രാധാകൃഷ്ണ വേലായുധ രഘുവരൻ അഥവാ ആർ.വി.രഘുവരൻ. തെന്നിന്ത്യൻ സിനിമയിലെ അപൂർവ്വമായ താരത്തിളക്കം വിടപറഞ്ഞിട്ട് ഇന്നേക്ക് 16 വർഷം പിന്നിടുന്നു. വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും തൻ്റേതായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ച അഭിനയവിസ്മയം.
വില്ലൻ വേഷങ്ങളിൽ തൻ്റെതായൊരു കയ്യൊപ്പ് ചാർത്തിയ അതുല്യപ്രതിഭ. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് മികവ് തെളിയിച്ച രഘുവരൻ രൂപഭാവങ്ങൾ കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും തന്റെ വില്ലൻ വേഷങ്ങൾക്ക് പുതുമ പകർന്നു.
നടൻ ദിലീപ് കുമാറിന്റെ ‘ഇസത്തദാർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം. രാം ഗോപാൽ വർമ്മയുടെ ‘ശിവ’ എന്ന ചിത്രത്തിലെ രഘുവരൻ്റെ ഗ്യാങ്സ്റ്റർ ഭവാനി ചൗധരി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല.
കാരണം പ്രേക്ഷകരുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രമായിരുന്നു അത്. ബിഗ് ബിയുടെ കണ്ണുകളിൽ ഭീതി വിതച്ച രഘുവരൻ ഹിന്ദി സിനിമയിലെ ഏറ്റവും അപകടകാരിയായ വില്ലനാണെന്ന് ലാൽ ബാദ്ഷാ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. മാർച്ച് 19 രഘുവരൻ എന്ന നടനെ, അദ്ദേഹത്തിന്റെ ചിത്രങ്ങളെ, അഭിനയത്തെ സിനിമാലോകം ഓർക്കുന്ന ദിനം.
ദിലീപ് കുമാറിൻ്റെ ചിത്രത്തിലൂടെ അരങ്ങേറ്റം
നിർമ്മാതാവ് സുധാകർ ബൊക്കഡെയുടെ ‘ഇസത്തദാർ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് രഘുവരൻ ഹിന്ദി സിനിമയിലെത്തിയത്. മുതിർന്ന തെന്നിന്ത്യൻ സിനിമാ സംവിധായകൻ കെ ബാപ്പയ്യ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുതിർന്ന ഹിന്ദി സിനിമാ നടൻ ദിലീപ് കുമാറിനൊപ്പമാണ് രഘുവരൻ അഭിനയിച്ചത്.
ഈ ചിത്രത്തിൽ ദിലീപ് കുമാറിൻ്റെ മരുമകൻ ഇന്ദർജിത് സബർവാളായാണ് രഘുവരൻ അഭിനയിച്ചത്. പ്രേക്ഷകർ അത്രമേൽ വെറുത്ത ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയാണ് രഘുവരൻ അവതരിപ്പിച്ചത് എങ്കിലും നടൻ എന്ന നിലയിൽ രഘുവരന്റെ വിജയമായിരുന്നു ഈ സിനിമ.
കരിയറിലെ ആദ്യത്തെ അംഗീകാരം
1990 മാർച്ച് 16-നാണ് ‘ഇസത്തദാർ’ എന്ന ചിത്രം പുറത്തിറങ്ങിയത്. ഇതേ വർഷം ഡിസംബർ 7-ന് രാം ഗോപാൽ വർമ്മയുടെ ‘ശിവ’ എന്ന ചിത്രം പുറത്തിറങ്ങി. ഗ്യാങ്സ്റ്റർ ഭവാനി ചൗധരിയുടെ വേഷമാണ് ഈ ചിത്രത്തിൽ രഘുവരൻ അവതരിപ്പിച്ചത്.
ഗ്യാങ്സ്റ്റർ ഭവാനി ചൗധരിയുടെ കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർക്കുന്ന തരത്തിലുള്ള അഭിനയമാണ് താരം ആ ചിത്രത്തിൽ കാഴ്ചവെച്ചത്. ഈ ചിത്രത്തിന് പുറമെ സുനിൽ ഷെട്ടിയുടെ ‘രക്ഷക്’, അമിതാഭ് ബച്ചൻ്റെ ‘ലാൽ ബാദ്ഷാ’, മിഥുൻ ചക്രവർത്തിയുടെ ‘ഹിറ്റ്‌ലർ’, ജാക്കി ഷ്റോഫിൻ്റെ ‘ഗ്രഹൻ’ എന്നീ ചിത്രങ്ങളിലും രഘുവരൻ അഭിനയിച്ചു.
‘ഇസത്തദാർ’ എന്ന ചിത്രത്തിലൂടെയാണ് രഘുവരൻ ഹിന്ദി സിനിമയിൽ തൻ്റെ കരിയർ ആരംഭിച്ചതെങ്കിലും രാം ഗോപാൽ വർമ്മയുടെ ‘ശിവ’യിലൂടെയാണ് താരത്തിന് നടൻ എന്ന നിലയിലുള്ള അംഗീകാരം ലഭിക്കുന്നത്.
നടൻ എന്നതിലുപരി കർഷകനാകാൻ ആഗ്രഹിച്ച താരം
രഘുവരൻ പല സിനിമകളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും നടൻ എന്നതിലുപരി ഒരു കർഷകനായിരുന്നെങ്കിൽ കൂടുതൽ സന്തോഷിച്ചേനെ എന്ന് തോന്നിത്തുടങ്ങിയ ഒരു കാലമുണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തിനിടെ രഘുവരൻ തന്നെ തുറന്നു പറഞ്ഞിരുന്നു.
‘കർഷകനായി ജീവിക്കാൻ ഞാൻ കൂടുതൽ സന്തുഷ്ടനാകുമായിരുന്നു. എൻ്റെ വിളകൾ വിറ്റ് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ഞാൻ തൃപ്തനാകുമായിരുന്നു. ഞാൻ എൻ്റെ വിളകൾ നോക്കി മഴയെ പ്രതീക്ഷിച്ച് ഉറങ്ങും.
ഞാൻ കോഴികളെയും ആടുകളെയും നായ്ക്കളെയും വളർത്തി അവയെ മേയിക്കുന്നു. എന്നെ കൂട്ടുപിടിക്കാൻ എനിക്ക് ഒരാളെ മാത്രമേ ആവശ്യമുള്ളൂ. ഇതാണ് ജീവിതം. നമ്മൾ ജീവിക്കുന്നത് അതല്ല’ എന്നാണ് രഘുവരൻ പറഞ്ഞത്.
രജനികാന്തിന്റെ ഭാഗ്യം
രജനികാന്തിൻ്റെ പല സിനിമകളിലും രഘുവരൻ പ്രവർത്തിച്ചിട്ടുണ്ട്. രജനികാന്തിൻ്റെ ഏത് സിനിമയിൽ രഘുവരൻ്റെ വേഷം ഉണ്ടോ ആ സിനിമ സൂപ്പർഹിറ്റാകുമെന്ന് ആ കാലത്തു പറഞ്ഞുകേൾക്കുന്ന ഒരു കാര്യമായിരുന്നു.
ഈ ഹിറ്റ് ചിത്രങ്ങൾ കാരണം രജനികാന്ത് രഘുവരനെ തൻ്റെ ഭാഗ്യമായി കണക്കാക്കാൻ തുടങ്ങി. ‘ബാബ’ മുതൽ ‘ബാഷ’ വരെയുള്ള തൻ്റെ പല സിനിമകളും ഹിറ്റായത് രഘുവരൻ കാരണമാണെന്ന് ഒരു അഭിമുഖത്തിനിടെ രജനികാന്ത് പറഞ്ഞിരുന്നു.
രഘുവരൻ്റെ ഈ സുവർണ്ണസ്പർശം അനുഭവിച്ചറിഞ്ഞ രജനീകാന്ത്, രഘുവരനെ ‘ശിവാജി’ എന്ന സിനിമയിൽ കാസ്റ്റ് ചെയ്യണമെന്ന് സംവിധായകൻ ശങ്കറിനോട് അഭ്യർത്ഥിക്കുകയും ഈ സിനിമയിൽ രഘുവരനും ഒരു വേഷം നൽകണമെന്നും പറഞ്ഞു. രജനികാന്തിൻ്റെ നിർബന്ധത്തിന് വഴങ്ങി രഘുവരനെ സിനിമയിലേക്ക് എടുത്തു. ചിത്രം വമ്പൻ ഹിറ്റായിരുന്നു.
മികച്ച സംഗീതജ്ഞനും ഗായകനും
രഘുവരൻ ഒരു മുതിർന്ന നടൻ മാത്രമല്ല, മികച്ച സംഗീതജ്ഞനും ഗായകനുമായിരുന്നു. ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് പിയാനോയും പഠിച്ചു. രഘുവരൻ ഒരു സംഗീത ആൽബവും നിർമ്മിച്ചു, അതിൻ്റെ സംഗീതം അദ്ദേഹം തന്നെ രചിച്ചു, ആൽബത്തിലെ എല്ലാ ഗാനങ്ങളും അദ്ദേഹം ആലപിച്ചു.
ഈ ആൽബത്തിൽ ആറ് ഗാനങ്ങളുണ്ടായിരുന്നു, അതിൽ രണ്ട് ഗാനങ്ങൾ രഘുവരൻ തന്നെയാണ് എഴുതിയത്. രഘുവരൻ്റെ മരണശേഷം ‘രഘുവരൻ-എ മ്യൂസിക്കൽ ജേർണി’ എന്ന പേരിൽ രജനികാന്ത് ഈ ആൽബം പുറത്തിറക്കി. രഘുവരൻ്റെ ഭാര്യ രോഹിണിയും മകൻ ഋഷി വരനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അഭിനയത്തിനായി പഠനം ഉപേക്ഷിച്ചു
കേരളത്തിലെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പട്ടണത്തിൽ 1958 ഡിസംബർ 11 ന് ഹോട്ടലുടമയായ ചങ്കമണ്ണത്തു എൻ ആർ വേലായുധൻ നായരുടെ മകനായാണ് രഘുവരൻ ജനിച്ചത്. അച്ഛൻ ഹോട്ടൽ ബിസിനസ് കോയമ്പത്തൂരിലേക്ക് മാറ്റി.
കോയമ്പത്തൂരിലെ സ്റ്റെയിൻസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് രഘുവരൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് കോയമ്പത്തൂരിലെ ഗവൺമെൻ്റ് ആർട്സ് കോളേജിൽ ബിരുദപഠനത്തിനായി ചേർന്നെങ്കിലും അഭിനയമോഹം കാരണം പഠനം ഉപേക്ഷിച്ചു.
‘സ്വപ്‌ന തിങ്കളകൾ’ എന്ന കന്നഡ ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് നിരവധി തെലുങ്ക്, കന്നഡ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. പ്രശസ്ത നടൻ നാസറിനൊപ്പവും രഘുവരൻ നാടക സംഘത്തിൽ പ്രവർത്തിച്ചു.
തെന്നിന്ത്യൻ സിനിമയിൽ നിന്നും ദക്ഷിണേന്ത്യൻ സിനിമയിലേക്ക്
തുടക്കത്തിൽ രഘുവരനെ തെന്നിന്ത്യൻ സിനിമാലോകം ഗൗരവമായി എടുത്തിരുന്നില്ല, അദ്ദേഹത്തിന് വേണ്ടി നല്ല കഥാപാത്രങ്ങൾ എഴുതിയിരുന്നില്ല. ഇക്കാരണത്താൽ രഘുവരൻ സ്വഭാവ വേഷങ്ങളിൽ മാത്രം ഒതുങ്ങി.
എന്നാൽ ക്രമേണ രഘുവരൻ തനിക്കായി അത്തരമൊരു പ്ലാറ്റ്ഫോം സൃഷ്ടിച്ചു, തെന്നിന്ത്യയിലെ ഓരോ സൂപ്പർസ്റ്റാറും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. തൻ്റെ കാലഘട്ടത്തിലെ എല്ലാ മുൻനിര താരങ്ങൾക്കൊപ്പവും രഘുവരൻ പ്രവർത്തിച്ചു.
തനതായ ശൈലിയും ഡയലോഗ് ഡെലിവറി ശൈലിയും കൊണ്ട് രഘുവരൻ വളരെ പെട്ടന്ന് തന്നെ ആളുകളുടെ പ്രിയപ്പെട്ട താരമായി മാറി. സിൽക്ക് സിൽക്ക് സിൽക്ക് എന്ന ദക്ഷിണേന്ത്യൻ ചിത്രത്തിലൂടെയാണ് രഘുവരൻ ശ്രദ്ധേയനായത്.
നായകനിൽ നിന്നും വില്ലനിലേക്ക്
1980 കളുടെ മധ്യത്തിൽ രഘുവരൻ നായകനായി നിരവധി സിനിമകൾ ചെയ്തു, അവയിൽ മിക്കതും മികച്ച വിജയമാണ് നേടിയത്. ‘മൈക്കിൾ രാജ്’, ‘മേഗം കരുതുക’, ‘കുട്ടു പുഴുക്കൾ’, ‘കവിതൈ പട നേരമില്ല’ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
സിനിമകളിൽ നായക വേഷങ്ങൾ ചെയ്യുന്നതിനൊപ്പം, സഹനടനായും വില്ലൻ വേഷങ്ങളിലും രഘുവരൻ അഭിനയിക്കാൻ തുടങ്ങി, ഇത് നായകനാകാൻ അദ്ദേഹത്തിൻ്റെ കരിയറിന് തടസ്സമായി. എന്നാൽ വില്ലൻ വേഷത്തിലെ അദ്ദേഹത്തിൻ്റെ പ്രകടനം തെന്നിന്ത്യയിലും ഹിന്ദി സിനിമയിലും വളരെ ജനപ്രിയമായിരുന്നു, അത് ഇന്നും ഓർമ്മിക്കപ്പെടുന്നു.
രോഹിണിയുമായുള്ള വിവാഹവും വേർപിരിയലും
1996ലാണ് രഘുവരൻ നടി രോഹിണിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞിട്ടും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണു. ക്രമേണ രഘുവരൻ സമ്മർദത്തിൽ ആകുകയും സമ്മർദ്ദത്തിൽ നിന്ന് മോചനം നേടാൻ മദ്യവും മയക്കുമരുന്നും കഴിക്കാൻ തുടങ്ങുകയും ചെയ്തു.
രഘുവരൻ നേരത്തെ തന്നെ പ്രമേഹബാധിതനായിരുന്നു. 2000-ൽ ഇരുവർക്കും ഋഷി എന്ന മകൻ ജനിച്ചു. പിന്നീട് ഇരുവരും വേർപിരിയുകയും 2004ൽ വിവാഹമോചനം നേടുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം രഘുവരൻ പൂർണ്ണമായും തകർന്നു.
2008 മാർച്ച് 19
അമിതമായ മദ്യപാനം കാരണം അവയവങ്ങൾ തകരാറിലായതു മൂലം 49-മത്തെ വയസിൽ 2008 മാർച്ച് 19-ന് പുലർച്ചെ 6.15 ന് ചെന്നൈയിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
യാരടി നീ മോഹിനിയാണ് അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. മരണസമയത്ത് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന കന്തസാമി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷം ആശിഷ് വിദ്യാർത്ഥി അഭിനയിച്ചു.