2024 ഐപിൽ ഉത്ഘാടന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ അനായാസ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ 6 വിക്കറ്റിന് ചെന്നൈ പരാജയപ്പെടുത്തി. ബാംഗ്ലൂരുവിന്റെ 174 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. 4 ഓവറിൽ 29 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ചെന്നൈ പേസർ മുസ്തഫിസുർ റഹ്മാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ചെന്നൈ ഹോം ഗ്രൗണ്ട് ആയ എം എ ചിദംബരം സ്റ്റേഡിയത്തിൽ അവസാനമായി ബാംഗ്ലൂർ ജയിച്ചത് 2008 ലാണ്.
ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ചെന്നൈ ബൗളർമാരെ ഡുപ്ലെസിസ് നന്നായി പ്രഹരിച്ചെങ്കിലും മുസ്താഫിസൂറിൻറെ ആദ്യ ഓവർ തന്നെ കളിയുടെ ഗതി മാറ്റി. ആദ്യ രണ്ടു ഓവറുകളിൽ നിന്ന് തന്നെ 4 വിക്കറ്റ് സ്വന്തമാക്കി. ഡുപ്ലെസിസ്, കാമറൂൺ ഗ്രീൻ, കോഹ്ലി, രജത് പട്ടീദാർ എന്നിവരുടെ വിലയേറിയ വിക്കറ്റുകളാണ് മുസ്താഫിസുർ സ്വന്തമാക്കിയത്.
73 ന് 5 എന്ന നിലയിലായിരുന്ന ബാംഗ്ലൂരിനെ ആറാം വിക്കറ്റിൽ 50 പന്തിൽ 95 റൺസ് കൂട്ടിച്ചേർത്ത ദിനേശ് കാർത്തിക് (26 പന്തിൽ 38 നോട്ടൗട്ട്)– അനുജ് റാവത്ത് ( 25 പന്തിൽ 48) സഖ്യമാണ് സ്കോർ 173ൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ക്യാപ്റ്റൻ ഋതുരാജ് ഗൈക്വദിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും. രചിൻ രവീന്ദ്ര (15 പന്തിൽ 37), അജിങ്ക്യ രഹാനെ (19 പന്തിൽ 27), ഡാരിൽ മിച്ചൽ (18 പന്തിൽ 22) എന്നിവരും അവസാന ഓവറുകളിൽ പക്വതയോടെ ബാറ്റ് ചെയ്ത രവീന്ദ്ര ജഡേജ (17 പന്തിൽ 25 നോട്ടൗട്ട്)– ശിവം ദുബെ (28 പന്തിൽ 34 നോട്ടൗട്ട്) സഖ്യം ചെന്നൈയെ വിജയത്തിലെത്തിച്ചു.