എവിടെ സതീശനും സുരേന്ദ്രനും പിന്നെ മാധ്യമങ്ങങ്ങളും?; സിദ്ധാർത്ഥൻ്റെ മരണത്തെ സർക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിച്ചവരെ കാൺമാനില്ല!

കേരളത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു  വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വരെ വിവിവിധ രാഷ്ട്രീയ മുന്നണികൾ സർക്കാരിനെതിരെ കടുത്ത ആക്രമണമാണ് ഈ സംഭവത്തിൽ നടത്തിയത്. സിദ്ധാർത്ഥൻ്റെ മരണത്തിന് നീതി തേടിയും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് -യൂത്ത് കോൺഗ്രസ് – കെ.എസ്.യു നേതാക്കൾ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരവും നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സമരവും നിർത്തി. കേന്ദ്ര ഭരണ പാർട്ടിയായ ബിജെപിയും സിദ്ധാർത്ഥൻ്റെ മരണത്തെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ ,യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെ.എസ്.യു.സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖർക്കാർക്കും ഇപ്പോൾ സിദ്ധാർത്ഥൻ്റെ മരണത്തെ സംബന്ധിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല.

സിദ്ധാർത്ഥൻ്റെ നീതിക്കായി  ബിജെപിയും കോൺഗ്രസും ഒഴുക്കിയത് രാഷ്ട്രീയ ലാഭം മുന്നിൽക്കണ്ടുള്ള മുതലക്കണ്ണീരായിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോൾ. സിദ്ധാർത്ഥൻ്റെ മരണത്തെ സർക്കാരിനെതിരെ തിരിച്ച് നീതിക്ക് വേണ്ടിയുള്ള മുറവിളി എന്ന മട്ടിൽ ആഘോഷിച്ച മാധ്യമങ്ങളെയും ഇപ്പോൾ കാണാനില്ല. അവരെല്ലാം എവിടെപ്പോയി എന്ന് ചോദിച്ചാൽ ഇവിടെത്തന്നെയുണ്ട് എന്നാണ് ഉത്തരം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അധികാര വടംവലിയിൽ ജയിക്കാനുള്ള ഓട്ടത്തിലാണ് രാഷ്ട്രീയക്കാർ. മാധ്യമങ്ങളാവട്ടെ റേറ്റിംഗ് കൂട്ടാൽ അവരുടെ പിന്നാലെയുള്ള ഓട്ടത്തിലും. ആർക്കും ഇപ്പോൾ സിദ്ധാർത്ഥൻ്റെ മരണം ഒരു സംഭവമേ അല്ലാതായിരിക്കുന്നു. സിദ്ധാർത്ഥൻ്റെ മരണത്തിൻ്റെ ചൂടും ചൂരും നഷ്ടപ്പെടും മുമ്പ് അവനെ അവഗണിക്കാൻ രാഷ്‌ട്രീയക്കാർ കാണിച്ച ഉളുപ്പില്ലായ്മയാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളതെന്ന് അവരും അടയാളപ്പെടുത്തുകയാണ്.

ഇനി എന്താണ് സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൻ്റെ നിലവിലെ അവസ്ഥ എന്നൊന്ന് പരിശോധിക്കാം. അന്വേഷണം സിബിഐക്ക് വിട്ടതോടെ സംസ്ഥാന പൊലീസ് അന്വേഷണം ഏതാണ്ട്  അവസാനിപ്പിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് മാർച്ച് ഒമ്പതാം തീയതിയായിരുന്നു. അന്ന്  രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്‌‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് 20 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ ഘട്ടത്തിലാണ് അന്വേഷണം സിബിഐക്ക് വിടുന്നത്.  തുടർന്ന് അന്വേഷണം മുന്നോട്ട് പോയില്ല.

സംസ്ഥാന സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറിയെങ്കിലും അവർ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല. കൽപ്പറ്റ ഡിവൈഎസ്‌പി ടി.എൻ. സജീവനാണ് ഇപ്പോഴും കേസിൻ്റെ അന്വേഷണ ചുമതല. അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് വൈത്തിരി പൊലീസ് പറയുന്നത്. എന്നാൽ  സിബിഐ കേസ് ഏറ്റെടുക്കുന്നത് വരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉൾപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് സിദ്ധാർത്ഥിന്റെ കുടുംബം പറയുന്നത്. തെളിവുകൾ നശിപ്പിക്കാൻ പൊലീസ്  ഒത്താശ ചെയ്തുവെന്നും അവർക്ക് പരാതിയുണ്ട്.

മർദ്ദനം നടക്കുന്ന സമയത്ത് സിദ്ധാർത്ഥിന്റെ മൊബൈൽ ഫോൺ കൈകാര്യം ചെയ്‌തയാളെ ഇതുവരെ ചോദ്യം ചെയ്‌തിട്ടില്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി ജയപ്രകാശ് വ്യക്തമാക്കുന്നു. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന ചോദ്യമാണ് നീതി കിട്ടും വരെ  കൂടെയുണ്ടാവും എന്ന് ഉറപ്പ് പറഞ്ഞവർ കയ്യൊഴിഞ്ഞ അവസ്ഥയിൽ സിദ്ധാർത്ഥുൻ്റെ രക്ഷിതാക്കൾ ചോദിക്കുന്നത്.