ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബിഹാറിൽ എൻഡിഎ മുന്നണിക്കു തിരിച്ചടിയായി കേന്ദ്രമന്ത്രി രാജിവച്ചു. പശുപതി പരസ് ആണു നരേന്ദ്ര മോദി മന്ത്രിസഭയിൽനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത്. രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടി (ആർഎൽജെപി) നേതാവാണ്. ബിഹാറിലെ സീറ്റ് വിഭജന തർക്കമാണു പൊട്ടിത്തെറിയിലും പരസിന്റെ രാജിയിലും കലാശിച്ചത്. ആർഎൽജെപിക്ക് ഒരു സീറ്റ് പോലും നൽകിയിരുന്നില്ല.
‘‘ബിഹാറിലെ എൻഡിഎ സഖ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നന്ദിയുണ്ട്. ഞാനും എന്റെ പാർട്ടിയും അനീതി നേരിട്ടു. അതിനാൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്’’– പരസ് പറഞ്ഞു. ബിഹാറിൽ എൻഡിഎ ലോക്സഭാ സീറ്റു വിഭജനം പൂർത്തിയായപ്പോൾ ആർഎൽജെപിയെ തഴഞ്ഞിരുന്നു. സംസ്ഥാനത്തെ 40 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി 17, ജനതാദൾ (യു) 16, ലോക് ജനശക്തി പാർട്ടി (റാംവിലാസ്) 5, ഹിന്ദുസ്ഥാനി അവാം മോർച്ച 1, രാഷ്ട്രീയ ലോക് മഞ്ച് 1 എന്നിങ്ങനെയാണ് സീറ്റു വിഭജനം.
ഇടഞ്ഞു നിൽക്കുകയായിരുന്ന പശുപതി പരസിന്റെ പാർട്ടിയെ തഴഞ്ഞ് ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപിയെയാണ് (റാംവിലാസ്) എൻഡിഎ അംഗീകരിച്ചത്. ചിരാഗിന്റെ അമ്മാവനാണു പരസ്. പശുപതി പരസ് എൻഡിഎയിൽ തുടരുകയാണെങ്കിൽ ഗവർണർ പദവി വാഗ്ദാനം ചെയ്തിരുന്നു.