യുഎഇയിലെ കമ്പനികൾ ഇഎസ്ആർ(ഇക്കണോമിക് സബ്സ്റ്റൻസ് റഗുലേഷൻ) വിവരങ്ങൾ നൽകാൻ ഇനി രണ്ടാഴ്ച മാത്രം. വാറ്റ് (വാല്യു ആഡഡ് ടാക്സ്) പോലെ തന്നെ യുഇഎ നടപ്പാക്കുന്ന ശക്തമായ സാമ്പത്തിക നടപടിയാണിത്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നടത്തുന്ന നികുതി ഒഴിവാക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ തടയാനാണിത്. വിവരങ്ങൾ നൽകാതിരുന്നാൽ ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടി വരും.
ഇന്ത്യയിൽ ഉൾപ്പടെ സ്വന്തം ഗ്രൂപ്പിൽ വിദേശ കമ്പനികളുള്ള എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരും. ബാങ്കിങ്, ഇൻഷുറൻസ്, ഡിസ്ട്രിബ്യൂഷൻ ആൻഡ് സർവീസസ് തുടങ്ങി 9 തരം കാര്യങ്ങൾ(റെലവന്റ് ആക്ടിവിറ്റി) നടത്തുന്ന സ്ഥാപനങ്ങൾ അതത് ലൈസൻസിങ് അധികാരികൾക്കു മുമ്പിൽ 30ന് മുൻപു വിവരം അറിയിക്കണം(നോട്ടിഫിക്കേഷൻ).
ഓരോ ലൈസൻസിങ് അതോറിറ്റിയും ഓരോ രീതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ഡിസംബർ 31ന് മുൻപു കൂടുതൽ വിവരങ്ങൾ ചേർത്ത് റിട്ടേണും സമർപ്പിക്കണം. കടലാസ് കമ്പനികൾക്കൊന്നും നിലനിൽക്കാൻ കഴിയാത്ത നടപടിയാണ് യുഎഇ സ്വീകരിക്കുന്നത്. സ്വന്തമായി ഓഫിസ് , ജീവനക്കാർ, തീരുമാനം എടുക്കുന്ന അധികാരികൾ തുടങ്ങിയവ ഉണ്ടോ എന്നു പരിശോധിച്ച് (ഇക്കണോമിക് സബസ്റ്റൻസ് ടെസ്റ്റ്), ഇല്ലെന്നു കണ്ടെത്തിയാൽ 60 ലക്ഷം രൂപവരെ പിഴ ചുമത്തും.
ഏതു രാജ്യവുമായാണോ ഇടപാടുകൾ നടത്തുന്നത് അവിടേക്ക് മുഴുവൻ വിവരങ്ങളും കൈമാറുകയും ചെയ്യും. നികുതി ഒഴിവാക്കാനായി നികുതി രഹിത രാജ്യങ്ങളിൽ കടലാസ് കമ്പനികൾ ഉണ്ടാക്കിയും ലാഭം മുഴുവൻ ആ രാജ്യങ്ങളിലെ ഇടപാടുകളിൽ കാണിച്ചും നടത്തുന്ന ‘സാമ്പത്തിക അതിക്രമങ്ങൾ’ തടയാനാണ് ഈ നടപടി.