വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 ചെങ്ങന്നൂർ : നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിനു മുകളിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. ചെങ്ങന്നൂർ തിട്ടമേൽ കല്ലുമഠത്തിൽ ജനാർദ്ദനൻ-പുഷ്പ ദമ്പതികളുടെ മകൾ  പൂജ(19)യാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൂജ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

    

ഞായർ വൈകിട്ട് 5മണിയോടെയായിരുന്നു അപകടം. സുഹുത്തുക്കൾക്കൊപ്പം നൂറ്റവൻപാറ കാണുന്നതിനായി എത്തിയതാണ് പൂജ. ജലസംഭരണിക്കു മുകളിൽ നിന്നും കാൽ വഴുതി പാറയ്ക്ക് മുകളിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മാവേലിക്കരയിൽ ലാബ് ടെക്നിഷ്യൻ വിദ്യാർഥിനിയായിരുന്നു പൂജ.