ബോളിവുഡ് ആരാധകരുടെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് അനുരാഗ് കശ്യപ്. ഹിന്ദി നവയുഗ സിനിമകളിലെ ക്ലാസിക് എന്ന വിശേഷണമുള്ള ഗ്യാങ്സ് ഓഫ് വസ്സേപുർ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനും നിരവധി ചിത്രങ്ങളിലെ അഭിനേതാവുമാണ് താരം.
സംവിധായകനെന്ന നിലയിൽ നിരവധി പുതുമുഖങ്ങൾക്കും കശ്യപ് അവസരം നൽകിയിട്ടുണ്ട്. എന്നാൽ തന്റെ ചിത്രത്തിൽ ഇനി പുതുമുഖങ്ങളെ അഭിനയിപ്പിക്കില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് അനുരാഗ് കശ്യപ്.
ശനിയാഴ്ചയാണ് ഫോളോവർമാരുൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്രേക്ഷകരെ മൊത്തം ഞെട്ടിച്ച് അനുരാഗ് കശ്യപിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വന്നത്. പുതുമുഖങ്ങളെ സഹായിക്കാൻ ശ്രമിച്ച് സമയം നഷ്ടപ്പെട്ടുവെന്നും അതിൽ ഭൂരിഭാഗവും പരാജയത്തിൽ അവസാനിച്ചുവെന്നും അനുരാഗ് കുറിച്ചു.
“ഇനിമുതൽ ക്രിയേറ്റീവ് ജീനിയസുകൾ എന്ന് ചിന്തിക്കുന്ന ഇത്തരക്കാരുമായി കൂടിക്കാഴ്ചനടത്തി സമയം പാഴാക്കാനില്ല. ഞാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് നിരക്ക് നിശ്ചയിക്കുകയാണ്. എന്നെ ആർക്കെങ്കിലും കാണണമെങ്കിൽ പത്തുമുതൽ പതിനഞ്ച് മിനിറ്റ് നേരത്തേക്ക് ഒരു ലക്ഷം രൂപയായിരിക്കും ഈടാക്കുക.
അര മണിക്കൂറിന് രണ്ട് ലക്ഷവും ഒരു മണിക്കൂറിന് അഞ്ച് ലക്ഷവുമായിരിക്കും ചാർജ്.” സംവിധായകൻ പറഞ്ഞു.
ആളുകളുമായി കൂടിക്കാഴ്ച നടത്തി സമയം കളഞ്ഞ് ക്ഷീണിച്ചു. മേല്പറഞ്ഞ പണം കയ്യിലുള്ളവർക്ക് തന്നെ വിളിക്കാം. അല്ലാത്തവർക്ക് വിട്ടുനിൽക്കാം. ഈ പണം അഡ്വാൻസായി തരികയും വേണമെന്നും അനുരാഗ് കശ്യപ് ആവശ്യപ്പെട്ടു.
പണം തന്നാൽ തന്നെ കാണാനുള്ള സമയം ലഭിക്കുമെന്നും കുറുക്കുവഴികൾ തേടുന്ന ആളുകളെക്കൊണ്ട് താൻ പൊറുതിമുട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തന്റെ ആദ്യമലയാളചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് അനുരാഗ് കശ്യപ്. ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് കശ്യപിന്റെ മലയാള അരങ്ങേറ്റം.
ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, വിജയരാഘവൻ, വിൻസി അലോഷ്യസ്, റംസാൻ മുഹമ്മദ്, സുരഭി ലക്ഷ്മി, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ.