തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ അധ്യാപകർ വിരമിച്ച 113 തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ സർക്കാർ. കോളജ് അധ്യാപക തസ്തികകൾ വൻ തോതിൽ കുറയാൻ വഴിവെക്കുന്ന 2020 എപ്രിൽ ഒന്നിലെയും മേയ് 25ലെയും ഉത്തരവിനെ തുടർന്നാണ് വിരമിച്ച അധ്യാപക തസ്തികപോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. അധ്യാപകരുടെ ജോലിഭാരമുയർത്തിയതിനെ തുടർന്ന് സർക്കാർ കോളജുകളിൽ മാത്രം 350ൽപരം അധിക തസ്തികകൾ നിലനിൽക്കുന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. ഇത് ക്രമീകരിക്കാനാണ് 113 തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നതെന്നാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. അധിക തസ്തിക നിലനിൽക്കുന്നതിനാലാണ് വിരമിച്ച തസ്തികകളിൽ നിയമനം നടത്താത്തത്. അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഒരുപോലെ എതിർപ്പുയർന്ന ജോലിഭാരത്തിൽ മാറ്റം വരുത്തിയുള്ള 2020ലെ ഉത്തരവ് ഇതുവരെ പിൻവലിച്ചിട്ടില്ല.
പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജ് എടുത്തുകളയുകയും അധിക തസ്തികക്ക് ഒമ്പത് മണിക്കൂർ ജോലി മതിയെന്നത് 16 മണിക്കൂർ ആക്കിയതും ഒരു അധ്യാപകൻ മാത്രമുള്ള വിഷയങ്ങളിലെ നിയമനത്തിനും 16 മണിക്കൂർ ജോലി ഭാരം വേണമെന്നതുമാണ് കോളജ് അധ്യാപക തസ്തിക വൻതോതിൽ കുറയാൻ വഴിവെച്ച 2020ലെ ഉത്തരവ്.
പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കണമെന്നും ഏകാധ്യാപക വിഷയങ്ങളിൽ സ്ഥിരം നിയമനത്തിന് 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കരുതെന്നതുമുൾപ്പെടെയുള്ള ശിപാർശകളോടെ, സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അംഗീകരിച്ചിട്ടില്ല. ജോലിഭാരമുയർത്തിയതോടെ സർക്കാർ, എയ്ഡഡ് മേഖലയിൽ 2500ഓളം അധ്യാപക തസ്തികകളാണ് ഇല്ലാതാകുക. ഇതിന്റെ പ്രതിഫലനമാണ് വിരമിച്ച 113 അധ്യാപക തസ്തികകളിൽ നിയമനം നടത്താത്തത്.