മോസ്കോ: ഇന്ത്യൻ അതിർത്തിയിൽ മര്യാദ ലംഘിക്കുന്ന ചൈനയെ നിലയ്ക്ക് നിർത്താൻ റഷ്യ രംഗത്ത്. റഷ്യ ആഗോള പ്രതിരോധ രംഗത്തുള്ള തങ്ങളുടെ മുൻഗണന ഉപയോഗപ്പെടുത്തിയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി റഷ്യയുടെ വിദേശകാര്യ വകുപ്പ് സഹമന്ത്രി ഇഗർ മേർഗുലോവ് സംസാരിച്ചതായിട്ടാണ് റിപ്പോർട്ട്. ഏഷ്യൻ മേഖലയിലെ രണ്ട് മികച്ച സൈനിക സാമ്പത്തിക ശക്തികളാണ് ഇന്ത്യയും ചൈനയുമെന്നും പറഞ്ഞ റഷ്യ ചൈനയുടെ കടന്നുകയറ്റമാണ് ഇന്ത്യയുമായി സംഘർഷത്തിൽ എത്തിച്ചതെന്നും റഷ്യ വിലയിരുത്തി.
മൂന്നു രാജ്യങ്ങളും ഒരുമിച്ചു നടത്തിയ വീഡിയോ കോൺഫറൻസിൽ റഷ്യ ചൈനയോട് സംഘർഷത്തിൽ അയവുവരുത്തുന്നതിനും പുതിയ അവകാശവാദം ഉന്നയിക്കാതിരിക്കാനും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. ജൂൺ 17 നാണ് ഈ വിഷയത്തിൽ റഷ്യ ആദ്യമായി സംസാരിച്ചത്. ഈ വിവരം പുറത്തുവിട്ടത് റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ബാല വെങ്കിടേഷ് വർമ്മയാണ്. മാത്രമല്ല ലോകത്തിലെ ശക്തമായ’സൈനിക-വാണിജ്യ മേഖലയാക്കി ഏഷ്യയെ മാറ്റുന്നതിന് ചൈനയുടെ ഈ നീക്കം തടസ്സമാണെന്ന് റഷ്യ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.