ജൊഹാനസ്ബര്‍ഗ്: 2007ല്‍ തന്നെ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയാറായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് ഗാരി കിര്സ്റ്റന്. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സച്ചിന് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചതെന്ന് കിര്സ്റ്റന് പറഞ്ഞു.
2007ലെ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വിരമിക്കാന്‍ തയാറായ തന്നെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ വാക്കുകളാണ് പ്രചോദിപ്പിച്ചതെന്ന് സച്ചിന് തന്റെ ആത്മകഥയായ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’യിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നതാണ് കിര്‍സ്റ്റന്റെ വെളിപ്പെടുത്തല്‍. അക്കാലത്തെ സച്ചിനെക്കുറിച്ച് ഞാനിപ്പോഴും ഓര്‍ക്കുന്നു. 2007ലെ ലോകകപ്പിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ സച്ചിന് ക്രിക്കറ്റ് മതിയാക്കാന്‍ മനസുകൊണ്ട് തയാറെടുത്തിരുന്നു. തന്റെ ബാറ്റിംഗ് പൊസിഷനില്‍ സച്ചിന് ഒട്ടും തൃപ്തനായിരുന്നില്ല. അതുപോലെ ക്രിക്കറ്റ് താന്‍ ആസ്വദിക്കുന്നില്ലെന്നും സച്ചിന് പറഞ്ഞു.
2008ല്‍ ഇന്ത്യന്‍ പരിശീലകനായി ചുമതലേയേറ്റെടുത്തശേഷം, സച്ചിന് തന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കിര്സ്റ്റന് പറഞ്ഞു. പരിശീലകനെന്ന നിലയില്‍ വലിയ പരിഷ്കാരങ്ങളൊന്നും വരുത്താതെ സച്ചിന്റെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാനുള്ള എല്ലാ അന്തരീക്ഷവും താന്‍ ഒരുക്കി കൊടുത്തിരുന്നു. അതിനുശേഷം സച്ചിന്റെ ബാറ്റിംഗ് കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു.
സച്ചിനോട് ബാറ്റിംഗിനെക്കുറിച്ച് ഞാന്‍ കാര്യമായി ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ, സച്ചിന് വേണ്ടത് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അന്തരീക്ഷമായിരുന്നു. സച്ചിന് മാത്രമല്ല, ടീം അംഗങ്ങള്‍ക്ക് മുഴുവന്‍ അത് വേണമായിരുന്നുവെന്നും കിര്സ്റ്റന് പറഞ്ഞു. ഗ്രെഗ് ചാപ്പല്‍ പരിശീലകനായിരുന്ന കാലത്താണ് സച്ചിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി നമ്പറില്‍ പരീക്ഷിച്ചത്. ഇതില്‍ സച്ചിന് അതൃപ്തനായിരുന്നു.