തൃശൂര്‍: പത്മഭൂഷൺ വാഗ്ദാന വിവാദങ്ങൾക്കിടയിൽ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് ഗോപിയാശാൻ വോട്ടഭ്യരത്ഥിച്ചിരിക്കുന്നത്. മന്ത്രിയായ കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് ഗോപി ആവശ്യപ്പെടുന്നു.
കെ.രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യർത്ഥിക്കുന്നതെന്നും ഗോപിയാശാൻ വീഡിയോയിലൂടെ പറയുന്നു. താൻ കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കുമ്പോൾ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണനെ പരിചയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“പത്മഭൂഷൺ വാഗ്ദാനം ചെയ് സ്വാധീനിക്കാൻ സുരേഷ്ഗോപി”; ‘അങ്ങനെ എനിക്ക് കിട്ടണ്ട’ എന്ന് ഗോപിയാശാൻ; ബിജെപി സ്ഥാനാർത്ഥിയുടെ ‘പ്രാഞ്ചിയേട്ടൻ’ തന്ത്രം വെളിപ്പെടുത്തി കലാമണ്ഡലം ഗോപിയുടെ മകൻ
അതേസമയം; മുതിർന്ന കഥകളി കലാകാരൻ കലാമണ്ഡലം ഗോപിയെ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി മകന് രഘു ഗുരുകൃപ രംഗത്തെത്തിയിരുന്നു.
കലാമണ്ഡലം ഗോപിയെ കാണാന്‍ സുരേഷ് ഗോപി വീട്ടില്‍ വരുമെന്നും അനുഗ്രഹിക്കണമെന്നും ഒരു പ്രശസ്തനായ ഡോക്ടര്‍ വിളിച്ചു പറഞ്ഞു. ആദ്യം എതിര്‍ത്തില്ലെങ്കിലും പിന്നീട് നിഷേധിച്ചപ്പോള്‍ പത്മഭൂഷന്‍ വേണ്ടേയെന്ന് ഡോക്ടര്‍ ചോദിച്ചതായി രഘു ഗുരുകൃപ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. ‘അങ്ങനെ എനിക്ക് കിട്ടണ്ട’ എന്ന് കലാമണ്ഡലംഗോപി മറുപടി നല്‍കിയതായും മകൻ വ്യക്തമാക്കി.
സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും മകന് പറഞ്ഞു. വെറുതെ ഉള്ള ബഹുമാനവും സ്നേഹവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായത്തിന് എത്തുന്നത് ഇതിനാണെന്ന് ഇപ്പോഴാണ് മനസിലായത്. എല്ലാവര്ക്കും രാഷ്ട്രീയമുണ്ട്. അത് താത്കാലിക ലാഭാത്തിനല്ല, നെഞ്ചില്‍ ആഴ്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കണ്ടെന്നും മകന് രഘു ഫേസ് ബുക്കിൽ കുറിച്ചു.
പോസ്റ്റ് വിവാദമായതോടെ സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തി. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താനോ പാര്‍ട്ടിയോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധമില്ലെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
കുറിപ്പ് ചര്‍ച്ചാവിഷയമായതോടെ രഘു ഗുരുകൃപ പോസ്റ്റ് പിന്‍വലിച്ചു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റ് ഇട്ടതെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നും മറ്റൊരു പോസ്റ്റിലൂടെ പറഞ്ഞു..
രഘു ഗുരുകൃപ പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
സുരേഷ് ഗോപിക്ക് വേണ്ടി പല VIP കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത് 🙏🏻 പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്…. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചിൽ അഴിനിറങ്ങിയതാണ്…. നിങ്ങളോടുള്ള ബഹുമാനം മുതലാകാൻ നോക്കരുത്. 🙏🏻( പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം ന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂ ന്ന്…. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുത് ന്ന്. അത് ആശാൻ പറയട്ടെ ന്ന്. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ട ന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൻ കിട്ടേണ്ട ന്ന്. അച്ഛൻ അങ്ങനെ എനിക്ക് കിട്ടണ്ട ന്ന് ) ഇനിയും ആരും ബിജെപിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാൽ മതി 🙏🏻
രഘു ഗുരുകൃപ….