ജയ് ഹിന്ദിൻ്റെ യഥാർഥ ശില്പി ആബിദ് ഹസനല്ല, ഒരു മലയാളി; തിരുവനന്തപുരംകാരൻ നിർമ്മിച്ച കാഹള മുദ്രാവാക്യത്തിൻ്റെ ചരിത്രം

ചിലർ പറയുന്നു നേതാജിയുടെ സന്തത സഹചാരിയായിരുന്ന അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി ആബിദ് ഹസനാണ് മുദ്രാക്യത്തിൻ്റെ ശില്പി എന്ന്. എന്നാൽ അതും പൂർണ്ണമായും ശരിയല്ല.

കേരള പി.എസ്.സി പതിറ്റാണ്ടുകൾ തുടർച്ചയായി ഇന്നും ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു തെറ്റുണ്ട്.. ‘ജയ് ഹിന്ദ് ‘ എന്ന മുദ്രാവാക്യത്തിതിൻ്റെ ഉപജ്ഞാതാവ് ആര് എന്നതിൻ്റെ ഉത്തരമാണ് പി.എസ്.സി ഇതുവരെ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചിട്ടുളള തെറ്റ്. നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്നതാണ് പി.എസ്.സി യുടെ ഉത്തരം. എന്നാൽ അത് ശരിയല്ല. ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തിന് ഏറ്റവും കൂടുതൽ പ്രചാരം നൽകിയ വ്യക്തിയാണ് നേതാജി.

ആബിദ് ഹസൻ

മറ്റ് ചിലർ പറയുന്നു നേതാജിയുടെ സന്തത സഹചാരിയായിരുന്ന അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി ആബിദ് ഹസനാണ് മുദ്രാക്യത്തിൻ്റെ ശില്പി എന്ന്. എന്നാൽ അതും പൂർണ്ണമായും ശരിയല്ല. ജർമ്മനിയിൽ ഇന്ത്യൻ ലീജിയനും സ്വതന്ത്ര ഭാരത വകുപ്പും രൂപീകരിച്ച ശേഷം തൻ്റെ സേനാ ഘടകത്തിന് ഒരുകാഹള മുദ്രാവാക്യം വേണം എന്ന ചിന്തയിൽ നിന്നും ആബിദ് ഹസൻ ചൂണ്ടിക്കാട്ടിയതാണ് ‘ജയ് ഹിന്ദ് ‘. അതായത് ജർമ്മനിയിൽ നിന്നും സിംഗപ്പൂരിൽ എത്തി ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ) യുടെ നേതൃത്വം ഏറ്റെടുത്ത് അതിൻ്റെയും കാഹളമുദ്രാവാക്യമായി മാറി. പീന്നീട് അത് ഇന്ത്യക്കാരുടെ സ്വാത്രന്ത്ര്യ ദാഹത്തിൻ്റെയുംം ആത്മാഭിമാനത്തിൻ്റെയും ശബ്ദമായി അത് മാറി.

1948 ജനുവരി 30, രാത്രി 8.30. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ശബ്ദം കണ്ണീരോടെ രാജ്യം ശ്രവിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിൽ ‘നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ട് പോയി’! എന്ന നെഹ്രുവിൻ്റെ അനുശോചന സന്ദേശത്തിൻ്റെ ഒടുവിൽ അദ്ദേഹത്തിൻ്റെ നാവിൽ നിന്നും ഉയർന്ന് കേട്ടതും “ഇന്ത്യ നീണാൾ വാഴട്ടെ / ഇന്ത്യ ജയിക്കട്ടേ (Long Live India) എന്ന ജയ് ഹിന്ദ് എന്ന മുദ്രാവാക്യമായിരുന്നു. 1947 ന് ശേഷം ഒരോ ഇന്ത്യക്കാരനെങ്കിലും ജീവിതത്തിൽ ഒരു തവണയെങ്കിലും ഉപയോഗിച്ചുള്ള ഈ മുദ്രാവാക്യത്തിൻ്റെ ശില്പി എന്ന് ആരാണ് എന്ന് ഇന്ന് ഭൂരിഭാഗം ഇന്ത്യാക്കാർക്ക് അറിയില്ല.

ആബിദ് ഹസൻ, സുഭാഷ് ചന്ദ്ര ബോസ് (അന്തർവാഹിനിയാത്രക്കിടയിൽ)

ഡോ. സി ചെമ്പകരാമൻപിള്ള എന്ന മലയാളി, വിശേഷിച്ച് തിരുവനന്തപുരം കാരനാണ് ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിൻ്റെ ശില്പി.1914 ജൂലൈ 31-നു ബെര്‍ലിനില്‍ നിന്നും ചെമ്പകരാമൻപിള്ള നടത്തിയ യുദ്ധാഹ്വാനം അക്കാലത്ത് ബോംബെ ക്രോണിക്കലിൽ അടിച്ചു വന്നു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരിൽ നിന്ന് നമ്മുടെ മാതൃരാജ്യത്തിനെ മോചിപ്പിക്കണമെന്ന് ജാതി-മത-വർണ്ണ-വർഗ ചിന്തകൾക്ക് അതീതമായി ഒന്നിച്ച് പ്രതിഷേധിക്കണമെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ചെമ്പകരാമൻപിള്ള ഈ പ്രസംഗം നടത്തുന്ന സമയത്ത് 1911 ഏപ്രിൽ 11 ജനിച്ച ആബിദ് ഹസന് വെറും മൂന്ന് വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. അപ്പോൾ ചെമ്പകരാമൻപിള്ളയേക്കാൾ മുമ്പ് ആബിദ് ഹസൻ മുദ്രാവാക്യം ഉണ്ടാക്കിയെന്ന് പറഞ്ഞാലും അത് ശരിയാവില്ലല്ലോ.

ഡോ.സി. ചെമ്പകരാമൻ പിള്ള

1914 ജൂലൈ 31-നു ബെര്‍ലിനില്‍ നിന്നും ചെമ്പകരാമൻപിള്ള നടത്തിയ പ്രസംഗത്തിൻ്റെ പരിഭാഷ

ഹിന്ദുസ്ഥാനി സേനാനികളെ,
അടിമത്ത ചങ്ങല പൊട്ടിച്ചെറിയാന്‍ നിങ്ങളുടെ നാട്ടുകാര്‍ നിങ്ങളെ വിളിക്കുന്നു . ഏറ്റവും ഭാഗ്യോദയമായ നിമിഷം. ഇന്തയിലെ സോദരര്‍ തയ്യാറായിക്കഴിഞ്ഞു .ബ്രിട്ടീഷ് നുകത്തിനെതിരായി പകരം ചോദിക്കാന്‍ അവര്‍ ഒളിപ്പോരു നടത്തുകയാണ് .ലാഹോറിലും അമൃതസരസ്സിലും ഫിറോസ്പൂരിലും മദിരാശിയിലും സിംഗപ്പൂരിലും മറ്റു സ്ഥലങ്ങളിലുമുള്ള ഉള്ള നിങ്ങളുടെ സോദരര്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ആയുധമെന്തിക്കഴിഞ്ഞു .യുദ്ധത്തില്‍ പങ്കു ചേരാന്‍ അവര്‍ നിങ്ങളെ ക്ഷണിക്കുന്നു. ഹിന്ദുസ്ഥാനിലെ പരിശുദ്ധമായ മണ്ണില്‍ നിന്ന് വെള്ളക്കാരെ തുരത്തി ഓടിക്കാന്‍ അവര്‍ ദൃഡപ്രതിജ്ഞ എടുത്തു കഴിഞ്ഞു .

വെള്ളക്കാരുടെ സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി രക്തം ചൊരിയുന്ന സഹോദരരെ,
നിങ്ങളുടെ പ്രിയ മാതൃഭൂമിയുടെ മര്‍ദ്ദകരായ അവര്‍ക്കെതിരാകട്ടെ നിങ്ങളുടെ പോരാട്ടം .അല്ലെങ്കില്‍ കഷ്ടപ്പാടുകളില്‍ നിന്നും പട്ടിണിയില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും നിങ്ങളുടെ മാതൃരാജ്യത്തെ രക്ഷിക്കാതിരിക്കുന്നതിനു ദൈവദോഷം നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും പതിക്കും ,നിങ്ങളുടെ കടമ നിര്‍വ്വഹിക്കാന്‍ മടികാട്ടരുത് .നിങ്ങളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും നിങ്ങളുടെ സഹായം കിട്ടട്ടെ .

മുഹമ്മദീയ സേനാനികളെ ,
ദല്‍ഹിബാദുഷമാരുടെ സുവര്‍ണ്ണ കാലത്തെ സ്മരിക്കുക .എന്നിട്ട് വെറുക്കപ്പെട്ട കൊള്ളക്കാരുടെ അടിമകളാണ് നിങ്ങള്‍ ഇന്ന് എന്ന് മനസ്സിലാക്കുക .നിങ്ങളുടെ നാടിന്റെ മര്‍ദ്ദകരോടു കാലിഫ് .പരിശുദ്ധ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു .ഇന്ത്യയെ നാശത്തില്‍ നിന്നും അപമാനത്തില്‍ നിന്നും രക്ഷിക്കുന്നതിനു ഹിന്ദുക്കലോടു തോളോടു തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു .
ഹിന്ദുക്കളും സിക്കുകാരുമായ സൈനീകരെ ,
പഞ്ചാബു സിംഹം റാണാ രണ്ജിത് സിംഹിന്റെ കാലം നിങ്ങള്‍ ഓര്മ്മിക്കുക .വെറുക്കപ്പെട്ട വെള്ളക്കാര്‍ക്കു വേണ്ടി നടത്തുന്ന സേവനത്തില്‍ ലജ്ഞ്ജിതരാകുവിന്‍ .ഇന്ത്യയ്ക്ക് വെളിയിലുള്ള നിങ്ങളുടെ സോദരരെ വെള്ളക്കാര്‍ തുറുങ്കില്‍ അടയ്ക്കുന്നു .തൂക്കിക്കൊല്ലുന്നു .വെടിവച്ചു കൊല്ലൂന്നു
അപമാനിക്കുന്നു.വിദേശ ഏകാധിപത്യം എത്ര ഭയാനകം .ഉണരുക. ഈസ്ഥിതി തുടരാന്‍ അനുവദിക്കില്ല എന്ന് ലോകത്തിനു കാട്ടിക്കൊടുക്കുക.
ഹിന്ദുസ്ഥാനി സേനാനികളെ,
ബ്രിട്ടീഷുകാര്‍ പണം തട്ടിയെടുക്കുന്നവരാനെന്നും പണം ചോര്ത്താനവര്‍ ഇന്ത്യയില്‍ കഴിയുന്നതെന്നും നിങ്ങള്‍ അറിയുക .ഇന്ത്യന്‍ ജനതയ്ക്ക് ഏല്‍ക്കുന്ന പറഞ്ഞറിയിക്കാനാവാത്ത കഷ്ടതകളും ദുരിതങ്ങളും നിങ്ങള്‍ സ്മരിക്കുക .ഭീരുക്കളായ ബ്രിട്ടീഷുകാര്‍ പങ്കെടുക്കയില്ല എന്നും അവര്‍ക്കുവേണ്ടി ഇന്ത്യാക്കാരെ ബലം പ്രോയോഗിച്ച്പട്ടാളത്തില്‍ ചെര്‍ക്കയാനെന്നു മനസ്സിലാക്കുക .ഉയര്‍ന്ന ശമ്പളവും എല്ലാ വിധ സൌകര്യങ്ങളും ബ്രിട്ടീഷ് പടയാളികള്‍ക്ക് നല്‍കപ്പെടുമ്പോള്‍ നിങ്ങള്ക്ക് കിട്ടുന്നത് നകാപ്പിച്ച മാത്രമാണ് .യുദ്ധമുഖത്ത് മുന്നേറാന്‍ പ്രേരപ്പിച്ച് ഭീരുക്കളും നീതിമാരല്ലാത്ത വെള്ള ക്കാര്‍ പിന്നിലേക്ക്‌ വലിയുകയാനെന്നു നിങ്ങള്‍ മനസ്സിലാക്കണം .
നിങ്ങളുടെ മാതാപിതാക്കലുടെയും സഹോദരിസഹോദരന്മാരുടേയും കളത്ര സന്താനങ്ങലുടെയും തേങ്ങല്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ക്കവരെക്കുറിച്ച് അനുകമ്പയില്ലേ ?
പ്രതികാരംവീട്ടാന്‍ പറ്റിയസമയമാണിത്.1857-ലെ യുദ്ധവീരനായകനായിരുന്ന മംഗല്‍ പാണ്ഡേലയ ഓർമ്മിക്കുക .എന്നിട്ട് സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്യുക .ഇതാണ് നിങ്ങളുടെ മതം.മരണം ഏവർക്കുമുള്ളതാന്.എന്നാല്‍ അഭിമാനത്തോടെ മരിക്കുക .
ഉൽകൃഷ്ടമായ ഒരു കാര്യത്തിനായി മരിക്കുക .നിങ്ങളുടെ നാടിനായി മരിക്കുക.മാതൃഭൂമിയുടെ ശത്രുക്കളായ വെള്ളക്കാരില്‍നിന്നു നിങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളമോ പെൻഷനോ നിങ്ങള്‍ ആഗ്രഹിക്കരുത്. സ്വതന്ത്ര ഭാരതം നിങ്ങളെ സംരക്ഷിക്കും .സംശയം വേണ്ട.മാറി കാട്ടരുത്. സിംഗപ്പൂരില്‍നിങ്ങളുടെ സോദരര്‍ കാട്ടുന്നത് മാതൃക ആക്കുക .നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക .
നിങ്ങളുടെ നാട്ടുകാര്‍ നിങ്ങള്ക്ക് നല്‍കുന്ന സന്ദേശമാണിത് .
ജയ് ഹിന്ദ്‌….
(ബോംബെ ക്രോണിക്കലില്‍ പ്രസംഗം അച്ചടിച്ചു വന്നു )
മൊഴിമാറ്റം കെ.കൊച്ചുകൃഷ്ണന്‍ നാടാര്‍ (1962).

ചെന്നൈയിലുള്ള ചെമ്പകരാമൻ പിള്ളയുടെ പ്രതിമ

ആരാണ് ഈ ചെമ്പകൻ രാമൻ പിള്ള എന്ന സംശയം വീണ്ടും ഉയർന്നേക്കാം .നേതാജി സുഭാഷ് ചന്ദ്ര ബോസിന് ദേശ ബന്ധു ചിത്തരഞ്ജൻ ദാസിനെക്കുടാതെ മറ്റൊരു രാഷ്ട്രീയ ഗുരു കൂടിയുണ്ട് ഡോ.സി ചെമ്പകരാമൻപിള്ള എന്ന ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള .
നേതാജിയ്ക്ക് ക്യാപ്റ്റൻ മോഹൻ സിംഗും ഫ്യുജിവാറ എന്ന ജപ്പാൻ പട്ടാളക്കാരനും ചേർന്ന് രൂപീകരിച്ച ഐ.എന്‍.എയെ ഉടച്ച് വാർക്കാൽ മാതൃക ചെമ്പകരാമന്‍ പിള്ളയുടെ ഐ.എന്‍.വി /(Indian National Voluntary Corps 1915 ആയിരുന്നു )

ആബിദ് ഹസ്സനും ജയ് ഹിന്ദും

1941 ജനുവരി 19 ന് തൻ്റെ അനന്തരവൻ ശിശിർകുമാർ ബോസിനൊപ്പം ബ്രിട്ടീഷുകാരുടെ വീട്ടുതടങ്കലിൻ നിന്ന് രക്ഷപ്പെട്ട നേതാജി ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം ജർമ്മനിയിലെത്തി. നേതാജിയുടെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ജർമ്മൻ സർക്കാർ ഒരു ഓഫീസും സൗകര്യങ്ങളും അനുവദിച്ചു. 4500 സൈനികർ അടങ്ങുന്ന ഇന്ത്യൻ ലീജിയൻ തന്ന സേനാ ഘടകം രൂപീകരിക്കുന്നതിന് മിസ്റ്റർ ആദം വോൺ ത്രോട്ടും അലക്സാണ്ടർ വെർത്തും നേതാജിയെ സഹായിച്ചു. 1941 ജൂലൈയിൽ ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരു പ്രത്യേക ഇന്ത്യൻ വിദേശകാര്യ വകുപ്പ് രൂപീകരിച്ചു. ഇതിൻ്റെ പ്രധാന ചുമതലകൾ എസിഎൻ നമ്പ്യാർക്ക് കൈമാറുകയും ചെയ്തു. എൻ ജി ഗണപതി, ആബിദ് ഹസ്സൻ, എം ആർ വ്യാസ്, ഗിരിജ മുഖർജി തുടങ്ങി നിരവധി അനുയായികളെ നേതാജിക്ക് ജർമനനിയിൽ നിന്നുംലഭിച്ചു.ആബിദ് ഹസനായിരുന്നു അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി. ഫ്രീ ഇന്ത്യാ സെൻ്ററിന് എംബസിയുടെ എല്ലാ സൗകര്യങ്ങളും ലഭിച്ചിരുന്നു. സ്വാതന്ത്യ സമരത്തിന് ശക്തി പകരുന്നതിന് ഇന്ത്യക്കാരെ ഒന്നിപ്പിക്കാൻ ആസാദ് ഹിന്ദ് പത്രം ആരംഭിച്ചു. ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങളും പ്രസംഗങ്ങളും സംപ്രേക്ഷണം ചെയ്യുന്നതിനായി ആസാദ് ഹിന്ദ് റേഡിയോ അവിടെ സ്ഥാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള ലേഖനങ്ങൾ മറ്റ് യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക തുടങ്ങിയവയായിരുന്നു ഫ്രീ ഇന്ത്യ സെൻ്ററിൻ്റെ മറ്റ് പ്രവർത്തനങ്ങൾ. നേതാജി സ്വതന്ത്ര ഇന്ത്യയുടെ വികസനത്തിനായി ഒരു ആസൂത്രണ കമ്മീഷനെ രൂപീകരിച്ചു .കുതിച്ചുചാടുന്ന കടുവയുള്ള ത്രിവർണ്ണ പതാകയും ടാഗോറിൻ്റെ ജനഗണമനയും ദേശീയ പതാകയും ഗാനമായും ഇന്ത്യൻ ലീജീയൻ്റെ ഔദ്യോഗികമായി അംഗീകരിച്ചു. സേനാ ഘടകത്തിന് ഒരു കാഹള മുദ്രാവാക്യം വേണമെന്ന നേതാജിയുടെ ആശയം ഇക്കാലത്താണ് നേതാജി മുന്നോട്ട് വയ്ക്കുന്നത്. ചെമ്പകരാമൻപിള്ളയേയും ഒന്നാം ലോകയുദ്ധത്തിലെ ഐഎൻവിയേയും ഓർമ്മപ്പെടുത്തിയ ആബിദ് ഹസൻ ചെമ്പകരാമൻപിള്ളയുടെ ‘ജയ് ഹിന്ദ്‌’ എന്ന മുദ്രാവാക്യം നേതാജിയുടെ ശ്രദ്ധയിൽപ്പെടുത്തി. അങ്ങനെ ഐ.എൻ.വിക്ക് ശേഷം ഇന്ത്യൻ ലീജിയൻ്റെ അഭിവാദ്യ വാക്യമായി ‘ജയ്ഹിന്ദ്’ മാറി.

ഈ സമയം കിഴക്കൻ ഏഷ്യയിൽ ജപ്പാൻ്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് വിരുദ്ധ യുദ്ധം ശക്തമായി. റാഷ് ബിഹാരി ബോസ് ജർമ്മനിയിൽ ഉണ്ടായിരുന്ന നേതാജിയെ സിംഗപ്പൂരിലേക്ക് ക്ഷണിക്കുകയും ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ)യുടെ നേതൃത്വം സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്ഷണം സ്വീകരിച്ച നേതാജി ഒരു ജർമ്മൻ അന്തർവാഹിനിയിൽ ആബിദ് ഹസനൊപ്പം ഗുഡ് ഹോപ് മുനമ്പിലൂടെ സുമാത്രയിലെത്തുകയും ചെയ്തു. തുടർന്ന് ജപ്പാൻ സഹായത്തോടെ സിംഗപ്പൂരിൽ എത്തി 1943 ജൂലൈ 4 ന് മോഹൻ സിംഗിനും മറ്റ് സൈനികർക്കും ഒപ്പം നേതാജി ഐഎൻഎയുടെ നേതൃത്വം ഏറ്റെടുത്തു. ചെമ്പകരാമൻപിള്ളയുടെ ഐഎൻവി മാതൃകയിൽ ഐഎൻഎയെ ഉടച്ചുവാർത്തു. ഐഎൻഎയ്ക്കും ഒരു കാഹളമുദ്രാമെന്നും ഇന്ത്യൻ ലീജിയൻ്റെ ജയ് ഹിന്ദ് തന്നെ സ്വീകരിക്കാമെന്നും ആബിദ് ഹസൻ വീണ്ടും നേതാജിയോട് നിർദ്ദേശിച്ചു. അദ്ദേഹം റാഷ് ബിഹാരി ബോസ്, ക്യാപ്റ്റൻ മോഹൻ സിംഗ് എന്നിവരോട് അഭിപ്രായം ആരാഞ്ഞശേഷം ജയ് ഹിന്ദും, കുതിച്ച് ചാടുന്ന കടുവ അങ്കിതമായ ദേശീയപതാകയും ജനഗണമനയും ഐഎൻഎയുടെ ഭാഗമാക്കി.

ചെമ്പകരാമൻ പിള്ളയും നേതാജിയും തമ്മിലുള്ള ബന്ധം

1919- ലെ വിയന്നാ കോൺഫറൻസിൽ നേതാജിയും ചെമ്പകരാമന്‍ പിള്ളയും പരിചയപ്പെട്ടു .പിള്ളയുടെ ആശയങ്ങള്‍ നേതാജിയ്ക്ക് ഇഷ്ടപ്പെട്ടു .ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള സൈനീക ആക്രമണം വഴി മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുകയുള്ളൂ എന്നിരുവര്‍ക്കും തീര്‍ച്ചയായി .ഒന്നാം ലോകമഹായുദ്ധകാലത്ത് താന്‍ അതിനായി ചെയ്ത പരിശ്രമങ്ങള്‍ പിള്ള നേതാജിയെ അറിയിച്ചു .നേതാജി പിള്ളയുടെ ആരാധകനായി നേതാജിക്ക് വീണ്ടും ഒരു രാഷ്ട്രീയ ഗുരുവിനെ ലഭിക്കുകയായിരുന്നു .അത് പ്രകാരം രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി ഐ.എന്‍.എയെ ഏറ്റെടുത്തത് . പിള്ളയുടെ പദ്ധതികളെ അനുകരിച്ചു നേതാജി മുന്നോട്ട് പോയി.രണ്ടു ദശാബ്ദതം കഴിഞ്ഞു പിള്ളയുടെ സംഘടനയുടെ മേല്ക്കൂരയിലാണ് നേതാജി ഐ.എന്‍ .എ
കെട്ടി ഉയര്‍ത്തിയത് എന്നത് ചരിത്രസത്യം .പിള്ളയുടെ സ്വപ്നം നേതാജി നടപ്പിലാക്കി കളം ഒരുക്കിയത് ഒരു മലയാളി എന്നതില്‍ നമുക്കഭിമാനിക്കാം .
“ജയ് ഹിന്ദ്” എന്ന മുദ്രാവാക്യം ആവിഷ്കരിച്ചതും പ്രചരിപ്പിച്ചതും ചെമ്പകരാമന്‍ പിള്ള ആയിരുന്നു .തിരുവനന്തപുരത്ത് സ്കൂളില്‍ പടിക്കുന്ന കാലത്ത് തന്നെ ഗുരുക്കന്മാരേയും സുഹൃത്തുക്കളേയും
കാണുമ്പോള്‍ പിള്ള ജയ്ഹിന്ദ് എന്ന് പറഞ്ഞു അഭിവാദനം ചെയ്തിരുന്നു. .ജര്‍മ്മിനിയില്‍ കഴിയുമ്പോള്‍ ഹിറ്റ്ലര്‍ മറ്റു മേധാവികളെയും
അങ്ങനെ തന്നെ അഭിവാദനം ചെയ്തിരുന്നു .

മദ്രാസ് ഹൈക്കോടതി വളപ്പിലെ സ്മാരകം, എംഡൻ ആക്രമണത്തിൻ്റെ ഓർമ്മ

1933ൽ നേതാജി ഓസ്ട്രിയയിലെ വിയന്ന സന്ദർശിച്ചപ്പോൾ ചെമ്പകരാമൻപിള്ളയുടെ താവളത്തിൽ വച്ചാണ് താനദ്ദേഹത്തെ കണ്ടതെന്ന് ഭഗത് സിങ്ങിന്റെ അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായ സർദാർ അജിത് സിങ് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. വിദേശത്ത് ഒരു സേന ആസൂത്രണം ചെയ്തു ബ്രിട്ടനെതിരെ പോരാടാൻ നേതാജിക്ക് മാർഗമായതും ഐ.എൻ.എക്കു മുൻപ് ഐ.എൻ.വി സ്ഥാപിച്ചതുമൊക്കെ പിള്ളയുടെ യുദ്ധസങ്കൽപങ്ങളായിരുന്നു.

ആരാണ് ചെമ്പകരാമൻ പിള്ള 

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച മലയാളിയായിരുന്നു ഡോ. സി ചെമ്പകരാമന്‍ പിള്ള. ഇന്ത്യക്ക് പുറത്തു നിന്നുള്ള ആക്രമണത്തിലൂടെ ജൻമനാടിനെ വിദേശാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച രാജ്യസ്‌നേഹി.‘എംഡൻ പിള്ള’ യെന്ന മറുപേരിലും ജയ് ഹിന്ദ് ചെമ്പകരാമന്പിള്ള എന്ന പേരിലും ഡോ. സി ചെമ്പക രാമൻപിള്ള അറിയപ്പെട്ടിരുന്നു. കർമ്മനിരതനായിരുന്ന ഈ വീരയോദ്ധാവിന്റെ കഥ വിസ്മൃതിയിലായതു കാരണം അദ്ദേഹത്തെപ്പറ്റിയറിയാൻ ചരിത്രത്തിന്റെ താളുകളിൽ തേടിയാലും അധികമൊന്നും ലഭിക്കില്ല. പിൽക്കാല തലമുറകൾ അർഹമായ സ്ഥാനമാനങ്ങളോ കീർത്തിയോ അദ്ദേഹത്തിന് നല്കാതെ പോയത് ഒരു മലയാളിയായി ജനിച്ചതുകൊണ്ടായിരിക്കാം. മലയാളനാടിനെ തമിഴകമാക്കി ചിലർ അദ്ദേഹത്തെ തമിഴനായി ചരിത്രമെഴുതിയിട്ടുണ്ട്. ഗാന്ധിജിയും നേതാജി സുഭാഷ് ചന്ദ്രബോസും സ്വാതന്ത്ര്യസമരത്തിൽ ചരിത്രം കുറിക്കുന്നതിനുമുമ്പ് മുൻനിരയിലെ ഒരു പോരാളിയായി ചെമ്പകരാമനുണ്ടായിരുന്നു.

1891 സെപ്റ്റംബർ പതിനഞ്ചാംതിയതി ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായി പിള്ള തിരുവനന്തപുരത്ത് ജനിച്ചു. പൂർവികകുടുംബം തമിഴ്നാട്ടിൽനിന്ന് വന്ന വെള്ളാള സമുദായത്തിൽപ്പെട്ടവരായിരുന്നു. തിരുവനന്തപുരത്തുള്ള തൈക്കാട്ടിൽ പേരും പെരുമയുമില്ലാത്ത ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്‌.. ഇപ്പോള്‍ ഏജീസ്സ്‌ ഓഫീസ്സ്‌ ഇരിക്കുന്ന സ്ഥലത്തായിരുന്നു വീട്‌. പോലീസ്‌ കോണ്‍സ്റ്റബിളായിരുന്ന ചിന്നസ്വാമിപിള്ളയുടേയും നാഗമ്മാളുടേയും മകന്‍. ചിന്നസ്വാമിപിള്ള കൊട്ടാരം വൈദ്യൻ കൂടി ആയിരുന്നു.സെക്രട്ടറിയേറ്റിനു സമീപമുള്ള ഗാന്ധാരി അമ്മന്‍ കോവിലിനടുത്തുള്ള സ്കൂളിലായിരുന്നു പഠനം.
തിരുവനന്തപുരം മോഡൽ സ്കൂളിൽ പ്രാരംഭിക വിദ്യാഭ്യാസം ചെയ്തു. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ സസ്യശാസ്ത്രജ്ഞനായ ബ്രിട്ടീഷ്കാരൻ ‘സർ വാല്ടർ സ്റ്റ്രിക്ക് ലാൻഡ്‌നെ’ (Sir Walter Strickland, a British biologist) പരിചയപ്പെടാൻ ഇടയായി. സസ്യങ്ങളുടെ ഗവേഷണപഠനത്തിനായി അദ്ദേഹമന്ന് തിരുവനന്തപുരത്ത് സന്ദർശകനായിരുന്നു. പഠിക്കാൻ സമർത്ഥനും പതിനഞ്ച് വയസുകാരനുമായ ചെമ്പകരാമൻ അദ്ദേഹത്തോടൊപ്പം യൂറോപ്പിൽ പോയി. ഇറ്റലിയിലും ജര്‍മ്മനിയിലുമായി അദ്ദേഹം ഉപരിപഠനം നടത്തി. ഇറ്റലിയിലും സ്വിറ്റ്സർലണ്ടിലുമായി പഠനം പൂർത്തിയാക്കി. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകൾ നല്ലവണ്ണം കൈകാര്യം ചെയ്യുമായിരുന്നു. ബർലിനിൽനിന്ന് എഞ്ചിനീയറിംഗ് ഡിഗ്രി നേടിയശേഷം എഞ്ചിനീയറിങ്ങിലും ധനതത്ത്വ ശാസത്രത്തിലും ഡോക്ട്രേറ്റ് ബിരുദങ്ങളും നേടിയിരുന്നു. ആ കാലഘട്ടത്തിലാണ് ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്‌. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനും ബ്രിട്ടീഷുകാരോട് പൊരുതാനും ഒന്നാം ലോകമഹായുദ്ധം അനുയോജ്യസമയമായി അദ്ദേഹം കരുതി.ബര്‍ലിനിലെ ഇന്ത്യാക്കാരെ സംഘടിപ്പിച്ച് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് കമ്മിറ്റി എന്നൊരു സംഘടന രൂപീകരിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെ തോല്‍പ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. സൂറിച്ചില്‍ നിന്നും പ്രോ ഇന്ത്യ എന്നൊരു പത്രവും ആരംഭിച്ചു. ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ എംഡന്‍ എന്ന മുങ്ങിക്കപ്പലില്‍ രണ്ടാം കപ്പിത്താനായി  ചെമ്പകരാമനും ഉണ്ടായിരുന്നു.

1914 സെപ്റ്റംബര്‍ 22ന് എംഡന്‍ മദ്രാസ് തുറമുഖത്തെ ആക്രമിച്ചു. മദിരാശി തുറമുഖം. രാത്രി 9.45. കിഴക്കിന്റെ അരയന്നം എന്നു പേരുള്ള ഒരു കപ്പൽ നങ്കൂരമിടുന്നു. ഒന്നാം ലോകയുദ്ധകാലം. ദക്ഷിണേന്ത്യയെ യുദ്ധം ബാധിച്ചിട്ടില്ല. നഗരം ശാന്തമായി ഉറങ്ങാനുള്ള തുടക്കത്തിലായിരുന്നു. അപ്രതീക്ഷിതമായിരുന്നു. വന്നു കയറിയ കപ്പലിലെ പീരങ്കികൾ തുറമുഖത്തെ ബ്രിട്ടിഷ് എണ്ണടാങ്കറുകളിലേക്കു നിറയൊഴിച്ചു. 10 ലക്ഷത്തോളം ലീറ്റർ മണ്ണെണ്ണ നിന്നു കത്തി. അതിന്റെ വെളിച്ചത്തിൽ മദിരാശി പട്ടണം നട്ടുച്ചപോലെ ജ്വലിച്ചു.
കാറ്റ് കടലിലേക്കായിരുന്നതിനാൽ ഭാഗ്യം കൊണ്ടുമാത്രം നഗരം രക്ഷപ്പെട്ടു. ഉന്നം തെറ്റി ചില ഉണ്ടകൾ പതിച്ചതൊഴിച്ചാൽ നഗരത്തിലെ മറ്റു സ്ഥലങ്ങളിലേക്കു കപ്പൽ ലക്ഷ്യംവച്ചിരുന്നില്ല. പിന്നീട് ജനം അറിഞ്ഞു, വന്നതു ലോകചരിത്രത്തിൽ ഏറ്റവും വിനാശം വിതച്ച കപ്പലാണ്; ജർമനിയുടെ എസ്എംഎസ് എംഡൻ. തുടർആക്രമണം ഭയന്ന് ജനം നാടുവിടാൻ തുടങ്ങി.. തുറമുഖത്തിറങ്ങി ഒരാൾ  ‘ഇത് ഇന്ത്യക്കാർക്കെതിരെയല്ല, ബ്രിട്ടനെതിരെയാണ്’ എന്ന് തമിഴിൽ പ്രസംഗിച്ചു. പിന്നീട് എംഡൻ കേരളതീരക്കടലിലേക്കു കടന്നു. ലക്ഷദ്വീപിലെ മിനിക്കോയി പരിസരത്ത് ഒക്ടോബർ 15 മുതൽ തങ്ങിയത് അഞ്ചുദിവസം. അഞ്ചു ബ്രിട്ടിഷ് കപ്പലുകളെ മുക്കി. എന്നാൽ, ഈ കപ്പലുകളിലെ യാത്രക്കാരെയൊന്നും മരണത്തിനു വിട്ടുകൊടുത്തില്ല. ലങ്കയിൽ നിന്നു ന്യൂയോർക്കിലേക്കു കരിമ്പു കൊണ്ടുപോയ സെന്റ് എഗ്ബേർട്ട് എന്ന ഒരുകപ്പൽ പിടിച്ചെടുത്ത്, ബ്രിട്ടീഷ് കപ്പലുകളിലെ മുന്നൂറ്റമ്പതോളം യാത്രികരെ, സുരക്ഷിതമായി കൊച്ചി തുറമുഖത്തേക്ക് അയച്ചു.

സുഭാഷ് ചന്ദ്ര ബോസ്, ഐഎൻഎ

തുറമുഖത്തെത്തി തമിഴിൽ പ്രസംഗിച്ചത് ചെമ്പകരാമൻപിള്ളയാണ് എന്ന കഥ പരന്നു. മദ്രാസ്  പട്ടണം ആക്രമിക്കപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ സാന്നിധ്യം മൂലമാണ് എന്ന് ചിലർ വിശ്വസിച്ചു.  എന്നാൽ ആക്രമണ സമയത്ത് പിള്ള കപ്പലിലുണ്ടായിരുന്നില്ല. രാഷ്ട്രീയ പരിപാടികളുമായി ജർമ്മനിയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ നിർദേശപ്രകാരമാണ് നഗരം ആക്രമിക്കപ്പെടാതിരുന്നത് എന്നത് സത്യമാണ്. കപ്പലിൽ നിന്നും തുറമുഖത്തിറങ്ങി തമിഴിൽ പ്രസംഗിച്ചത് ചെമ്പകരാമൻ പിള്ളയുടെ സന്തത സഹചാരി പത്മനാഭൻ പിളളയായിരുന്നു.വിദേശത്ത് നിന്ന് ഒരു സേനയെ സംഘടിപ്പിച്ച്, ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിച്ച്, അവരെ ഇന്ത്യയിൽ നിന്നു തുരുത്തുക എന്ന പദ്ധതി യുടെ ഭാഗമായി ബ്രിട്ടീഷുകാരെ ഭയപ്പെടുത്തുകയായിരുന്നു ഈ ആക്രമണത്തിന്റെ ഉദ്ദേശം.

1930 കളിൽ അദ്ദേഹം നാസികളുടെ എതിർപ്പും ഉപദ്രവും നേരിട്ടു. 1933ൽ രോഗാതുരനായ അദ്ദേഹ ശരീരത്തിൽ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അതെത്തുടർന്ന് 1934 മെയ്‌ 26 ന്‌ ബെർലിനിലെ പ്രഷ്യൻ സ്റ്റേറ്റ് ഹോസ്പിറ്റലിൽ വച്ച് 43-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇന്ത്യൻ പതാക പാറുന്ന കപ്പലിൽ നാടിലേക്കു മടങ്ങണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ജീവിതകാലത്തു സാധിച്ചില്ല. നാസികൾ അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നതാണെന്ന് പറയപ്പെടുന്നു.

മരിച്ചുകഴിഞ്ഞാൽ തന്റെ ഭൗതികാവിശിഷ്ടമടങ്ങിയ ചാരം ജനിച്ചനാട്ടിൽ ഒഴുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തന്റെ ചിതാഭസ്മം കന്യാകുമാരിയിലും തിരുവനന്തപുരം കരമനപ്പുഴയിലും ലയിപ്പിക്കണമെന്നുള്ള ആഗ്രഹപ്രകാരം അദ്ദേഹത്തിൻറെ വിധവയായ ഭാര്യ ചിതാഭസ്മം ഭദ്രമായി സൂക്ഷിച്ചിരുന്നു. പിള്ളയുടെ ആഗ്രഹം സഫലമാക്കാൻ മരണശേഷം  33 വർഷങ്ങൾ വേണ്ടി വന്നു. 1966-ൽ അദ്ദേഹത്തിൻറെ ഡയറിയും രഹസ്യ ഡോക്കുമെന്റും ചിതാഭസ്മവുമായി അദ്ദേഹത്തിൻറെ വിധവയായ ഭാര്യ ലക്ഷ്മി ബായി ബോംബെയിലെത്തി. അവിടെനിന്നും ഇന്ത്യൻനേവി ആഘോഷസഹിതം ചിതാഭസ്മം 1966 സെപ്റ്റംബർ പതിനാറാംതിയതി കൊച്ചിയിലെത്തിച്ചു. ഐ.എൻ. ഐ  ഡൽഹിയെന്നുള്ള കൂറ്റൻകപ്പലിൽ സ്വതന്ത്ര ഇൻഡ്യയുടെ പതാക അന്ന് പാറിപറക്കുന്നുണ്ടായിരുന്നു.

ചിതാഭസ്മവുമായി കൊച്ചിയിലെത്തിയ ലക്ഷ്മിബായിയുടെ വാക്കുകൾ ഹൃദയസ്പർശമായിരുന്നു.

” അവർ പറഞ്ഞു, നാളിതുവരെയായി ജർമ്മനിയിലുള്ള എന്റെ ഭവനത്തിൽ ഭർത്താവിന്റെ ചിതാഭസ്മം ഞാൻ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാജ്യത്തിനു‌വേണ്ടി ബലിയർപ്പിച്ച ഒരു ധീരയോദ്ധാവിന് അർഹമായ ബഹുമാനവും ആദരവും വെണമെന്നുള്ള ചിന്തകളും എന്നെ അലട്ടിയിരുന്നു. സ്വതന്ത്രഇന്ത്യയുടെ പതാക പാറിപറക്കുന്ന ശക്തമായ ഒരു കപ്പലിലെ താനിനി സ്വന്തംരാജ്യത്തിലേക്ക് മടങ്ങിപോവുള്ളൂവെന്ന് അദ്ദേഹത്തിന് പ്രതിജ്ഞയുണ്ടായിരുന്നു. വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തു. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത മുറിവേറ്റ ഒരു പട്ടാളക്കാരനെപ്പോലെയാണ് അദ്ദേഹം മരിച്ചത്. ഇന്ത്യയെ അപമാനിച്ചതിന് എന്റെ ഭർത്താവ് ഹിറ്റലറിനെ വെല്ലുവിളിച്ചു സംസാരിച്ച ധീരനായ ഏക ഭാരതീയനായിരുന്നു. തന്മൂലം ഞങ്ങളുടെ ജീവിതം ദുരിതവും കഠിനവും യാതനകൾ നിറഞ്ഞതുമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടുൾപ്പടെ സർവ്വതും നശിച്ചുപോയിരുന്നു. ഇന്ന് ഭാരതം സ്വതന്ത്ര റിപ്പബ്ലിക്കാണ്. സ്വാതന്ത്ര്യത്തിനായി ഒരായുസ് മുഴുവനും ത്യാഗങ്ങളിൽക്കൂടി കർമ്മനിരതനായി ജീവിച്ച ഈ മഹാന്റെ ചിതാഭസ്മം ഇന്ത്യൻ നേവിയുടെ പാറിപറക്കുന്ന ദേശീയപതാകയുമായി പടുകൂറ്റൻ കപ്പലിൽ കൊച്ചിയിൽ കൊണ്ടുവന്നതും മഹത്തായ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. കഴിഞ്ഞ മുപ്പത് വർഷങ്ങളായി അദ്ദേഹത്തിൻറെ ചിതാഭസ്മം ഞാൻ സൂക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ സ്വപ്നഭൂമിക്കു വേണ്ടി പടപൊരുതിയ അദ്ദേഹത്തിന് സ്വന്തമായി ഒന്നും ലഭിച്ചില്ല. അതിനുശേഷം ഏകയായ ജീവിതം ഞാൻ നയിച്ചു. എന്നോടു കൂടിയുണ്ടായിരുന്ന ഡോ. പിള്ളയുടെ ചിതാഭസ്മത്തിന് അർഹമായ ‘ ബഹുമതി കിട്ടിയതിൽ കൃതജ്ഞതയോടെ ഞാൻ രാഷ്ട്രത്തെ സ്മരിക്കുന്നു. രാജ്യം സ്വതന്ത്രയാകുമ്പോൾ അത് നേടിയെടുത്തവരെ മറക്കുവാൻ സാധിക്കുകയില്ല. മഹാനായ ഡോ. പിള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന രാജ്യങ്ങളുടെയെല്ലാം ജ്വലിക്കുന്ന ദീപവുമായിരുന്നു.”

തിരുവനന്തപുരം പിഎംജിയിലുള്ള സുഭാഷ് ചന്ദ്ര ബോസിൻ്റെ പ്രതിമ.

ഇന്ത്യയുടെ സ്വാതന്ത്ര്യം സ്വപ്നം കണ്ടുകൊണ്ട് ബ്രിട്ടീഷ്സാമ്രാജ്യത്തോട് പൊരുതിയ ധീരനായ ആ യോദ്ധാവിന് അർഹമായ ഒരു സ്ഥാനം രാജ്യം നല്കിയില്ലെന്നതും ഒരു സത്യമാണ്. ആ ചെമ്പകരാമൻപിള്ളയുടെ ജന്മനഗരത്തിൽ, തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ മുന്നിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു മുഴുകായ പ്രതിമയുണ്ട്. പക്ഷേ, ചെമ്പകരാമൻ പിള്ളയ്ക്കു പ്രതിമയില്ല ഒരു സ്മാരകമില്ല. ഓർമയ്ക്കായി ഒന്നുമില്ല. നേതാജിയുടെ പ്രതിമയിൽ രേഖപ്പെടുത്തിയിട്ടുള്ള ‘ജയ് ഹിന്ദ്’ എന്ന വാക്കു രൂപപ്പെടുത്തിയതു പോലും ചെമ്പകരാമൻപിള്ളയാണ്. ആവുമായിരുന്നെങ്കിൽ നേതാജി തന്നെ നേരിട്ട് ഇറങ്ങി വന്ന്, ഈ നന്ദികേടിൽ പ്രതിഷേധിക്കുമായിരുന്നു.