തെലുങ്കിലെ സൂപ്പർ താരങ്ങളിലൊരാളും ജനസേന പാർട്ടി പ്രസിഡന്റുമാണ് പവൻ കല്യാൺ. കഴിഞ്ഞദിവസമാണ് പവൻ കല്യാൺ നായകനാവുന്ന ഉസ്താദ് ഭഗത് സിംഗ് എന്ന ചിത്രത്തിന്റെ ടീസർ എത്തിയത്.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉസ്താദ് ഭഗത് സിംഗ് ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. അതിന് കാരണമായതാകട്ടെ ടീസറിലെ ഒരു മാസ് രംഗവും.
നാലുദിവസം മുമ്പാണ് ഉസ്താദ് ഭഗത് സിംഗിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഏഴു മില്ല്യൺ കാഴ്ചക്കാരെയും നേടി മുന്നോട്ടുകുതിക്കവേയാണ് ടീസറിലെ ഒരു രംഗം തിരഞ്ഞെടുപ്പുകമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടത്.
ടീസറിലെ പോലീസ് സ്റ്റേഷൻ രംഗത്തിൽ ജനസേനാ പാർട്ടിയുടെ ചിഹ്നമായ ഗ്ലാസ് ഉൾപ്പെടുന്നുണ്ട്. ഒരു വില്ലൻ കഥാപാത്രം ഈ ഗ്ലാസ് താഴെയിട്ട് തകർക്കുന്നു. ഇതിലൊരു കഷണമെടുത്ത്, ഈ ഗ്ലാസ് പ്രതിനിധീകരിക്കുന്നത് നമ്മുടെ വലിപ്പമല്ല, നമ്മുടെ സൈന്യത്തേയാണ്, അദൃശ്യമായ സൈന്യത്തെ എന്ന് നായകനായ പവൻ കല്യാൺ പറയുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയൊരു രംഗമുള്ള ടീസർ പുറത്തിറങ്ങിയത് ജനങ്ങളെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടിയിലുള്ളവർ ആരോപിക്കുന്നത്. പൊട്ടിയതാണെങ്കിലും ഗ്ലാസ് ഉയർത്തിപ്പിടിച്ചുള്ള നായകന്റെ പ്രകടനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വകുപ്പിൽപ്പെടുമെന്നും അവർ പറയുന്നു.
ഈ വിഷയത്തിൽ ആന്ധ്രാ പ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ മുകേഷ് കുമാർ മീണയുടെ പ്രതികരണം വന്നിട്ടുണ്ട്. ഈ വിവാദത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
“പരസ്യത്തിനായി ചായ ഗ്ലാസ് ഉയർത്തിപ്പിടിക്കുന്നത് രാഷ്ട്രീയ പരസ്യമായി കണക്കാക്കും. നിങ്ങൾക്ക് ഇതുപോലുള്ള രാഷ്ട്രീയ പരസ്യങ്ങൾ ചെയ്യാം. അതിന് യാതൊരു നിയന്ത്രണവുമില്ല. എന്നിരുന്നാലും, അത്തരം പരസ്യങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമാണ്. ഇതൊരു രാഷ്ട്രീയ പരസ്യമാണെങ്കിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് നോട്ടീസ് നൽകും.
അവർക്ക് പ്രീ സർട്ടിഫിക്കേഷന് അപേക്ഷിക്കേണ്ടിവരും.” മുകേഷ് കുമാർ മീണ പറഞ്ഞു. ടീസർ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഹരീഷ് ശങ്കർ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ഉസ്താദ് ഭഗത് സിംഗ്. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ തെരിയുടെ റീമേക്ക് ആണിത്. ശ്രീലീലയാണ് നായിക. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിന്റെ നിർമാണം.