ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരികബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈര്‍ഘ്യം കൂട്ടുന്ന വ്യായാമം അതാണു യോഗാഭ്യാസം. സര്‍വരോഗ സംഹാരിയെന്നതടക്കം പല വിശേഷങ്ങളുണ്ട് യോഗക്ക്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കു യോഗാഭ്യാസം തീര്‍ച്ചയായും ആശ്വാസം പകരും. മനസിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓര്‍മശക്തിയും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കാനും ഏറെ നല്ലത്.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗമാണിത്.
ഒരു ദിവസത്തില്‍ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം. ഗര്‍ഭാവസ്ഥയില്‍ പോലും യോഗയാവാം. പരിശീലിച്ചു കഴിഞ്ഞാല്‍ പ്രത്യേകിച്ചു സഹായിയുടെ ആവശ്യം പോലുമില്ലാതെ തുടരാം. വാര്‍ധക്യത്തിലും ഗര്‍ഭിണിയായിരിക്കുമ്പോഴും വിവിധ ആരോഗ്യ പ്രശ്നമുള്ളപ്പോഴും യോഗ ചെയ്യുന്നതിന് ഒരു ഗുരുവിന്റെ സഹായം തേടുന്നതാണു നല്ലത്. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. യോഗാഭ്യാസം ആരംഭിക്കുന്നതിനു മുന്‍പു ചില തയാറെടുപ്പുകള്‍ ആവശ്യമാണ്.
ജ്ഞാനയോഗം അഥവാ തത്വജ്ഞാനം, ഭക്തിയോഗം അഥവാ ഭക്തിയുടെ ആനന്ദം, കർമയോഗം അഥവാ ആനന്ദകരമായ പ്രവൃത്തി, രാജയോഗം അഥവാ മനോനിയന്ത്രണം എന്നിങ്ങനെ ജീവിതരീതിയുടെ സന്പൂർണ സത്തയാണ് യോഗശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. രാജയോഗത്തെ വീണ്ടും എട്ടായി വിഭജിച്ചിരിക്കുന്നു. രാജയോഗത്തിന്റെ ഹൃദയഭാഗത്താണ് ഈ വ്യതസ്ത സമീപനങ്ങളുടെ സന്തുലനവും ഏകോപനവും സാധ്യമാക്കുന്ന യോഗാസന പരിശീലനത്തിന്റെ സ്ഥാനം.
എല്ലാവർക്കും ശീലിക്കാം
യോഗ ചെയ്തു തുടങ്ങന്ന ഒരാൾ – അയാൾ യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, ആരോഗ്യവാനോ ക്ഷീണിതനോ ആയിക്കൊള്ളട്ടെ, യോഗാസനങ്ങൾ ആ വ്യക്തിയെ പിന്തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്നു. തുടർച്ചയായുള്ള പരിശീലനത്തിലൂടെ ഓരോരോ ആസനങ്ങളിലും ഉള്ള നിങ്ങളുടെ ഗ്രാഹ്യം കൂടുന്നു. ശാരീരികമായ തലത്തിൽ നിന്ന് ഉയർന്ന്, മാനസിക വ്യാപാരങ്ങളെയും കൂടുതൽ ശുദ്ധീകരിക്കാൻ, ഈ ചിട്ടയായ പരിശീലനം സഹായിക്കുന്നു.
ആരോഗ്യപരമായ ഗുണങ്ങള്‍
1. മാനസിക സമ്മര്‍ദം കുറയുന്നു. വിഷാദരോഗമുള്ളവര്‍ മരുന്നുകള്‍ക്കും കൗണ്‍സിലിങ്ങിനും പുറമെ യോഗയും കൂടി അഭ്യസിക്കുന്നത് കൂടൂതല്‍ ആശ്വാസം പകരും. ശരീരത്തില്‍ സെറടോണിന്‍ അളവ് കൂട്ടുകയും മോണോഅമീന്‍ ഓക്സിഡേസ് എന്‍സൈമിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
2.ഹൃദ്രോഗത്തിന് കാരണമായ രക്തസമ്മര്‍ദം നിയന്ത്രിക്കുവാന്‍ മരുന്നുകളോടൊപ്പം യോഗവിദ്യ കൂടി അഭ്യസിക്കുന്നവര്‍ക്ക് കൂടുതല്‍ സാധിക്കുന്നു. ചില പഠനങ്ങള്‍ തെളിയിക്കുന്നത് യോഗ പരിശീലിക്കുന്ന ഹൃദ്രോഗികളില്‍ ആരോഗ്യമുള്ളവരിലും കൊളസ്ട്രോളിന്റെ അളവ് കൂടുതലായി നിയന്ത്രിക്കാന്‍ സാധിക്കുന്നു എന്നാണ്. ഇക്കാരണത്താല്‍ ഹൃദ്രോഗ പുനരധിവാസ ചികിത്സയില്‍ പല വിദഗ്ധരും യോഗ പരിശീലനം കൂടി ഉള്‍പ്പെടുത്തി വരുന്നു.
3. നാല് വര്‍ഷത്തോളം തുടര്‍ച്ചയായി ആഴ്ചയില്‍ 30 മിനിറ്റ് എങ്കിലും യോഗ പരിശീലിക്കുന്നവരില്‍ അമിതവണ്ണത്തെ തടയുന്നതായും അമിതവണ്ണമുള്ളവരില്‍ തന്നെ ഭാരം കുറയുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
4.വാതരോഗമുള്ളവരില് സന്ധികളുടെ ചലനം വര്‍ധിപ്പിക്കുവാനും വഴക്കം നിലനിര്‍ത്തുവാനും യോഗ ഫലപ്രദമാണ്. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ മരുന്നുകളോടൊപ്പം ഒരു വ്യായാമമുറയായി യോഗ അഭ്യസിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ഥന അല്ലെങ്കില്‍ ധ്യാനത്തോടെയായിരിക്കണം.
2. കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം.
3. ആന്തരികബാഹ്യശുദ്ധിയും യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലര്‍ച്ചെയാണ് ഏറ്റവും ഉത്തമം. ഒരിക്കലും ധൃതിയില്‍ ചെയ്യാന്‍ ശ്രമിക്കുകയുമരുത്.
4. പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്. യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലര്‍ത്തി ചെയ്യുന്നതു നല്ലതല്ല.
5. കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞേ കുളിക്കാവൂ.
6. ഭക്ഷണം കഴിഞ്ഞതിനു ശേഷം ഉടനെയും യോഗ ചെയ്യരുത്. ഭക്ഷണം പൂര്‍ണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അല്പ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.
7. യോഗ ചെയ്യുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും ഭക്ഷണം കഴിക്കുന്ന ശീലം പൂര്‍ണമായും ഒഴിവാക്കുക.
8. ആദ്യമായി യോഗ ചെയ്യുമ്പോള്‍ ആരോഗ്യമുള്ളവരായാലും ചില വിഷമതകള്‍ സാധാരണയാണ്. ശരീരത്തില്‍ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമായി കണക്കാക്കിയാല്‍ മതി.
9. കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യരുത്
10. യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.
11. ഗർഭിണികൾ മൂന്നു മാസം കഴിഞ്ഞാൽ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യാൻ പാടില്ല.
12. യോഗ ചെയ്യുമ്പോൾ കിതപ്പു തോന്നിയാൽ വിശ്രമത്തിനു ശേഷമേ ചെയ്യാവു.