ഡീപ്പ് ഫേക്ക് പോൺ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു: ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി

തന്റെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി രംഗത്ത്.

സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള പിതാവിനുമെതിരെ പോലീസ് കേസെടുത്തു. മെലോണിയുടെ ഡീപ്പ് ഫേക്ക് പോണോഗ്രഫി വീഡിയോയാണ് ഇരുവരും നിര്‍മിച്ച് പങ്കുവെച്ചത്. മറ്റൊരാളുടെ ശരീത്തില്‍ മെലോണിയുടെ മുഖം ചേര്‍ത്തുവെക്കുകയായിരുന്നു.

വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സ്മാര്‍ട്‌ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മെലോണി ഇറ്റാലിയന്‍ പ്രധാനമന്ത്രി ആവുന്നതിന് മുമ്പ് 2022 ലാണ് വീഡിയോ പങ്കുവെച്ചത്.

ഇത്തരത്തിലുള്ള മാനനഷ്ടക്കേസുകള്‍ക്ക് ജയില്‍ ശിക്ഷവരെ ഇറ്റലിയില്‍ ലഭിക്കാറുണ്ട്. ജൂലായ് രണ്ടിന് മെലോണി കോടതിയില്‍ ഹാജരാവും. യുഎസില്‍ നിന്നുള്ള ഒരു പോണോഗ്രഫി വെബ്‌സൈറ്റിലാണ് വീഡിയോ അപ് ലോഡ് ചെയ്തത് ദശലക്ഷക്കണിക്കാനാളുകള്‍ അത് കണ്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നും മുഴുവന്‍ തുകയും പുരുഷന്റെ ആക്രമണത്തിന് ഇരയാവുന്ന വനിതകള്‍ക്കുള്ള പിന്തുണയായി നല്‍കുമെന്നും, ഇത്തരത്തിലുള്ള അധികാര ദുർവിനിയോഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് കുറ്റാരോപണം നടത്താൻ ഭയപ്പെടേണ്ടതില്ലെന്ന സന്ദേശം നൽകുകയാണ് ഇതിലൂടെയെന്നും മെലോണിയുടെ അഭിഭാഷക മരിയ യുലിയ മരോംഗിയു പറഞ്ഞു.

വിഷ്വൽ, ഓഡിയോ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനോ സൃഷ്‌ടിക്കുന്നതിനോ കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ഒരു തരം സിന്തറ്റിക് മീഡിയയാണ് ഡീപ്‌ഫേക്ക്, പലപ്പോഴും തെറ്റായ രീതിയിലുള്ള ഉദ്ദേശ്യത്തോടെയാണ് ഇവ കൈകാര്യം ചെയ്യുന്നത്. “ഡീപ്പ്ഫേക്ക്” എന്ന വാക്ക് യഥാർത്ഥത്തിൽ പ്രത്യക്ഷപ്പെട്ടത് 2017 അവസാനത്തിലാണ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുരോഗതി കാരണം ഡീപ്ഫേക്കുകൾ കൂടുതൽ യാഥാർത്ഥ്യവും സാധാരണവുമായി മാറിയിരിക്കുകയാണ്.

ജനങ്ങളുടെ വിശ്വാസത്തിനും സത്യത്തിനും ഇവ അപകടകരമായിക്കൊണ്ടിരിക്കുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും പൊതുജനാഭിപ്രായം വളച്ചൊടിക്കാനും പ്രശസ്തി നശിപ്പിക്കാനുമുള്ള ശക്തമായ ഉപകരണമാണ് ഡീപ്ഫേക്കുകൾ, കാരണം ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ വ്യക്തികൾ പറയുന്നതോ ചെയ്യുന്നതോ ആയ വ്യക്തികളുടെ ബോധ്യപ്പെടുത്തുന്ന ഓഡിയോ, വീഡിയോ റെക്കോർഡിംഗുകൾ സൃഷ്ടിക്കാൻ അവ ഉപയോഗിക്കാം.

ആഗോള തലത്തില്‍ ഡീപ്പ് ഫേക്ക് വീഡിയോകള്‍ വലിയ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാരും ചലച്ചിത്ര താരങ്ങളും പൊതു വ്യക്തിത്വങ്ങളും ഡീപ്പ് ഫേക്കിന്റെ ഇരകളാവാറുണ്ട്.