ ഇറാഖ് ലീഗ് കിരീടം ചൂടി. രാജ്യത്തിനായി 121 മത്സരങ്ങളിൽ 62 ഗോളടിച്ചു.