സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കപ്പെടുമ്പോള്‍ അവ ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടോയെന്ന് പലപ്പോഴും ജനങ്ങള്‍ക്ക് സംശയം തോന്നാം. പ്രത്യേകിച്ചും സര്‍ക്കാര്‍ സംവിധാനത്തിലെ ഏറ്റവും അടിസ്ഥാനമായ വില്ലേജ്, പഞ്ചായത്ത്, താലൂക്ക് തലങ്ങളില്‍ ഒരു ആവശ്യത്തിന് പോകുമ്പോള്‍, ഉദ്യോഗസ്ഥന്മാരുടെ ഒന്നിന് പുറകെ ഒന്നായുള്ള നിര്‍ദ്ദേശങ്ങളും നിയമത്തിലെ നൂലാമാലകളും കാരണം ‘എന്തേലും ആകട്ടെ’യെന്ന് ചിന്തിക്കാത്തെ നമ്മുക്കൊരിക്കലും അത്തരം കാര്യങ്ങളിലൂടെ കടന്ന് പോകാന്‍ കഴിയാറില്ല. ജനജീവിതത്തെ സഹായിക്കാനായിട്ടാണ് നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെങ്കിലും അവയെ എങ്ങനെ മനുഷ്യന് ഉപകാരപ്രദമല്ലാത്താക്കാം എന്നാണ് ചില ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നതെന്ന് തോന്നും പലപ്പോഴും ഇവരുടെ ഇടപെടല്‍ കണ്ടാല്‍. അത്തരത്തിലൊരു ഉദ്യോഗസ്ഥ നിയമത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ് മുംബൈ ഹൈക്കോടതി.
ബോഡി മസാജർ അടങ്ങിയ ചരക്കുകള്‍ കണ്ടു കെട്ടാമെന്ന കസ്റ്റംസ് വകുപ്പിന്റെ ഉത്തരവുമായി ബന്ധപ്പെട്ട കേസിലായിരുന്നു മുംബൈ ഹൈക്കോടതി ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, കിഷോർ സാന്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു വിധി പറഞ്ഞത്. ബോഡി മസാജറിനെ സെക്സ് ടോയ് വിഭാഗത്തിൽ പെടുത്താനാകില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷിച്ചു. അതിനാല്‍ ഇവയെ ഇറക്കുമതി നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. 1964 ജനുവരിയിൽ ഇറങ്ങിയ കസ്റ്റംസ് വകുപ്പിന്റെ ഉത്തരവില്‍ ബോഡി മസാജറുകൾ പ്രായപൂർത്തിയായവർക്കുള്ള സെക്സ് ടോയ്സുകളാണെന്നും അതിനാൽ ഇവയുടെ ഇറക്കുമതി നിരോധിച്ചതായും പറയുന്നു. ഈ നിരോധന ഉത്തരവ് ചൂണ്ടിക്കാട്ടി 2022 ഏപ്രിലിൽ കസ്റ്റംസ് കമ്മീഷണർ അഡ്ജുഡിക്കേറ്റിംഗ് ഓഫീസർ എന്ന നിലയിൽ ബോഡി മസാജർ അടങ്ങിയ ചരക്ക് ഇറക്കാന്‍ വിസമ്മതിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച കേസിലാണ് മുംബൈ ഹൈക്കോടതിയുടെ പുതിയ വിധി.
മുതിർന്നവരുടെ ലൈംഗിക കളിപ്പാട്ടമായി ബോഡി മസാജർ ഉപയോഗിക്കാമെന്നത് കസ്റ്റംസ് കമ്മീഷണറുടെ വ്യക്തിപരമായ ഭാവനയാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കസ്റ്റംസ് ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ സെൻട്രൽ എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ 2023 മെയ് മാസത്തിൽ പാസാക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കസ്റ്റംസ് കമ്മീഷണർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളി. ആഭ്യന്തര വിപണിയിൽ ബോഡി മസാജറുകൾ വ്യാപാരം ചെയ്യപ്പെടുന്നുവെന്നും അവ നിരോധിത വസ്തുക്കളായി കണക്കാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാധനങ്ങളുടെ ക്ലിയറൻസ് പ്രശ്നം തീരുമാനിക്കുമ്പോൾ അതിനായി നിയോഗിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ന്യായമായി പ്രവർത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.