കോവിഡാനന്തര ക്രിക്കറ്റിന് ദക്ഷിണാഫ്രിക്കയിൽ അരങ്ങുണരുന്നു. സാധാരണ ക്രിക്കറ്റ് കളിയുടെ ഫോർമാറ്റിൽ നിന്ന് വളരെ വ്യത്യസ്തമായ മത്സരമാവും ഇത്. മൂന്ന് ടീമുകളാവും മത്സരത്തിൽ കളിക്കുക. ത്രീടിസി (ത്രീ ടീം ക്രിക്കറ്റ്) എന്ന് പേരിട്ടിരിക്കുന്ന മത്സരത്തെപ്പറ്റി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് തിരികെയെത്തുന്നു എന്നതാണ് ത്രീടിസിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. മൂന്നിൽ ഒരു ടീമിനെ താരം നയിക്കും. കഗീസോ റബാഡ, ക്വിന്റൺ ഡികോക്ക് എന്നിവരാണ് മറ്റ് രണ്ട് ടീമുകളെ നയിക്കുക. ദക്ഷിണാഫ്രിക്കയിലെ മുൻ നിര താരങ്ങളൊക്കെ അണിനിരക്കുന്ന മത്സരം, കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.
എട്ട് കളിക്കാരാണ് ഒരു ടീമിൽ ഉണ്ടാവുക. രണ്ട് പകുതിയിലായി 36 ഓവറാണ് മത്സരം. ഒരു ടീമിന് പരമാവധി 12 ഓവർ ലഭിക്കും. ആറ് ഓവർ വീതം അടങ്ങുന്ന രണ്ട് പകുതിയായി തിരിച്ച് ഇരു പകുതികളിലായി ഓരോ ടീമുകളെ നേരിടും. ആദ്യ പകുതിയിൽ ഉയർന്ന സ്കോർ കണ്ടത്തിയ ടീം, രണ്ടാം പകുതിയിൽ ആദ്യം ബാറ്റ് ചെയ്യും. ഏഴാമത്തെ വിക്കറ്റും വീണാൽ അവസാനത്തെ ബാറ്റ്സ്മാന് ഒറ്റക്ക് നിന്ന് കളിക്കാൻ കഴിയും.