റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. നേതാവും മണ്ഡു എം.എല്‍.എ യുമായ ജയ്പ്രകാശ് ഭായ് പട്ടേലാ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പി.സി.സി. അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, ദേശീയ വക്താവ് പവന് ഖേര, മന്ത്രി അലംഗിര് ആലം എന്നിവര്‍ ചേര്‍ന്ന് ജയ്പ്രകാശ് ഭായ് പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വീകരണം നൽകി.
ജെ.എം.എമ്മിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ടേക് ലാല്‍ മഹ്തോയുടെ മകനാണ് ജയ്പ്രകാശ് ഭായ് പട്ടേല്‍. ബി.ജെ.പിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ജെ.എം.എം. ടിക്കറ്റില്‍ എം.എല്‍.എയായിരുന്നു.
തന്റെ പിതാവിന്റെ ആശയങ്ങള്‍ ബിജെപി യിൽ കാണാന്‍ കഴിയാത്തതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെക്കുറിച്ച് പിതാവിനുണ്ടായിരുന്ന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്, സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ലന്നും പട്ടേല്‍ പറഞ്ഞു. ലോക്സഭ ഇലക്ഷനിൽ കോണ്‍ഗ്രസ്സിനായി ഹസാരിബാഗ് മണ്ഡലത്തില്‍നിന്ന് അദ്ദേഹം മത്സരിച്ചേക്കും.