ഭാഷാ അതിരുകളും കടന്ന് മുന്നേറുകയാണ് ഗിരീഷ് എ.ഡി. സംവിധാനംചെയ്ത പ്രേമലു. നൂറുകോടി കളക്ഷനും കടന്ന് മുന്നേറുന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴിലെ യുവതാരം ശിവ കാർത്തികേയൻ.
ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റ പതിപ്പ് റിലീസായതിനു പിന്നാലെയാണ് ശിവ കാർത്തികേയനും പ്രേമലുവിനെ അഭിനന്ദിച്ച് രംഗത്തു എത്തിയിരിക്കുന്നത്. മാർച്ച് 15-നാണ് പ്രേമലുവിന്റെ തമിഴ് പതിപ്പ് റിലീസായത്. മഞ്ഞുമ്മൽ ബോയ്സിനുപിന്നാലെ മികച്ച അഭിപ്രായം സ്വന്തമാക്കാനും പ്രേമലുവിന് കഴിഞ്ഞു.
ഇൻസ്റ്റാഗ്രാമിലാണ് പ്രേമലുവിനെയും താരങ്ങളേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചുകൊണ്ട് ശിവ കാർത്തികേയൻ എത്തിയത്. ഫൺ ഫിൽഡ് എന്റർടെയ്നർ എന്നാണ് ചിത്രത്തെ താരം വിശേഷിപ്പിച്ചിരിക്കുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട് ബോക്സോഫീസിൽ പ്രേമലു 20 കോടി കളക്റ്റ് ചെയ്തേക്കും. മാർച്ച് എട്ടിന് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രം ഇതുവരെ പത്ത് കോടി രൂപയാണ് നേടിയത്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലിനും മമിത ബെെജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പ്രേമലു’.
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.