ന്യൂഡൽഹി: 2024 ലോക് സഭ തിരഞ്ഞെടുപ്പിന്റെ തിയതി പുറത്ത് വന്നതോടു കൂടി സോഷ്യൽ മീഡിയയിലൂടെയും വ്യാപകയായ പ്രചാരണമാണ് എല്ലാം പാർട്ടികൾക്കായും നടന്ന് കൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഡോ. പ്രിയങ്ക മൗര്യയെന്ന ബിജെപി നേതാവ് തന്റെ ‘എക്സ്’ അക്കൗണ്ടിലൂടെ ചോദ്യവുമായി വന്നത്. ‘2024 ലോക് സഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് ആരെയാണ്?’. പോൾ അടിസ്ഥാനത്തിലാണ് പോസ്റ്റ്. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിങ്ങനെയാണ് ചോദ്യത്തിന് രണ്ട് പോൾ ഓപ്ഷനുകൾ മാത്രമാണ് ഉള്ളത്.
എന്നാൽ പ്രിയങ്ക മൗര്യയെന്ന ബിജെപി നേതാവിന്റെ ആഗ്രഹത്തിന് വിപരീതമായി ഏറ്റവു കൂടുതൽ ആളുകൾ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരാണ്. 282,498 പേർ ഈ ചോദ്യത്തോട് പ്രതികരിച്ചപ്പോൾ 61.4 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. 38.6 ശതമാനം ആളുകൾ മാത്രമാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നവർ.
സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി രണ്ടര ലക്ഷം ഫോളോവേഴ്സ് ആണ് പ്രിയങ്ക മൗര്യയ്ക്കുള്ളത്. എക്സ് അക്കൗണ്ടില്‍ അധികവും ബിജെപിയെ പിന്താങ്ങുന്ന തരത്തിലുള്ള പോസ്റ്റുകളാണുള്ളത്. നരേന്ദ്ര മോദിയുടെ ചിത്രവും ബിജെപിക്ക് വോട്ടു ചോദിച്ചു കൊണ്ടുള്ള പ്രചാരണവുമാണ് കൂടുതല്‍. ഡോ. പ്രിയങ്ക മൗര്യ എന്നതിനൊപ്പം ബ്രാക്കറ്റിൽ ‘മോദി കാ പരിവാർ’ എന്ന് ചേർത്തിട്ടുമുണ്ട്. പ്രശസ്ത ബിജെപി നേതാവിന്റെ അക്കൗണ്ടിലൂടെ ആളുകൾ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തപ്പോൾ അത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ .