തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കുന്നതിൽ വിജ്ഞാപനമിറക്കാൻ കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി

ഡൽഹി : തെരഞ്ഞെടുപ്പടുക്കവേ ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. കൂലി കൂട്ടി വിജ്ഞാപനമിറക്കാൻ കേന്ദ്ര ​ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് കേന്ദ്രം കമ്മീഷന്‍റെ  അനുമതി തേടിയത്. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും.

   

ഏപ്രിൽ ഒന്നു മുതലാകും കൂലി വർദ്ധനവ് നിലവിൽ വരിക. കഴിഞ്ഞ വർഷം മാർച്ചില് കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയിൽനിന്നും 22 രൂപ കൂട്ടി 333 രൂപയാക്കി കേന്ദ്രം ഉയർത്തിയിരുന്നു. പ്രതിപക്ഷവും പാർലമെന്റ് സ്റ്റാൻഡിം​ഗ് കമ്മറ്റിയും തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.