റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 23ന് നടക്കും. ആമസോൺ, എംഐ.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. മാർച്ചിൽ റെഡ്മി നോട്ട് 9 പ്രോ മാക്സിനൊപ്പം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ഇപ്പോഴും ഫ്ലാഷ് സെയിലിലൂടെ മാത്രമാണ് വിൽക്കുന്നത്. കൊറോണ വൈറസ് കാരണം ഉൽപാദനത്തിലും വിതരണത്തിലും കാലതാമസമുണ്ടാകുന്നതിനാലാണ് കുറച്ച് ഡിവൈസുകൾ മാത്രം ഫ്ലാഷ് സെയിലിലൂടെ വിൽക്കുന്നത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി സോസി, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. നേരത്തെ നടന്ന സെയിലുകളിലെല്ലാം വേഗത്തിൽ വിറ്റഴിഞ്ഞ ഈ ഡിവൈസ് വളരെ വേഗത്തിൽ തന്നെ ജനപ്രീയ ഡിവൈസുകളിലൊന്നായി മാറിയിട്ടുണ്ട്.
റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് 16,999 രൂപ വില വരുന്നു. ലോഞ്ച് ചെയ്യുമ്പോൾ ഡിവൈസിന്റെ 4ജിബി റാം 64ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമായിരുന്നു വില. ജിഎസ്ടി വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇരു ഡിവൈസുകൾക്കും ആയിരം രൂപ വീതം വർദ്ധിച്ചു.
റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.
രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.