രണ്ടാമതൊരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്ന തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ റാണി മുഖര്‍ജി മനസ് തുറന്നിരുന്നു.
അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ അബോര്‍ഷന്‍ സംഭവിച്ചെന്നും ആ വേദന തനിക്ക് താങ്ങാനായില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. 2020-ലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്.
ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാണി മുഖര്‍ജി വീണ്ടും അതിനെ കുറിച്ച് സംസാരിക്കുകയാണ്. മകള്‍ക്ക് ഒരു കൂടപ്പിറപ്പിനെ നല്‍കാന്‍ തനിക്കാവില്ലെന്ന യാഥാര്‍ഥ്യം ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് റാണി അഭിമുഖത്തില്‍ തുറന്നു പറയുന്നു.
ഇപ്പോള്‍ 46 വയസായെന്നും ഒരു കുഞ്ഞിനെ പ്രവസിക്കാന്‍ പറ്റിയ പ്രായമല്ല ഇതെന്നും താരം വ്യക്തമാക്കുന്നു.
‘മകള്‍ അദിര ജനിച്ച് ഒരു വര്‍ഷത്തിന്‌ശേഷം തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമം നടത്തിയിരുന്നു. അവള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍തന്നെ അതിനായി ശ്രമം തുടങ്ങി. ഏഴു വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ ഗര്‍ഭിണിയായെങ്കിലും അഞ്ചാം മാസത്തില്‍ അലസിപ്പോയി.
അത് എന്നെ സംബന്ധിച്ച് ഒരു പരീക്ഷണ സമയമായിരുന്നു. ഞാന്‍ ഇപ്പോള്‍ ചെറുപ്പമല്ല. 46 വയസായി. ഒരു കുഞ്ഞിനെ പ്രവസിക്കാന്‍ പറ്റിയ സമയമല്ല ഇത്. എന്റെ മകള്‍ക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നല്‍കാന്‍ കഴിയാത്തത് വലിയ സങ്കടമാണ്. അതെന്നെ ശരിക്കും വേദനിപ്പിക്കുന്നു.’-റാണി മുഖര്‍ജി വെളിപ്പെടുത്തി.
‘അദിരയെ കിട്ടിയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. അദിര എന്റെ അദ്ഭുതക്കുഞ്ഞാണ്. എനിക്കായി അവളുണ്ട് എന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. അവള്‍ മാത്രം മതി എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്.’-റാണി മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാവായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. ഇരുവരും 2014-ലാണ് വിവാഹിതരായത്. ഒരു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും അദിര എന്ന മകള്‍ പിറന്നു. രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട് പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മിസിസ് ചാറ്റര്‍ജി vs നോര്‍വേ-യുടെ നിര്‍മാതാക്കളില്‍ ഒരാളായ നിഖില്‍ അദ്വാനി, റാണി മുഖര്‍ജിയെ സമീപിക്കുന്നത്.
തന്റെ അവസ്ഥ തന്നെയായിരുന്നു ആ കഥയില്‍ പറഞ്ഞിരുന്നതെന്നും കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ ദു:ഖം തനിക്ക് പെട്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞുവെന്നും റാണി നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.