തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ മാസം 13നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്.
പെരുമാറ്റച്ചട്ടമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തിൽ അനുമതി നൽകുമ്പോൾ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകൾക്കും വിലക്ക് ഏർപ്പെടുത്തുന്നത്.
ആരോഗ്യ വകുപ്പിനു കീഴിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റുകളിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരവാകുന്നു എന്നാണ് വകുപ്പിറക്കിയ സർക്കുലറിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ സ്ഥാപന തലത്തിലോ, ജില്ലാ തലത്തിലോ തന്നെ നിരസിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.