രാജമൗലിയുടെ ആർ.ആർ.ആർ എന്ന സൂപ്പർഹിറ്റ് ചിത്രം പുറത്തിറങ്ങി രണ്ടു വർഷം പിന്നിട്ടിട്ടും ഇപ്പോഴും അതിന്റെ അലയൊലികൾ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ഈ ചിത്രത്തിന് നിരവധി ആരാധകരാണുള്ളത്.
ഈയിടെ ജപ്പാനിൽവെച്ച് ഒരു ആരാധിക സംവിധായകൻ രാജമൗലിക്കും ഭാര്യ രമയ്ക്കും ഒരു സമ്മാനം നൽകി. അല്പം കൗതുകമുള്ള ആ സമ്മാനത്തേക്കുറിച്ചും അത് നൽകിയയാളേക്കുറിച്ചുമുള്ള രാജമൗലിയുടെ കുറിപ്പും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ആർ.ആർ.ആറിന്റെ പ്രത്യേക പ്രദർശനത്തിനാണ് സംവിധായകൻ എസ്.എസ്.രാജമൗലിയും ഭാര്യ രമയും ജപ്പാനിലെത്തിയത്. ഈയവസരത്തിലാണ് 83 വയസുള്ള ഒരു ആരാധിക സംവിധായകനും ഭാര്യക്കും സമ്മാനവുമായെത്തിയത്.
In Japan, they make origami cranes &gift them to their loved ones for good luck& health. This 83yr old woman made 1000 of them to bless us because RRR made her happy. She just sent the gift and was waiting outside in the cold.🥹
Some gestures can never be repaid.
Just grateful🙏🏽 pic.twitter.com/UTGks2djDw— rajamouli ss (@ssrajamouli) March 18, 2024
1000 ഒറിഗാമി രൂപങ്ങൾ നൽകിയാണ് അവർ രാജമൗലിയോടുള്ള തന്റെ സ്നേഹം അറിയിച്ചത്. അതും കൊടുംതണുപ്പ് സഹിച്ച് ഏറെനേരം കാത്തുനിന്നശേഷം. സിനിമയുടെ പേരെഴുതിയ ടി ഷർട്ടാണ് വൃദ്ധ ധരിച്ചത്.
താൻ ആർ ആർ ആർ സിനിമയുടെ ഫാൻ ആണെന്നും ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എഴുതിയ ഒരു കാർഡും വൃദ്ധ നൽകി.
“ജപ്പാനിൽ, പ്രിയപ്പെട്ടവർക്ക് ഭാഗ്യവും ആരോഗ്യവും ഉണ്ടാകാൻ അവർ ഒറിഗാമി ഉണ്ടാക്കി സമ്മാനിക്കുന്നു. 83 വയസുള്ള ഈ സ്ത്രീ ഞങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി ആയിരക്കണക്കിന് ഒറിഗാമികൾ ഉണ്ടാക്കി. കാരണം അവർക്ക് ആർ ആർ ആർ ഒരുപാട് ഇഷ്ടമായി.
അവർക്ക് ഒരുപാട് സന്തോഷം നൽകിയ സിനിമയാണത്. അവർ ഒരു സമ്മാനം തരാനായി ഞങ്ങൾ താമസിക്കുന്നിടത്ത് വന്ന് ആ തണുപ്പിൽ കാത്തിരിക്കുകയായിരുന്നു. ചില സ്നേഹത്തിന് പകരമായി എന്ത് നൽകിയാലും അത് മതിയാകില്ല.” രാജമൗലിയുടെ വാക്കുകൾ.
രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി എസ്.എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ആർ.ആർ.ആർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.