ഹൈദരാബാദ്: കോവിഡ് 19 ടെസ്റ് നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലധിഷ്ഠിതമായ സാങ്കേതിക വിദ്യ വിപുലീകരിച്ച് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍. മിതമായ നിരക്കില്‍ ലഭ്യമായ ടെസ്റ്റ് കിറ്റിന് 20 മിനുട്ടിനുള്ളില്‍ ഫലം നല്കാന് സാധിക്കുമെന്നതാണ് പ്രത്യേകത.
ഹൈദരാബാദിലുള്ള ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് കിറ്റിന്റെ ഫീല്‍ഡ് ടെസ്റ്റ് നടന്നു. ഇതിന് RT-PCR (റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ) ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ ടെസ്റ്റിനും 600 രൂപ വീതമാണ് ഇപ്പോള്‍ ഈടാക്കുന്നത്. കിറ്റിന്റെ ഉദ്പ്പാദനം കാര്യക്ഷമമായി നടന്നു കഴിഞ്ഞാല്‍ വില 350 വരെ താഴ്ന്നേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ ശിവ ഗോവിന്ദ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഇവയുടെ വന്‍ തോതിലുള്ള ഉദ്പ്പാദനത്തിന് വിവിധ സർക്കാർ, സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ പദ്ധതിയിടുന്നതായി ശിവ ഗോവിന്ദ് സിങ് പറഞ്ഞു. കിറ്റിന് ഐ.സി എം.ആറിൽ നിന്ന് അനുമതി തേടുന്ന അദ്ദേഹം പേറ്റന്റിനായി ഫയൽ ചെയ്യുമെന്നും പറഞ്ഞു.