ന്യൂഡൽഹി: പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയെന്ന് ആരോപണം. കേസിലെ ഹർജിക്കാരനായ ജോസഫ് സ്കറിയ ആണ് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേശനും നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകിയത് എന്നാണ് ആരോപണം. ഇരുവരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്ന് അക്കാദമിക ലോകത്തുള്ള പലർക്കും അറിയാമായിരുന്നുവെന്നും ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
കേരളത്തിലെ മറ്റൊരു സർവ്വകലാശാലയിലെ പരീക്ഷ കമ്മിഷണർ ആയാണ് സി. ഗണേശന് നിയമനം നൽകിയെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഈ പദവി സർവ്വകലാശാല പ്രൊഫസർ പദവിക്ക് തുല്യമാണെന്നും ജോസഫ് സ്കറിയ ചൂണ്ടിക്കാട്ടുന്നു. നാലാം റാങ്കുകാരനായ പി.പി. പ്രകാശനെ പി.എസ്.സി. അംഗമാക്കി. ഈ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റാങ്കിന് തുല്യമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റൊരു സർവ്വകലാശാലയുടെ പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ താൻ പങ്കെടുത്തിരുന്നു. 2022 ജനുവരിയിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറായെങ്കിലും ഇതുവരെയും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിയ വർഗീസിനെതിരെ കേസ് നടത്തുന്നതിനാലാണ് ഇത്തരം ഒരു നടപടിയെന്നും ജോസഫ് സ്കറിയ സത്യവാങ്മൂലത്തിലൂടെ ആരോപിക്കുന്നു. അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് ആണ് ജോസഫ് സ്കറിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.