തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആംആദ്മി പാർട്ടിക്ക് (എഎപി) വലിയ തിരിച്ചടിയാണ് അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ്. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതികേസിൽ ഇ. ഡി. (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ) അറസ്റ് ചെയ്തിരിക്കുന്നു.
ഉപമുഖ്യമന്ത്രിയായിരുന്ന ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാവും കേജ്രിവാളിന്റെ വലം കൈയുമായ മനീഷ് സിസോദിയയെ ഇതേ മദ്യനയ അഴിമതി കേസിൽ നേരത്തേതന്നെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമെ എഎപിയുടെ മുതിർന്ന നേതാക്കളായ സത്യേന്ദർ ജെയ്ൻ, സഞ്ജയ് സിങ് എന്നിവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുമാസത്തിനിടെ ഇ. ഡി. അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് കെജ്രിവാൾ. ജനുവരി 31 ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇ. ഡി. അന്വേഷണത്തിന് തൊട്ടുമുന്‍പായി രാജി വെക്കുകയായിരുന്നു.
2022 ലാണ് മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലാകുന്നത്. 2023 ഒക്ടോബറിലാണ് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് അറസ്റ്റിലാകുന്നത്. സഞ്ജയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇഡി അയച്ച ഒൻപത് സമൻസുകളിലും ഹാജരാകാൻ കേജ്രിവാൾ തയ്യാറായില്ല.
എന്താണ് അരവിന്ദ് കേജ്രിവാളിനെ കുടുക്കാൻ കാരണമായ മദ്യനയ കേസ്?
പല സർക്കാർ ഏജൻസിയുടെ കീഴിലായിരുന്ന മദ്യവില്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കെജ്രിവാൾ സർക്കാർ 2021 നവംബർ 17 ന് കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നാണ് കേസ്. ലഫ്. ഗവർണറായി വി കെ സക്സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു.
തെലങ്കാനയിലെ ബി.ആര്.എസ്. നേതാവ് കെ. കവിതയെ മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ട് ആദികനാളായില്ല. ടി.എം.സി നേതാവും മുന്‍ ലോക്സഭാംഗവുമായ മഹുവ മൊയ്ത്രക്കെതിരെ ചോദ്യക്കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം മറ്റൊരുഭാഗത്ത്.
ഡല്‍ഹിയിലെ എ എ പി രാഷ്ട്രീയത്തിലെ പ്രധാന മുഖവുമായ മനീഷ് സിസോദിയ മദ്യനയക്കേസില്‍ 14 മാസമായി ജയിലിലാണ്. അതേ കേസില്‍ ആം ആദ്മിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് അഞ്ചുമാസമായി ജയിലഴിക്കുള്ളില്‍. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ പ്രതിപക്ഷത്തെ തിരഞ്ഞുപിടിക്കുകയാണോ ഇ. ഡി യും സർക്കാരും.