ഭാവിയിലെ ചന്ദ്ര ദൗത്യങ്ങള്‍ക്കായി സിഗ്നല്‍ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

ബെയ്ജിങ് : ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നല്‍ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. ഭൂമിയില്‍ നിന്ന് കാണാനാവാത്ത ചന്ദ്രന്റെ മറുവശം ലക്ഷ്യമിട്ടുള്ള ചാന്ദ്രദൗത്യത്തിനാണ് ചൈന ഒരുങ്ങുന്നത്. ക്യുകിയാവോ-2 എന്ന് പേരിട്ടിരിക്കുന്ന 1200 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. 2018 ല്‍ വിക്ഷേപിച്ച ക്യുകിയാവോ-2 ന്റെ പിന്‍ഗാമിയാണിത്. ലോങ്മാര്‍ച്ച് 8 റോക്കറ്റിലായിരുന്നു വിക്ഷേപണം. ടിയാന്‍ഡു-1, ടിയാന്‍ഡു-2 എന്നീ രണ്ട് ചെറു ഉപഗ്രഹങ്ങളും ഇതേ വീക്ഷേപണ വാഹനത്തില്‍ വിക്ഷേപിച്ചു. ചൈനയിലെ ഹൈനാന്‍ ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം.

    

ചന്ദ്രന്റെ ഒരു ഭാഗം സ്ഥിരമായി ഭൂമിക്ക് നേരെ തിരിഞ്ഞാണ് നില്‍ക്കുന്നത്. ഈ ഭാഗം ലക്ഷ്യമിട്ടുള്ള ദൗത്യങ്ങളില്‍ ചന്ദ്രനില്‍ നിന്ന് നേരിട്ട് സിഗ്നലുകള്‍ ഭൂമിയിലേക്ക് അയക്കുക എളുപ്പമാണ്. എന്നാല്‍ മറുവശത്തേക്ക് അയക്കുന്ന പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിയിലേക്ക് എത്തണം എങ്കില്‍ സിഗ്നല്‍ റിലേ ഉപഗ്രഹങ്ങളുടെ സഹായം ആവശ്യമായി വരും.

 

   

മേയില്‍ വിക്ഷേപിക്കാനിരിക്കുന്ന ചാങ്-6 എന്ന ചാന്ദ്ര പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ഈ റിലേ ഉപഗ്രഹം വഴിയാണ് ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററുകളില്‍ എത്തുക. ചന്ദ്രന്റെ മറുവശത്ത് നിന്നും ആദ്യമായി സാമ്പിളുകള്‍ ശേഖരിക്കുകയാണ് ചാങ്-6 ദൗത്യത്തിന്റെ ലക്ഷ്യം. 2026 ല്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചാങ്-7, 2028 ലെ ചാങ്-8 ദൗത്യങ്ങളിലും ക്യുകിയാവോ-2 റിലേ ഉപഗ്രഹം ആശയവിനിമയങ്ങള്‍ക്കായി ഉപയോഗിക്കും.

    

2040 ആവുമ്പോഴേക്കും ക്യുകിയാവോ -2 ഉള്‍പ്പെടുന്ന റിലേ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖലതന്നെ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ ആളെ ഇറക്കാനുള്ള ദൗത്യങ്ങളിലും ഭാവി ചൊവ്വാ ദൗത്യങ്ങളിലും ഈ ഉപഗ്രഹ ശൃംഖല ചൈന ഉപയോഗപ്പെടുത്തും. ഈ ഉപഗ്രഹ ശൃംഖല സ്ഥാപിക്കുന്നതിനായുള്ള പരീക്ഷണങ്ങള്‍ക്കാണ് ടിയാന്‍ഡു-1, 2 എന്നീ കുഞ്ഞന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

   

എട്ട് വര്‍ഷക്കാലത്തോളം ഉപയോഗിക്കാനാവും വിധമാണ് ക്യുക്കിയാവോ-2 ഉപഗ്രഹം രൂപകല്‍പന ചെയ്തിരിക്കുന്നത്. 2018 ല്‍ വിക്ഷേപിച്ച ക്യുകിയാവോ-1 ഉപഗ്രഹത്തിന്റെ അഞ്ച് വര്‍ഷം ആണെങ്കിലും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ചൈനയുടെ ചാങ്-4 ദൗത്യത്തിന് വേണ്ടി വിക്ഷേപിച്ചതാണിത്. ചന്ദ്രന്റെ മറുവശത്ത് ആദ്യമായി ഇറങ്ങിയ പേടകമാണ് ചാങ്-4.

   

2030 ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാനാണ് ചൈനയുടെ പദ്ധതി. ചന്ദ്രനില്‍ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും ചൈന ലക്ഷ്യമിടുന്നു. ഇന്ത്യയും യുഎസും ഉള്‍പ്പടെ ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യമിടുന്ന മറ്റ് രാജ്യങ്ങളും ഇത്തരം റിലേ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാറുണ്ട്