ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഡൽഹിയിൽ വൻ പ്രതിഷേധം.മന്ത്രിമാരുൾപ്പടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ദേശീയപാത ഉപരോധിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എ.എ.പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത ഡൽഹി എ.എ.പി മന്ത്രിമാരായ അതിഷി,സൗരഭ് ഭരദ്വാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാർച്ച്നടത്തി. ഡൽഹി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്.
അറസ്റ്റിനെത്തുടര്‍ന്ന് ഇന്ന് ചേരാൻ ഇരുന്ന ഡൽഹി നിയമസഭാ സമ്മേളനം റദ്ദാക്കി. 27 ന് രാവിലെ 11.00 മണിക്ക് നിയമസഭാ സമ്മേളനം ചേരും. അതേസമയം, കെജ്രിവാളിന്റെ കുടുംബാംഗങ്ങൾ വീട്ടു തടങ്കലിലാണെന്ന് എഎപി ആരോപിച്ചു. എഎപി നേതാക്കളെ കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ല. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഎപി മന്ത്രി ഗോപാൽ റായ് ചോദിച്ചു.
അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹി റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫെറെൻസ് വഴി ഹാജരാക്കാനാണു സാധ്യത.