ന്യൂഡൽഹി: ഉത്തർപ്രദേശിലെ സാധ്യതാ സ്ഥാനാർഥിപ്പട്ടികയിൽ വിവാദനായികയായ നൂപുർ ശർമ വരാൻ സാധ്യത. ബിജെപിയുടെ മുൻ വക്താവായ നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പ്രസ്താവനയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
കോൺഗ്രസിന്റെ കുത്തക സീറ്റായ റായ്ബറേലി മണ്ഡലത്തിലാണു നൂപുറിർ സ്ഥാനാർത്ഥിയാകാൻ സാധ്യതയേറുന്നത്. 2004 മുതൽ സോണിയാ ഗാന്ധി തുടർച്ചയായി വിജയിച്ച മണ്ഡലം. ഇത്തവണ മത്സരിക്കാനില്ലെന്നു പറഞ്ഞ സോണിയ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ൽ ഉത്തർപ്രദേശിലെ 63 ലോക്സഭ മണ്ഡലങ്ങളിൽ കോൺഗ്രസിനു കിട്ടിയ ഏക സീറ്റ് റായ്ബറേലിയിലാണ്. 62 ലും വിജയം ബിജെപി ക്കായിരുന്നു.
റായ്ബറേലിയിൽ കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാൻ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് നൂപുർ ശർമയുടെ പേര് ബിജെപി കേന്ദ്രങ്ങളിൽ ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിച്ചിട്ടുള്ള നൂപുർ, തലസ്ഥാനത്തു സജീവമായിരുന്നു.
കഴിഞ്ഞ വർഷം ടിവി ചർച്ചയ്ക്കിടെയായിരുന്നു ഏറേവിമർശനങ്ങൾ ഉയർന്ന് വന്ന നൂപുർ ശർമയുടെ പ്രസ്താവനകൾ. ഇതേതുടർന്ന് നൂപുറിനെയും ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പുറത്താക്കി. പിന്നീട് നൂപുറിനും കുടുംബത്തിനും ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സുരക്ഷക്കായി തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിച്ചു. എബിവിപിയിലൂടെയാണ് നൂപുർ ബിജെപിയിലെത്തിയത്, 2008ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായിരുന്നു.