ആറ്റിങ്ങലിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികളെ പിടികൂടിയത് രാജസ്ഥാനിലെ തസ്‌കര ഗ്രാമത്തിൽ നിന്ന്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ കിഷന്‍ലാല്‍(27) സാന്‍വര്‍ ലാല്‍(26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി എന്ന തസ്‌കര ഗ്രാമത്തില്‍ നിന്നാണ് ആറ്റിങ്ങല്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടന്‍ കേരളത്തിലെത്തിക്കും.

   

അജ്മീറില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഉള്‍നാടന്‍ ഗ്രാമമായ താണ്ടോടിയിലെത്തി ഏറെ പണിപ്പെട്ടാണ് ആറ്റിങ്ങല്‍ എസ്.ഐ. ആദര്‍ശ്, റൂറല്‍ ഡാന്‍സാഫ് എസ്.ഐ. ബിജുകുമാര്‍ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്. മോഷണത്തിനു പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. താണ്ടോടിയിലെത്തിയ പോലീസ് ആദ്യം കിഷന്‍ ലാലിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ സാന്‍വര്‍ ലാലിനെ തൊട്ടടുത്ത ജെട്പുര ഗ്രാമത്തില്‍നിന്ന് പിടികൂടി.

    

അതിവിദഗ്ധമായി കവര്‍ച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വില്‍ക്കാനെന്ന വ്യാജേനയാണ് ഇവര്‍ കേരളത്തില്‍ അലഞ്ഞുതിരിയുന്നത്. സ്ത്രീകളും കുട്ടികളുമായി എത്തുന്ന ഇത്തരം സംഘങ്ങള്‍ റോഡരികില്‍ ടെന്റ് അടിച്ചാണ് താമസം. തുടര്‍ന്ന് ആളൊഴിഞ്ഞ വീടുകള്‍ നോക്കി മനസ്സിലാക്കി കവര്‍ച്ച നടത്തും. മോഷണ വസ്തുക്കള്‍ നിസ്സാര വിലയ്ക്ക് മറ്റുള്ളവര്‍ക്ക് വില്‍ക്കുകയാണ് പതിവ്. മാര്‍ച്ച് ഏഴിനാണ് ദന്തല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സംഘം സ്വര്‍ണവും പണവും കവര്‍ന്നത്.