മലപ്പുറത്ത് മുസ്‌ലിംകൾക്ക് മാത്രം പ്രവേശനമുള്ള ഗ്രാമമുണ്ടെന്നും അത് വ്യക്തമാക്കി കൂറ്റൻ ബോർഡ് വെച്ചിട്ടുണ്ടെന്നും വ്യാജ പ്രചാരണം. ഏഴ് ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള രൺവീർ അല്ലാബാദിയ അഥവാ ബീർബൈസപ്‌സിന്റെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിലാണ് എഴുത്തുകാരനായ സന്ദീപ് ബാലകൃഷ്ണ വ്യാജപ്രചാരണം നടത്തിയത്. ഫെയറി ഡിബേറ്റ്, ട്രൂത്ത് എബൗട്ട് ഹിന്ദു വേഴ്‌സസ് മുസ്‌ലിം എന്ന ദി റൺവീർ ഷോയുടെ 391ാം എപ്പിസോഡിലാണ് വ്യാജ ആരോപണം സന്ദീപ് ഉന്നയിച്ചത്.
‘നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്നറിയില്ലെങ്കിൽ എവിടേക്കാണ് പോകുന്നത് എന്നതിലും നിശ്ചയമുണ്ടാകില്ല. കേരളത്തിലെ മലപ്പുറത്ത് ഒരു കുഗ്രാമമുണ്ട്. അവിടേക്കുള്ള പ്രവേശന കവാടത്തിൽ ഒരു വലിയ സൈൻ ബോർഡുണ്ട്. ഇത് ഇസ്‌ലാമിക ഗ്രാമമാണ്, ഇസ്‌ലാമിക നിയമമാണ് ഇവിടെ പ്രാബല്യത്തിലുള്ളത് എന്നാണ് അതിൽ എഴുതിയിട്ടുള്ളത്. മുസ്ലിംകളല്ലാത്തവർ ഇവിടേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള സ്ഥലത്ത്, ഇന്ത്യൻ മണ്ണിലാണ് ഈ ബോർഡുള്ളത്. ചരിത്രം മനസ്സാലാക്കാതെ നിങ്ങൾ എങ്ങനെ ഇത് വിശദീകരിക്കും’ ഷോയിൽ സന്ദീപ് ബാലകൃഷ്ണ ആരോപിച്ചു.
മലപ്പുറത്തെ കുറിച്ചുള്ള വ്യാജപ്രചാരണ വീഡിയോ മാർച്ച് 12ന് പോസ്റ്റ് ചെയ്തതിരുന്നു. നിലവിൽ അഞ്ചര ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞിട്ടുണ്ട്. വീഡിയോ വിമർശിച്ച് നിരവധിപേർ വീഡിയോക്ക് താഴെ തന്നെ കമൻറിട്ടു.
മലപ്പുറത്ത് അത്തരമൊരു ഗ്രാമമുണ്ടെന്ന് തെളിയിച്ചാൽ ഒരു ലക്ഷം രൂപ നൽകാമെന്ന് ഒരാൾ വെല്ലുവിളിച്ചു. ഇൻസ്റ്റഗ്രാം, എക്‌സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും സന്ദീപ് ബാലകൃഷ്ണയുടെ വ്യാജ ആരോപണത്തിനെതിരെ നിരവധി പേർ രംഗത്തെത്തി.
വിപിൻ വേണു ആഡ്‌സെകെ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ബീർബൈസപ്‌സിനെ ടാഗ് ചെയ്ത് സന്ദീപിന്റെ വാദങ്ങൾ വ്യാജമാണെന്ന് ഉണർത്തി. ഇതോടെ വിഷയത്തിൽ റൺവീർ തന്നെ മറുപടി പറഞ്ഞു.
‘സന്ദീപ് സാർ പോഡ്കാസ്റ്റിൽ പറയുന്ന പല അഭിപ്രായത്തോടും എനിക്ക് യോജിപ്പില്ല. നിർഭാഗ്യവശാൽ പകുതി മാത്രം നൽകുന്നതാണ് സോഷ്യൽ മീഡിയയുടെ രീതി. എപ്പിസോഡ് മുഴുവനും ഞാനും സാറും തമ്മിലുള്ള സംവാദമാണ്. ഇതുപോലുള്ള കാഴ്ചപ്പാടുകളെ എതിർക്കാൻ കൂടുതൽ വാദപ്രതിവാദങ്ങൾ ഓൺലൈനിൽ നടത്തേണ്ടതുണ്ട്. ആരും ബുദ്ധിമുട്ടുള്ള സംഭാഷണങ്ങൾ നടത്തിയില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ധ്രുവീകരണം തുടരും.
നിർഭാഗ്യവശാൽ ഇതുപോലുള്ള ക്ലിപ്പുകൾ വിവാദ സംഭാഷണങ്ങൾ പോഡ്കാസ്റ്റിൽ നടത്തുന്നതിന്റെ ഫലമാണ്. എല്ലാ മതങ്ങളോടും സ്‌നേഹം, എല്ലാ മനുഷ്യരോടും സ്‌നേഹം’ ബീർബൈസപ്‌സ് ഈ വിപിന്റെ വീഡിയോക്ക് താഴെ കുറിച്ചു.
ദി ദേശ്ഭക്ത് എന്ന പേരിൽ എക്‌സിലുള്ള അക്കൗണ്ടിൽ മാധ്യമ പ്രവർത്തകനും യൂട്യൂബറുമായ ആകാശ് ബാനർജി സന്ദീപിന്റെ വ്യാജ ആരോപണത്തിനെതിരെ രംഗത്തെത്തി. ‘നിങ്ങളോടെ അതിഥിയോട് ആ ബോർഡിന്റെ ലൊക്കേഷൻ അയച്ചുതരാമോയെന്ന് ചോദിക്കൂ. ഞാൻ തന്നെ പോയി അത് തകർത്തിടാം’ ബീർബൈസപ്‌സിനെ ടാഗ് ചെയ്ത് ദേശ്ഭക്ത് ട്വീറ്റ് ചെയ്തു.
അല്ലെങ്കിൽ ഇത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ വസ്തുത പരിശോധിക്കാൻ നിങ്ങളുടെ വമ്പൻ ടീമിനെയും സമ്പാദ്യവും ഉപയോഗിക്കൂവെന്ന് യൂട്യൂബ് ഇൻഡ്യയോടും അദ്ദേഹം പറഞ്ഞു.