ലോകത്തില്‍ വച്ചേറ്റവും വേഗതയേറിയ സ്പോര്‍ട്സ് കാറായ ഇറ്റാലിയന്‍ സൂപ്പര്‍ ലക്ഷ്വറി കാര്‍ ലംബോര്‍ഗിനിയുടെ നിര്‍മ്മാതാക്കള്‍ കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ വെന്റിലേറ്ററുകളും, മാസ്കുകളും നിര്‍മ്മിക്കുന്ന തിരക്കിലാണ്.
കൊവിഡ്19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. ഈ സാഹചര്യത്തിലാണ് കമ്പനി കൊവിഡ് പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണത്തിലേക്ക് തിരിയുന്നതെന്ന് ലമ്പോര്‍ഗിനിയുടെ ഗ്ലോബല്‍ ചെയര്‍മാനും സിഇഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി പറയുന്നു. കാറുകളുടെ ഉത്പാദനം പുനരാരംഭിച്ചെങ്കിലും, വിപണി തിരിച്ചു പിടിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും എത്രയും പെട്ടെന്ന് ഈ സൂപ്പര്‍ ലക്ഷ്വറി ബ്രാന്‍ഡ് വിപണി കീഴടക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ആഗോളതലത്തിൽ മൊത്തം 8,205 കാറുകൾ കമ്പനി വിറ്റഴിച്ചിരുന്നു. ഇന്ത്യയില്‍ എസ്യുവി കളുടെ 50 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ലക്ഷ്വറി കാറുകള്‍ വാങ്ങാനും ഉപയോഗിക്കാനുമുള്ള മാനസികാവസ്ഥയിലല്ല ആളുകള്‍ അതിനാല്‍ ഈ വര്‍ഷം വില്‍പ്പന വളരെ കുറവായിരിക്കുമെന്നും ഡൊമെനിക്കലി പറഞ്ഞു.
കൊവിഡ് മഹാമാരി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ മാര്‍ച്ച് മാസം പകുതിയോടെയായിരുന്നു കമ്പനി സര്‍ജിക്കല്‍ മാസ്കുകളുടെയും, പ്രൊട്ടക്റ്റീവ് ഷീള്ഡുകളുടെയും നിര്‍മ്മാണം ആരംഭിച്ചത്.