മികച്ച പ്രവർത്തന നേട്ടവുമായി വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ. 35 കപ്പലെത്തി; കൈകാര്യം ചെയ്തതു 42,000 ടിഇയു (ട്വന്റി ഫുട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ. ഏപ്രിലിനെ അപേക്ഷിച്ച് 59% വർധന. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ച നിരക്കും ഡിപി വേൾഡ് കൈകാര്യം ചെയ്യുന്ന ടെർമിനലിനു തന്നെ.
ലോക്ഡൗൺ കാലത്തു റെയിൽ മാർഗം വല്ലാർപാടത്തെത്തിയ കണ്ടെയ്നറുകളുടെ എണ്ണത്തിലും വർധനയുണ്ടായി. മേയിൽ എത്തിയത് 1500 കണ്ടെയ്നറുകൾ. ലോക്ഡൗണിനു മുൻപു ശരാശരി 300 കണ്ടെയ്നറുകൾ എത്തിയ സ്ഥാനത്താണിത്; 5 മടങ്ങു വർധന. ഡിപി വേൾഡ് വികസിപ്പിച്ച ടെർമിനൽ ഓപ്പറേറ്റിങ് സംവിധാനമായ സോഡിയാക്, ഓട്ടമേറ്റഡ് ഗേറ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ ടെർമിനൽ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാൻ സഹായിച്ചു.
27 മിനിറ്റിനുള്ളിൽ ടെർമിനലിലെ കണ്ടെയ്നർ നീക്കം പൂർത്തിയാക്കി ട്രക്കുകൾക്കു പുറത്തെത്താം. ഇന്ത്യൻ തുറമുഖങ്ങളിലെ തന്നെ മികച്ച ടേൺ എറൗണ്ട് സമയമാണിതെന്നു ഡിപി വേൾഡ് കൊച്ചി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പ്രവീൺ ജോസഫ് പറഞ്ഞു.