കൊച്ചി: ക്രിസ്റ്റഫർ നോളന്റെ ഓപൻഹെയ്മര്‍ ഒടുവില്‍ ഒടിടിയിലേക്ക്. കിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റോബർട്ട് ഡൗണി ജൂനിയർ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം ഒസ്കാര്‍ അവാര്‍ഡ് ചടങ്ങില്‍ 7 പുരസ്കാരങ്ങള്‍ നേടിയ ശേഷമാണ് ഒടിടിയില്‍ എത്തുന്നത്.
മാർച്ച് 21 വ്യാഴാഴ്ച ഒടിടി പ്ലാറ്റ്‌ഫോമായ ജിയോസിനിമയിലാണ് ഇംഗ്ലീഷിലും ഹിന്ദിയിലും ചിത്രം സ്ട്രീം ചെയ്യുന്നത്. 96-ാമത് ഒസ്‌കാറിനുള്ള നോമിനേഷനില്‍ 13 അവാര്‍ഡിന് ഓപൻഹെയ്മറിന് ലഭിച്ചിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫര്‍ നോളന്‍ ആദ്യമായി നേടിയതും ഈ ചിത്രത്തിലൂടെയാണ് എന്ന പ്രത്യേകതയും ഉണ്ട്.
മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച ചിത്രം, മികച്ച ക്യാമറ, മികച്ച എഡിറ്റിംഗ് പുരസ്കാരങ്ങളാണ് ഓപൻഹെയ്മര്‍ നേടിയത്.
അണുബോംബിന്‍റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മറുടെ ജീവിതം പറയുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിന്‍റെ ബജറ്റ് 100 മില്യണ്‍ ഡോളര്‍ (827 കോടി രൂപ) ആയിരുന്നു.
യുഎസിലേത് പോലെ ഇന്ത്യയിലും ചിത്രം റിലീസ് ചെയ്യപ്പെട്ടത് 2023 ജൂലൈ 21 ന് ആയിരുന്നു. യുഎസ് ഗവണ്‍മെന്‍റിന്‍റെ മന്‍ഹാട്ടണ്‍ പ്രോജക്റ്റിന്റെ ഭാഗമായി ആദ്യ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തിന്‍റെ ചുക്കാന്‍ പിടിച്ച തിയററ്റിക്കല്‍ ഫിസിസിസ്റ്റ് ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്‍മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ സിനിമയാക്കിയിരിക്കുന്നത്.
2005 ല്‍ പുറത്തിറങ്ങിയ പുസ്തകം അമേരിക്കന്‍ പ്രോമിത്യൂസിനെ ആസ്പദമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുഎസ് ബോക്സ് ഓഫീസില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ) ആണ് ചിത്രം നേടിയിരുന്നത്.