ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍-ദീന് ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. ബീജീങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായിട്ടുള്ള കരാറാണ് റദ്ദാക്കിയത്.
പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016ൽ 471 കോടി രൂപയ്ക്കാണ് റെയിൽവേ ചൈനീസ് കമ്പനിക്ക് കരാർ നൽകിയത്. 2019ൽ പണി പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്.
എന്നാൽ ചൈനയുമായി അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷമാണ് റെയിൽവേയുടെ പിന്മാറ്റത്തിനുള്ള കാരണമെന്നാണ് സൂചന. അതിർത്തിയിൽ ചൈന ഇന്ത്യയ്ക്കെതിരെ പടകൂട്ടിയത് മുതൽ ചൈനയ്ക്കെതിരെ വൻ ജനരോഷം ഭാരതത്തിൽ ഉയർന്നിരുന്നു. ഇന്നലെ 20 പട്ടാളക്കാർ മരണമടഞ്ഞതോടെ ചൈനീസ് കമ്പനികളെ ബഹിഷ്കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നു. ഇതിനിടയിലാണ് റെയില്‍വേ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത്.