ബെംഗളൂരു : കർണാടകയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന ബിജെപിയിൽ അതൃപ്തി. ആദ്യഘട്ടത്തിൽ 20 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പട്ടിക പുറത്തിറങ്ങിയതിനു ശേഷം ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്ന ഭീഷണിയുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. കടുത്ത ആർഎസ്എസ് അനുഭാവിയും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പയും നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി. സ്ഥാനാർഥി പട്ടികയിൽ മകൻ കെ.ഇ.കാന്തേഷിന് ഇടം നേടാനാകാത്തതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പക്കെതിരെ ഈശ്വരപ്പ രംഗത്തെത്തിയത്.
മകന് ഹവേരി ലോക്സഭാ സീറ്റ് നൽകണമെന്ന് ഈശ്വരപ്പ ആവശ്യപ്പെട്ടെങ്കിലും സിറ്റിങ് എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മയെ പാർട്ടി സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതിൽ അസ്വസ്ഥനായ ഈശ്വരപ്പ കർണാടകയിലെ കുടുംബരാഷ്ട്രീയത്തിനെതിരായ പ്രതിഷേധ സൂചകമായി താൻ യെഡിയൂരപ്പയുടെ മൂത്ത മകൻ ബി.വൈ.വിജയേന്ദ്രയ്ക്കെതിരെ ശിവമൊഗയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കർണാടകയിൽ ബിജെപി മോശം അവസ്ഥയിലാണെന്നും ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഈശ്വരപ്പ ആരോപിച്ചു.
‘ജനങ്ങളും പ്രവർത്തകരും ബിജെപിക്ക് അനുകൂലമാണ്. പക്ഷേ ഇവിടത്തെ സംവിധാനം മോശമാണ്. നമ്മുടെ നരേന്ദ്രമോദി ജി എന്താണ് പറയുന്നത്? കോൺഗ്രസ് പാർട്ടി ഒരു കുടുംബത്തിന്റെ കൈയിലാണ്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നത്. എന്നാൽ കർണാടക ബിജെപിയിലും ഇതേ അവസ്ഥയാണ്. കർണാടകയിലെ ബിജെപി ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. ഇതിൽ പ്രതിഷേധിക്കണം. പ്രമുഖ നേതാക്കളെ ഇവിടെ മാറ്റിനിർത്തുകയാണ്. ഏത് സാഹചര്യത്തിലും തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. ഞാൻ മത്സരിക്കും’– ഈശ്വരപ്പ പറഞ്ഞു.
മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ബിജെപിയിൽ അസ്വസ്ഥനാണ്. കോൺഗ്രസിൽ ചേരുന്നത് പരിഗണിക്കുമെന്ന് പറഞ്ഞ സദാനന്ദ ഗൗഡ ഇന്ന് തന്റെ തീരുമാനം പരസ്യമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കൊപ്പളിൽ രണ്ട് തവണ ബിജെപി എംഎൽഎയായ കാരാടി സംഗണ്ണ ടിക്കറ്റ് നിഷേധിച്ചതിൽ അസ്വസ്ഥനാണ്. രോഷാകുലനായ സംഗണ്ണ, താനും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പറഞ്ഞു.
തുമകൂരിൽ വി.സോമണ്ണയെ ബിജെപി മത്സരിപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി ജെ.സി.മധുസ്വാമിയും പാർട്ടിക്കെതിരെ രംഗത്തെത്തി. യെഡിയൂരപ്പ തനിക്കു വേണ്ടി നിലകൊള്ളാത്തതും തന്റെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാത്തതും വേദനാജനകമാണെന്നായിരുന്നു മധുസ്വാമിയുടെ പ്രതികരണം. സംരക്ഷണം ഇല്ലാത്തപ്പോൾ ഈ പാർട്ടിയിൽ തുടരണോ വേണ്ടയോ എന്ന് ഇപ്പോൾ ചിന്തിക്കുകയാണ്. അടുത്തതായി എന്തുചെയ്യണമെന്ന് പ്രവർത്തകരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മധുസ്വാമി പറഞ്ഞു.