ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ചെറുമകന് ഏകാഗ്ര രോഹന് മൂര്‍ത്തി. നാല് മാസം പ്രായമുള്ള ഏകാഗ്രയ്ക്ക് ഇന്‍ഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികള്‍ നാരായണ മൂര്‍ത്തി സമ്മാനമായി നല്കി.
ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയുടെ 15,00,000 ഓഹരികളും ഏകാഗ്രയ്ക്ക് സ്വന്തമായി. ഏകദേശം 0.04 ശതമാനം ഓഹരികള്‍ വരുമിത്. നാരായണ മൂര്‍ത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറയുകയും ചെയ്തു.
കഴിഞ്ഞ നവംബറിലാണ് നാരായണ മൂര്‍ത്തിയുടെ മകന് രോഹന് മൂര്‍ത്തിക്കും ഭാര്യ അപര്‍ണ കൃഷ്ണനും ആണ്‍കുഞ്ഞ് പിറന്നത്. 2019 ഡിസംബര്‍ അഞ്ചിന് ബെംഗളൂരുവിലായിരുന്നു ഇരുവരുടേയും വിവാഹം. രോഹന് മൂര്‍ത്തിയുടെ രണ്ടാം വിവാഹമാണിത്. 2011-ല്‍ ടിവിഎസ് മോട്ടോഴ്സ് ചെയര്മാന് വേണു ശ്രീനിവാസന്റെ മകള്‍ ലക്ഷ്മി വേണുവിനെ രോഹന് വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഈ ദാമ്പത്യത്തിന് അഞ്ച് വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളു. 2015-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. മകള്‍ അക്ഷത മൂര്‍ത്തിക്കും ഭര്‍ത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനാക്കിനും രണ്ട് പെണ്മക്കളുണ്ട്.മഹാഭാരതത്തിലെ അര്‍ജുനന്റെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെറുമകന് ‘ഏകാഗ്ര’ എന്ന പേര് നല്‍കിയത്. ഈ സംസ്കൃത വാക്കിന്റെ അര്‍ഥം അചഞ്ചലമായ ശ്രദ്ധ, നിശ്ചയദാര്‍ഢ്യം എന്നെല്ലാമാണ്.