വിവാദ മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിൽ ഇരുന്നുകൊണ്ട് രണ്ട് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇത്തരത്തിൽ ഉത്തരവിറക്കുന്നതും സർക്കാരിനെ ജയിലിൽ കിടന്ന് നയിക്കുന്നതുമായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് അരവിന്ദ് കേജ്‌രിവാൾ. അദ്ദേഹം ജയിലിരുന്നു ഭരണം നയിക്കുന്നതിൽ ഇടപെടാനാകില്ലെന്ന് ഡൽഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അരവിന്ദ് കേജ്‌രിവാളിന് ജയിലിരുന്ന് ഭരണം നടത്തുന്നതിന് നിലവിൽ ഭരണഘടനാപരമായ തടസം ഒന്നുമില്ലെന്ന് നിയമ വിദഗ്ധരും മുൻ ന്യായാധിപൻമാരും ചൂണ്ടിക്കാട്ടുന്നു.മദ്യനയ കേസിൽ അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും അറസ്റ്റിന് പിന്നാലെ രാജിവച്ചിരുന്നു.എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഡൽഹി മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
ALSO READ: എങ്ങനെ പ്രതിയായി; തന്നെ കുടുക്കിയാളെ വെളിപ്പെടുത്തി കേജ്‌രിവാള്‍
അദ്ദേഹം ജയിലിൽ നിന്നും രണ്ട് ഉത്തരവുകൾ നൽകിയതിന് പിന്നാലെ കേജ്‌രിവാൾ ജയിലിൽ നിന്നും സർക്കാരിനെ നയിക്കുമെന്ന് തന്നെയാണ് ആംആദ്മി കേന്ദ്രങ്ങളും ആവർത്തിക്കുന്നത്. അതിന് നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കിലും അതിൻ്റെ പ്രായോഗികതയെപ്പറ്റിയാണ് നിലവിൽ സംശയങ്ങൾ ഉയരുന്നത്.
1951ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ അതിന് ശേഷവും മുഖ്യമന്ത്രിയായി തുടരുന്നതിന് ഭരണഘടനാപരമായ തടസമില്ലെന്നും അതിൻ്റെ പ്രായോഗികതയാണ് അദ്ദേഹത്തിന് വെല്ലുവിളിയാകുന്നതെന്നുംമുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി പറയുന്നു.
പ്രായോഗികമായി അരവിന്ദ് കേജ്‌രിവാളിന് എങ്ങനെ ജയിലിൽ നിന്ന് മുഖ്യമന്ത്രിയായി പ്രവർത്തിക്കാനാകും? ഒരു മുഖ്യമന്ത്രി മന്ത്രിസഭാ യോഗങ്ങളിൽ അധ്യക്ഷത വഹിക്കണം, ഫയലുകളിൽ തീരുമാനങ്ങൾ എടുക്കണം, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് അദ്ദേഹം ചീഫ് സെക്രട്ടറിയും മറ്റ് സെക്രട്ടറിമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കേണ്ടതുണ്ട് . ഇതിനെല്ലാം ഈ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമാണ്.
ജയിലിനുള്ളിൽ രഹസ്യസ്വഭാവമുള്ള മന്ത്രിസഭാ യോഗങ്ങൾ നിങ്ങൾ എങ്ങനെ നടത്തും? അരവിന്ദ് കേജ്‌രിവാളിന് എങ്ങനെ ജയിലിൽ യോഗങ്ങളുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാൻ കഴിയും? ജയിൽ അധികൃതർക്ക് കേജ്‌രിവാളിന് ഭരണനിർവഹണത്തിനായി ഓഫീസ് സൗകര്യങ്ങൾ ഒരുക്കാം. എന്നാൽ അക്കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ആചാരി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയെന്ന നിലയിൽ കേജ്‌രിവാളിന് പ്രവർത്തിക്കാൻ അവകാശമുള്ളതിനാൽ അതിന് അവസരമൊരുക്കാൻ ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി മുൻ ജഡ്ജി അജയ് രസ്തോഗി പറയുന്നു. പ്രായോഗികമായ പ്രശ്നങ്ങളാണ് അതിനു തടസം. ഭരണഘടനാപരമായ തടസമില്ലെങ്കിലും പൊതു ധാർമ്മികതയുടെ അടിസ്ഥാനത്തിൽ കേജ്‌രിവാൾ രാജിവയ്ക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ജയിലിൽ കിടന്ന് സർക്കാരിനെ നയിക്കാൻ അനുവദിക്കില്ലെന്നാണ് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേന പറയുന്നത്. ഇത് ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യതയെയും നിലനിർത്തുന്നു.
ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും സക്‌സേനയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഇന്നലെ ഡൽഹി കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് കേജ്‌രിവാൾ പറഞ്ഞത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാകുമെന്ന് ആം ആദ്മി മന്ത്രി അതിഷി മർലേനയും നേരത്തെ വ്യക്തമാക്കിയിരുന്നു.
“രാജ്യത്തെ നിയമം വളരെ വ്യക്തമാണ് – മറ്റൊരു മാർഗവുമില്ലാത്തപ്പോൾ മാത്രമേ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയൂ.രാഷ്ട്രപതി ഭരണവുമായി ബന്ധടെ ആർട്ടിക്കിൾ 356 ഒന്നിലധികം തവണ സുപ്രീം കോടതിയിൽ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.സംസ്ഥാന ഭരണനിർവ്വഹണത്തിന് മറ്റ് വഴികളൊന്നും അവശേഷിക്കുന്നില്ലെങ്കിൽ മാത്രമേ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയൂ എന്ന് കോടതി ആവർത്തിച്ച് വിധിച്ചിട്ടുണ്ടെന്നാണ് അതിഷി ചൂണ്ടിക്കാട്ടിയത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ അരങ്ങേറിയത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാകുമെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അതിഷി വ്യക്തമാക്കിയത്.
രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതകൾ എങ്ങനെ?
ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം, ഭരണഘടനാ സംവിധാനത്തിൻ്റെ പരാജയത്തിൻ്റെ പേരിൽ ഏത് സംസ്ഥാനത്തും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയും. എന്നാൽ ദേശീയ തലസ്ഥാനമെന്ന നിലയിൽ ഡൽഹിക്ക് ആർട്ടിക്കിൾ 239എഎ പ്രകാരം പ്രത്യേക പദവിയാണുള്ളത്.പിഡിടി ആചാരി പറയുന്നതനുസരിച്ച് ആർട്ടിക്കിൾ 239 എഎ ആർട്ടിക്കിൾ 356 ൽ നിന്ന് വ്യത്യസ്തമാണ്.
ഇവിടെ രാഷ്ട്രപതിക്ക് എങ്ങനെ ഇടപെടാമെന്നും അദ്ദേഹം വിശദമാക്കി.ഡൽഹി രാഷ്ട്രപതിയുടെ മൊത്തത്തിലുള്ള നിയന്ത്രണത്തിലുള്ള ഒരു കേന്ദ്രഭരണ പ്രദേശമായതിനാൽ രാഷ്ട്രപതിക്ക് 239എബി പ്രകാരം തീരുമാനമെടുക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതാണ് ആർട്ടിക്കിൾ 239 എഎ യെ ആർട്ടിക്കിൾ 356 ൽ നിന്ന് അല്പം വ്യത്യസ്തമാക്കുന്നത്.അവിടെ ഭരണഘടനാ സ്ഥാപനങ്ങളുടെ പരാജയം സംഭവിച്ചാൽ രാഷ്ട്രപതിക്ക് 239 എബി പ്രകാരം ഇടപെടാം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഷ്ട്രപതിയുടേതായിരിക്കുമെന്നും ആചാരി ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാഷ്ട്രപതിയുടെ ഏത് തീരുമാനവും കോടതിക്ക് പുനഃപരിശോധിക്കാനാവുമെന്നും അദ്ദേഹം പറയുന്നു.