രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഒരു വിഭാഗം ജുഡീഷ്യറിയെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി 600ഓളം അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചിരിക്കുകയാണ്. “ജൂഡീഷ്യറി ഭീഷണിയിൽ – രാഷ്ട്രീയ, ഔദ്യോഗിക സമ്മർദങ്ങളിൽ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുക” എന്ന പേരിലാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ അടക്കം ഒപ്പുവച്ച കത്ത് തയ്യറാക്കിയിരിക്കുന്നത്. ആരാണ് ജുഡീഷ്യറിയുടെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത് എന്ന് പേരെടുത്ത് വ്യക്തമാക്കാതെയാണ് കത്ത്. ഇതോടെ വീണ്ടും ജ്യുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുണ്ടായിരിക്കേണ്ട അകലം സംബന്ധിച്ച കാര്യങ്ങൾ അടക്കം ചർച്ചയാവുകയാണ്.
രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയുടെ കാവലാളുകളായ ജഡ്ജിമാര്‍ക്ക് വിരമിച്ചശേഷമുള്ള അധികാരത്തിൻ്റെ ഇടനാഴികളിലേക്ക് നടന്നു കയറുന്ന സാഹചര്യത്തിലുമാണ് ജുഡീഷ്യറി ഭീഷണിയിൽ എന്ന മുന്നറിയിപ്പ് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് നൽകിയിരിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്താണ് വിരമിച്ച ജഡ്ജിമാർക്ക് ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മണകൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ഇത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒന്നാം സർക്കാരിൻ്റെ കാലം മുതൽ തുടങ്ങിയതാണ് ഈ പ്രവണത. അന്നൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കിലും ഇന്ന് അത് സ്ഥിരം കാഴ്ചയായി മാറി.
1951 സെപ്തംബറില്‍ വിരമിച്ച ജസ്റ്റിസ് ഫസല്‍ അലിയെ എട്ട് മാസത്തിന് ശേഷം ഒറീസ്സാ ഗവര്‍ണറായി നിയമിച്ച പണ്ഡിറ്റ് ജവഹർലാ നെഹ്റുവാണ് പിൽക്കാലത്ത് മകൾ ഇന്ദിരയുടേയും ഇപ്പോൾ നരേന്ദ്ര മോദിയുടെയും വഴികാട്ടി. രാജ്യസഭാംഗഎംപിയായ ജസ്റ്റിസ് ബഹ്റുല്‍ ഇസ്‌ലാമിനെ രാജിവെപ്പിച്ച് ഗുവാഹത്തി ഹൈക്കോടതിയില്‍ ജഡ്ജിയാക്കിയത് ഇന്ദിരാ ഗാന്ധിയായിരുന്നു.ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേ വിരമിച്ച ബഹ്റുല്‍ ഇസ്‌ലാമിനെ അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1980ല്‍ ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ തിരിച്ചുവിളിച്ച് വിളിച്ച് സുപ്രീം കോടതി ജഡ്ജിയാക്കി. പിന്നീട് കോൺഗ്രസ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയും ആയിരുന്ന ജഗന്നാഥ് മിശ്രയെ സഹകരണ ബാങ്ക് അഴിമതിയില്‍ കുറ്റവിമുക്തനാക്കിയ വിധി പുറപ്പെടുവിച്ച ബഹ്റുല്‍ ഇസ്‌ലാമിനെ സുപ്രീം കോടതിയില്‍ നിന്ന് രാജിവെപ്പിച്ച് വീണ്ടും രാജ്യസഭയില്‍ എത്തിച്ചതും ഇന്ദിരാഗാന്ധിയായിരുന്നു.
എന്നാൽ മുമ്പെങ്ങുമില്ലാത്ത തരത്തിൽ തുടർച്ചയായി ജുഡീഷ്യറി വെല്ലുവിളികൾ നേരിടുന്നത് സമകാലീക മോദിക്കാലത്താണ് എന്നത് നിസംശയം പറയാം. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അകലം വളരെ നേർത്തതായി മാറി. ബാബരി മസ്ജിദ് കേസ്, റാഫേൽ ഇടപാട് തുടങ്ങി പല കേസുകളിലും ഉണ്ടായ വിധികൾ പിന്നീട് എക്സിക്യൂട്ടിവിനോട് വിധേയത്വം പ്രഖ്യാപിക്കുന്ന വിധികളായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു. അത് ശരിവയ്ക്കുന്ന തരത്തിൽ വിധി പ്രസ്താവിച്ചവരെ ഗവർണർ ,രാജ്യസഭാംഗം തുടങ്ങിയ പദവികളിൽ ഭരണകൂടം പ്രതിഷ്ഠിക്കുകയുണ്ടായി.
സുപ്രീംകോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നടത്തിയ നീരീക്ഷണം ഇവിടെ വളരെ പ്രസക്തമാണ്. “രാഷ്ട്രീയവും സാമൂഹികവുമായ സമ്മർദങ്ങളിൽ നിന്നും പക്ഷപാതങ്ങളിൽ നിന്നും മുക്തമായിരിക്കണം ജഡ്ജിമാർ. നിയമ നിർമാണ സഭയിൽ നിന്നും എക്‌സിക്യൂട്ടീവിൽ നിന്നും സ്വതന്ത്രമായിരിക്കണം സുപ്രീംകോടതി.”
ജുഡീഷ്യറി ഭീക്ഷണിയിലാണ് ‘ എക്‌സിക്യൂട്ടീവിന്റെ സമ്മർദങ്ങൾക്ക് വഴങ്ങുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ സമീപകാലത്ത് മാത്രം ഉയർന്നതല്ല. ബാബരി മസ്ജിദ് കേസിലും റാഫേൽ ഇടപാട് കേസിലും വാദം കേട്ട ബഞ്ചിന് നേതൃത്വം നൽകിയത് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിയെ വിരമിച്ച ശേഷം രാജ്യസഭയിലാണ് കുടിയിരുത്തിയത്. അയോധ്യാ ഭൂമി തര്‍ക്കത്തില്‍ വിധിപറഞ്ഞ ബെഞ്ചിനെ നയിച്ചതും ഗോഗോയ് തന്നെയായിരുന്നു.
അസാമിലെ എന്‍ആര്‍സി വിഷയത്തിലു വിധിപറഞ്ഞ ബെഞ്ചിന്റെ തലപ്പത്തും അദ്ദേഹം തന്നെയായിരുന്നു. ജഡ്ജിയായിരിക്കെ കേന്ദ്ര സർക്കാറിന് അനുകൂലമായി നടത്തിയ വിധിപ്രസ്താവങ്ങൾക്ക് പ്രത്യുപകാരമാണെന്നാണ് പദവിയെന്നാണ് വിമർശനങ്ങൾ ഉയർന്നത്.ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച് നാല് മാസത്തിന് ശേഷം ലഭിച്ച പദവി ജുഡീഷ്യറിയുടെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോക്കൂർ ചൂണ്ടിക്കാട്ടിയിരുന്നു.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻഗഗോയി മാത്രമല്ല സുപ്രീംകോടതി ജഡ്ജി അബ്ദുൾ നസീർ, ജസ്റ്റിസ് എകെ ഗോയൽ, ജസ്റ്റിസ് ആർകെ അഗർവാൾ, ജസ്റ്റിസ് പളനിവേൽ സദാശിവം,തുടങ്ങി വരെല്ലാം വിരമിച്ച ശേഷം സർക്കാർ പുതിയ പദവികളിൽ പ്രതിഷ്ഠിച്ച് അഭയം കൊടുത്തവരാണ്. സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച അതേ ദിവസം തന്നെ ജസ്റ്റിസ് എ കെ ഗോയൽ ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ചെയർമാനായി.
അയോധ്യ വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ ഉണ്ടായിരുന്ന ജസ്റ്റിസ് അബ്ദുൾ നസീറിന് ഒരു മാസത്തിനകം ആന്ധ്ര ഗവർണറായും നിയമനം ലഭിച്ചു. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചതിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ മെയ് അവസാന വാരത്തിലാണ് ജസ്റ്റിസ് ആർകെ അഗർവാളിനെ ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷൻ (എൻസിഡിആർസി) ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു.
2014 സെപ്റ്റംബറിൽ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരള ഗവർണറായി നിയമിച്ചപ്പോഴും സമാനമായ ചോദ്യങ്ങൾ ഉയർന്നിരുന്നു . ഭരണകക്ഷിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമാണ് പുതിയ പദവി എന്നതായിരുന്നു അന്നുയർന്ന വിമർശനം. തുളസിറാം പ്രജാപതി കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരായ രണ്ടാം എഫ്ഐആർ റദ്ദാക്കിയ വിധിയുമായി ബന്ധപ്പെട്ടായിരുന്നു വിമർശനങ്ങൾ.
എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ ഉണ്ടാവേണ്ട’ ഒരു കൈയ്യകലം ഇതാ ഒരു ഗാഢ ആലിംഗനത്തില്‍ എത്തിയിരിക്കുന്നു എന്നാണ് ജസ്റ്റിസ് സദാശിവത്തെ കേരളാ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെപ്പറ്റി പ്രമുഖ അഭിഭാഷകനായ കെ.വി.വിശ്വനാഥന്‍ അഭിപ്രായപ്പെട്ടത്. ജഡ്ജിമാര്‍ തങ്ങളുടെ പ്രതിജ്ഞ മറന്നാല്‍ പിന്നെ ജുഡിഷ്യറിയ്ക്ക് എങ്ങനെ സ്വാതന്ത്രമാവാന്‍ സാധിക്കും എന്ന സഞ്ജയ് ഹെഗ്ഡെയുടെ ചോദ്യവും ഇവിടെ പ്രസക്തമാണ്.
എക്‌സിക്യൂട്ടീവും തമ്മിലുണ്ടായിരിക്കേണ്ട അകലമെത്ര എന്ന ചര്‍ച്ച വീണ്ടും അഭിഭാഷകരുടെ കത്തോടെ സജീവമായിരിക്കുകയാണ്. സാധാരക്കാരൻ്റെ അവസാനപ്രതീക്ഷയായ നീതിന്യായവ്യവസ്ഥ എത്തിയിരിക്കുന്ന ദുസ്ഥിതി ഭീകരവും ആശങ്കാജനകവുമാണെന്നാണ് ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്ത് അഭിഭാഷകർ അയച്ച കത്തിൻ്റെ ഉള്ളടക്കം.
രാഷ്ട്രീയ സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും സാമാന്യനീതി അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുന്നു എന്ന തിരിച്ചറിവ് തന്നെയാണ് അഭിഭാഷകരുടെ കത്തിന് പിന്നിലുള്ളത് എന്നത് സംശയരഹിതമാണ്. ഭരണഘടനയെയും നിയമവാഴ്ചയെയും നോക്കുകുത്തിയാക്കുന്ന ബാഹ്യസമ്മർദ്ദങ്ങൾക്കെതിരെ നിലപാടെടുക്കണമെന്ന് തന്നെയാണ് അഭിഭാഷകർ തങ്ങളുടെ കത്തിലൂടെ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.