വർഷങ്ങൾക്ക് മുൻപ് ആർഎൽവി രാമകൃഷ്ണനൊപ്പമുള്ള സന്തോഷകരമായ അനുഭവം പങ്കുവെച്ചു നടി മിയ. മോഹിനിയാട്ട മത്സരത്തിൽ തന്നെ പിന്തുണച്ച സാറിനെക്കുറിച്ചുള്ള ഓർമ്മകളാണ് മിയ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു കലാകാരനാണ് അദ്ദേഹമെന്നും അങ്ങനെയുള്ള ഒരു മനുഷ്യൻ ഇത്തരത്തിലുള്ള അധിക്ഷേപം നേരിടാൻ പാടില്ലെന്നും ആർഎൽവി രാമകൃഷണനെ പിന്തുണച്ചു മിയ പറഞ്ഞൂ.
‘‘ആർഎൽവി രാമകൃഷ്ണൻ സാറിനെതിരെ വളരെ അധിക്ഷേപിക്കുന്ന രീതിയിൽ ഒരാൾ സംസാരിക്കുന്നൊരു വിഡിയോ കാണാനിടയായി. ഈ സമയത്ത് രാമകൃഷ്ണൻ സാറിനെക്കുറിച്ച് എനിക്കുണ്ടായ നല്ല അനുഭവം നിങ്ങളുമായി പങ്കുവയ്ക്കണമെന്നു തോന്നി.
കുറേ വർഷങ്ങൾക്കുമുമ്പ് ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ്. പാലായിൽ കോട്ടയം ജില്ലാ കലോത്സവം നടക്കുകയായിരുന്നു. അവിടെ വച്ച് മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവമാണ് ഞാൻ പറയുന്നത്.
മോഹിനിയാട്ട മത്സരത്തിന് ഒന്നാമതായി ഞാൻ സ്റ്റേജിൽ കയറി കളിച്ചു. എട്ട് എട്ടരയായപ്പോഴേക്കും പാട്ടു നിന്നുപോയി. പക്ഷേ പാട്ട് ഇല്ലാതെ ഞാനത് പൂർത്തിയാക്കി. സാങ്കേതിക തകരാറു മൂലമോ കർട്ടൺ താഴെ വീണുപോകുകയോ ചെയ്താണ് പ്രകടനം നിർത്തേണ്ടി വന്നതെങ്കിൽ ആ കുട്ടിക്കു വീണ്ടും അവസരം കൊടുക്കണമെന്നൊരു നിയമമുണ്ട്.
എന്റെ മമ്മി അതു വന്ന് അധികൃതരോടു സംസാരിച്ചു. അങ്ങനെ വീണ്ടും കളിക്കാനുള്ള അവസരം കിട്ടി.
ഇനിയും അഞ്ചാറ് പേർ മത്സരത്തിനുണ്ടായിരുന്നു. അങ്ങനെ ഗ്രീൻ റൂമിൽ പോയി വിശ്രമിക്കുന്നതിനിടെ രാമകൃഷ്ണൻ സാറിനെ കണ്ടു. രാമകൃഷ്ണൻ സർ എനിക്കൊപ്പം മത്സരിക്കുന്ന ഒരു കുട്ടിയെ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.
എന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ‘മോള് വിശ്രമിക്ക്, വെള്ളം വേണോ എന്നു ചോദിച്ചു. സമാധാനമായി ടെൻഷൻ ഒന്നും ഇല്ലാതെ പോയി മത്സരിക്കൂ’’ എന്നു പറഞ്ഞ് എനിക്കു വേണ്ട എല്ലാ പിന്തുണയും തന്ന് സ്റ്റേജിലേക്ക് കയറ്റിവിട്ട ആളാണ് അദ്ദേഹം. അങ്ങനെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
അപ്പോൾ പേരൊന്നും അറിയില്ലായിരുന്നു. കലാഭവൻ മണിയുടെ സഹോദരനാണെന്ന് ആരൊക്കെയോ പറയുന്നതുകേട്ടു. അങ്ങനെ വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. പിന്നീട് മത്സരത്തിന്റെ ഫലം വന്നപ്പോൾ എനിക്കു ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു.
ആ സമയത്ത് സാറിന്റെ കുട്ടിക്കെതിരെ മത്സരിക്കാനുള്ള ആളായിട്ടു പോലും എന്നെ സഹായിക്കാൻ ഒരു മടിയും കാണിക്കാത്ത ആളാണ് രാമകൃഷ്ണൻ സർ. ആ കുട്ടിക്കു കഴിക്കാൻ വച്ചിരുന്ന ഓറഞ്ചുപോലും എനിക്കു കഴിക്കാൻ തന്നു.
ഇതൊക്കെ മമ്മിയുടെ അടുത്തും അധ്യാപകരുടെ അടുത്തും ഞാൻ പറഞ്ഞു. നെഗറ്റിവ് ഒട്ടുമില്ലാത്ത വളരെ പോസിറ്റിവായും സ്നേഹത്തോടെയും ഇടപെടുന്ന നല്ല അധ്യാപകനാണ് അദ്ദേഹം. ആ സമയത്ത് ഞാൻ നടിയായിട്ടൊന്നുമില്ല.
ഈ സംഭവം എന്നെയും കുറേ കാര്യങ്ങൾ പഠിപ്പിച്ചു. ഒരു കലാപ്രകടനത്തിന് ഒരാൾ നിൽക്കുമ്പോൾ അയാളെ പിന്തുണയ്ക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ടത്. അത് എതിരെ മത്സരിക്കുന്ന ഒരാളാണെങ്കിൽപോലും സ്നേഹത്തോടെ ഇടപെടുക എന്ന പാഠമാണ് ഞാൻ അവിടെ പഠിച്ചത്.
അങ്ങനെയുള്ള ഒരു മനുഷ്യൻ ഇതുപോലെയുള്ള അധിക്ഷേപം നേരിടാൻ പാടില്ല. എല്ലാ പിന്തുണയുമായി ഞാനും കൂടെയുണ്ട്.’’–മിയയുടെ വാക്കുകൾ