കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് ത്രിദിന അന്തർദേശീയ കോൺഫറൻസ് മാർച്ച് 20, 21, 22 തീയതികളിൽ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
‘ഇൻഡോളജിക്കൽ ഗവേഷണത്തിന്റെ പുതിയ ചക്രവാളങ്ങൾ’ എന്നാണ് കോൺഫറൻസിന്റെ തീം. 20ന് രാവിലെ പത്തിന് കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവ്വകലാശാലയിലെ ഡാൻസ് വിഭാഗം ഡീനും പ്രൊഫസറുമായ പ്രൊഫ. മഹുവ മുഖർജി അന്തർദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാതിഥിയായിരിക്കും. പ്രൊഫ. കെ. വി. അജിത്കുമാർ അധ്യക്ഷനായിരിക്കും. ആർ. വെങ്കിടകൃഷ്ണൻ, പ്രൊഫ. മിനി. ടി., പ്രൊഫ. കെ. എ. രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. ഡോ. ധർമ്മരാജ് അടാട്ട് ജേർണലിന്റെ പ്രകാശനം നിർവ്വഹിക്കും. പ്രൊഫ. കെ. കെ. ഗീതാകുമാരി ജേർണലിന്റെ ആദ്യപ്രതി സ്വീകരിക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
22ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. വി. കെ. ഭവാനി സമാപന സന്ദേശം നൽകും. പ്രൊഫ. കെ. എ. രവീന്ദ്രൻ അധ്യക്ഷനായിരിക്കും. പ്രൊഫ. കെ. എം. സംഗമേശൻ, പ്രൊഫ. പി. വി. രാജി എന്നിവർ പ്രസംഗിക്കും.