2018 മുതൽ കേന്ദ്രഭരണ പാർട്ടിയായ ബിജെപിക്ക് ഇലക്ട്രൽ ബോണ്ടു വഴി ലഭിച്ചത് 8, 252 കോടി രൂപ.വിവിധ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും വാങ്ങിക്കൂട്ടിയ ആകെ ബോണ്ടുകളുടെ 48 ശതമാനം കേന്ദ്ര ഭരണ പാർട്ടിക്കാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 4,000 കോടി രൂപയിലധികം സ്വീകരിച്ചിരിക്കുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ്. 2018 മാർച്ച് 1 നും 2019 ഏപ്രിൽ 12 നും ഇടയിൽ സ്വീകരിച്ചിരിക്കുന്ന ബോണ്ടുകളുടെ വിശദാംശങ്ങൾ (ആരൊക്കെ നൽകി എന്നത് ) ലഭ്യമായിട്ടില്ല. കേന്ദ്ര ഭരണ പാർട്ടിക്ക് ആകെ ലഭിച്ച തുകയുടെ 49 ശതമാനവും ലഭിച്ചിരിക്കുന്നത് ഇക്കാലയളവിലാണ്. അതായത് ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ പ്രധാന ഘടകം ( സാമ്പത്തികമായി കരുത്ത് പകർന്നത് ) തെരഞ്ഞെടുപ്പ് കടപത്രങ്ങളാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2019 ജനുവരിക്കും 2024 ജനുവരിക്കും ഇടയിൽ ബിജെപിക്ക് ലഭിച്ച 6,060 കോടി രൂപയുടെ ബോണ്ടുകളുടെ മൂന്നിലൊന്നായ 2462 കോടി രൂപ ആരൊക്കെ നൽകി എന്ന വിശദാംശങ്ങളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ഇത് പ്രകാരം മേഘ എഞ്ചിനിയേഴ്സ്, റിലയൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, കെവെൻ്റർ, ബിർള, ഭാരതി, വേദാന്ത ഗ്രൂപ്പ് എന്നിവരാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയിരിക്കുന്നത്. പുറത്ത് വന്ന കണക്കുകൾ പ്രകാരം ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ കമ്പനികൾ.
പുറത്തു വന്ന 2462 കോടി രൂപയുടെ കണക്കിൽ 664 കോടി രൂപ നൽകിയ ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്ത്. 375 കോടി നൽകിയ മുംബൈ ആസ്ഥാനമായുള്ള ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിററ്റഡാണ് ഇതിൽ തൊട്ടു പിന്നിൽ.
ബിജെപിക്ക് 352 കോടി രൂപ സംഭാവന ചെയ്ത കെവെൻ്റേഴ്‌സ് ഗ്രൂപ്പാണ് മൂന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ 285 കോടി രൂപ നൽകിയ ആദിത്യ ബിർള ഗ്രൂപ്പും 236.4 കോടി നൽകിയ ഭാരതി എയർടെൽ ഗ്രൂപ്പുമാണ്. 170 കോടി രൂപ ഡിഎൽഎഫും 100 കോടി രൂപ ലോട്ടറി രാജാവ് സാൻ്റിയോഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിംഗും ബിജെപിക്ക് നൽകി. ബാക്കിയുള്ള 280 കോടി രൂപ അംബാനിയുടെ ബിസിനസ് അസോസിയേറ്റ് ആയ സുരേന്ദ്ര ലൂനിയ, റിലയൻസ് എക്‌സിക്യൂട്ടീവുമാരായ ലക്ഷ്മിദാസ് മർച്ചൻ്റ്, കെ രാമചന്ദ്രൻ രാജ എന്നിവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, അരബിന്ദോ ഫാർമ, നവയുഗ എഞ്ചിനിയറിംഗ്, ഗ്രൂപ്പുമായി ബന്ധമുള്ള ഒരു കൂട്ടം സ്ഥാപനങ്ങളുടെ ബോർഡിൽ ഇരിക്കുന്ന സത്യനാരായണമൂർത്തി വീര വെങ്കട കോർലെപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് ലഭിച്ചത്. ഇവർ ആകെ വാങ്ങിയ ബോണ്ടുകളുടെ 94 ശതമാനവും ഭരണ പാർട്ടിക്കാണ് നൽകിയത്.
പുറത്ത് വന്ന കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തുക ബിജെപിക്ക് നൽകിയ കമ്പനികൾ
മേഘ ഗ്രൂപ്പ്
584 കോടി മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ് ഒന്നാം സ്ഥാനത്ത്. മേഘയുടെ അനുബന്ധ സ്ഥാപനമായ ഗാസിയാബാദ് ആസ്ഥാനമായുള്ള വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി 80 കോടി രൂപ കൂടി ഭരണകക്ഷിക്ക് നൽകിയിട്ടുണ്ട്. മേഘ ഗ്രൂപ്പിൻ്റെ അനുബന്ധ കമ്പനികൾ എല്ലാം ചേർന്ന് 1,186 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളാണ് ബിജെപിക്ക് സംഭാവന നൽകിയിരിക്കുന്നത്.
റിലയൻസ് ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനങ്ങൾ
മുകേഷ്-അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനങ്ങളും വ്യക്തികളും 545 കോടി രൂപ കേന്ദ്ര ഭരണ പാർട്ടിക്ക് നൽകി. 375 കോടി നൽകിയ മുംബൈ ആസ്ഥാനമായുള്ള ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിററ്റഡാണ് ഇതിൽ ഒന്നാം സ്ഥാനത്ത്.
കെവെൻ്റേഴ്സ് ഗ്രൂപ്പ്
കെവെൻ്റേഴ്‌സ് ഗ്രൂപ്പ് 351.92 കോടി രൂപയാണ് ബിജെപിക്ക് സംഭാവന നൽകിയത്.മൊത്തം 616.92 കോടി രൂപയുടെ ബോണ്ടുകളാണ് ഗ്രൂപ്പ് വാങ്ങിയത്. ഇതിൽ 57 ശതമാനവും ആണ് ബിജെപിക്കാണ് സംഭാവനയായി നൽകിയിരിക്കുന്നത്. കെവെൻ്റർ ഫുഡ്പാർക്ക് ഇൻഫ്രാ ലിമിറ്റഡ് (ഇപ്പോൾ മാഗ്നിഫിഷ്യൻ്റ് ഫുഡ്പാർക്ക് പ്രോജക്ട് ലിമിറ്റഡ് എന്നറിയപ്പെടുന്നു), എംകെജെ എൻ്റർപ്രൈസസ്, മദൻലാൽ ലിമിറ്റഡ്, സാസ്മൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നീ നാല് സ്ഥാപനങ്ങളിലൂടെയാണ് പണം നൽകിയിരിക്കുന്നത്.ഇതിൽ മദൻലാൽ ലിമിറ്റഡാണ് 175.5 കോടി രൂപയാണ് ബിജെപിക്ക് നൽകിയത്.
ആദിത്യ ബിർള ഗ്രൂപ്പ്
ആദിത്യ ബിർള ഗ്രൂപ്പ് 285 കോടി രൂപ ബിജെപിക്ക് നൽകിയിരിക്കുന്നത്. 555.8 .കോടിയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. ഇതിൽ 51ശതമാനവും കേന്ദ്ര ഭരണ പാർട്ടിക്കാണ് നൽകിയിരിക്കുന്നത്. ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ്, എബിഎൻഎൽ ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡ്, ബിർള കാർബൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഉത്കൽ അലുമിന ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, എസ്സൽ മൈനിംഗ് & ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ അഞ്ച് അനുബന്ധ സ്ഥാപനങ്ങളിലൂടെയാണ് സംഭാവന നൽകിയിരിക്കുന്നത്.
ഭാരതി എയർടെൽ ഗ്രൂപ്പ്
ഭാരതി എയർടെൽ ലിമിറ്റഡ്, ഭാരതി എയർടെൽ നിലവിലെ എസി ജിസിഒ, ഭാരതി ഇൻഫ്രാടെൽ, ഭാരതി ടെലിമീഡിയ എന്നീ നാല് സ്ഥാപനങ്ങൾ വഴി സുനിൽ ഭാരതി മിത്തലിൻ്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ ഗ്രൂപ്പ് ബിജെപിക്ക് 236.4 കോടി രൂപ സംഭാവന നൽകി. 183 കോടി രൂപ നൽകിയ ഭാരതി എയർടെൽ ലിമിറ്റഡാണ് ഒന്നാമത്.555.8 കോടിയുടെ ബോണ്ടുകളായണ് ഇവർ ആകെ വാങ്ങിയത്. 51 ശതമാനവും ബിജെപിക്കാണ് നൽകിയത്.
വേദാന്ത ഗ്രൂപ്പ്
ലോഹ, ഖനന കമ്പനിയായ വേദാന്ത ആകെ വാങ്ങിയ 400.65 ഇലക്ട്രൽ ബോണ്ടികളിൽ ബിജെപിക്ക് 230.15 രൂപ (57%) സംഭാവന നൽകി.