2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യം വച്ചത് പതിനായിരം കോടിയുടെ ഇലക്ട്രൽ ബോണ്ടുകൾ; 8350 കോടി മൂല്യമുള്ള ബോണ്ടുകൾ എസ്‌ബിഐ കൈപ്പറ്റി; കേന്ദ്ര സർക്കാറിന് തിരിച്ചടിയായത് സുപ്രീംകോടതി വിധി

തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ (ഇലക്ട്രൽ ബോണ്ടുകൾ) ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പതിനായിരം കോടി രൂപ മൂല്യമുള്ള ബോണ്ടുകൾ അച്ചടിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനാണ് നാസിക്കിലെ സെക്യൂരിറ്റി പ്രിൻ്റിംഗ് ആൻഡ് മിൻ്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്പിഎംസിഐഎൽ) ധനമന്ത്രാലയം അന്തിമ അനുമതി നൽകിയത്.

സുപ്രീം കോടതി വിധി വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 28 ന് അച്ചടി നിർത്തിവയ്ക്കാൻ ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശം പുറപ്പെടുവിച്ചു. തുടർന്ന് സ്കീം ഉടനടി നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടും (എസ്ബിഐ) നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എസ്‌പിഎംസിഐഎൽ ഇതിനോടകം 8,350 ബോണ്ടുകൾ എസ്‌ബിഐക്ക് കൈമാറിയെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച രേഖകളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.

2024 ഫെബ്രുവരി 23ന് എസ്ബിഐയുടെ ബാങ്കിംഗ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അസിസ്റ്റൻ്റ് ജനറൽ മാനേജർ എസ്‌പിഎംസിഐഎല്ലിന് അയച്ച ഇമെയിലിൽ മൊത്തം 8,350 ഇലക്ടറൽ ബോണ്ടുകളുടെ അടങ്ങുന്ന നാല് പെട്ടികൾ ലഭിച്ചതായി സ്ഥീരീകരിക്കുന്നുണ്ട്. തുടർന്ന് ഫെബ്രുവരി 27ന് കേന്ദ്ര നിർദ്ദേശപ്രകാരം ബോണ്ടുകളുടെ അച്ചടി നിർത്തി വയ്ക്കാൻ സർക്കാർ പ്രസിന് എസ്ബിഐ നിർദ്ദേശം നൽകുകയായിരുന്നു. “ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി പ്രകാരം 12.01.2024 ലെ ബജറ്റ് ഡിവിഷൻ ലെറ്റർ വഴി അംഗീകാരം ലഭിച്ച 1,650 ഇലക്ടറൽ ബോണ്ടുകളുടെ അച്ചടി നിർത്തിവയ്ക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു”- എന്നായിരുന്നു ബാങ്കിൻ്റെ നിർദ്ദേശം.

ഫെബ്രുവരി 27 നാണ് ധനമന്ത്രാലയത്തിൻ്റെ ബജറ്റ് വിഭാഗം എസ്ബിഐക്ക് 1,650 ഇലക്ടറൽ ബോണ്ടുകളുടെ അച്ചടി നിർത്തിവയ്ക്കാൻ എസ്‌പിഎംസിഐഎല്ലിനെ അറിയിക്കാൻ നിർദ്ദേശം നൽകിയത്. ഫെബ്രുവരി 12ന് 400 ബുക്ക്‌ലെറ്റുകളും 10,000 ഇലക്ടറൽ ബോണ്ടുകളും അച്ചടിക്കാൻ പ്രസിന് അനുവാദം നൽകിയിരുന്നതായും കേന്ദ്ര സർക്കാർ എസ്ബിഐക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 15 നാണ് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഇലക്ട്രൽ ബോണ്ടുകൾ റദ്ദാക്കുന്നത്.

2018ൽ വിവാദമായ ഇലക്ട്രൽ പദ്ധതി ആരംഭിച്ചതിന് ശേഷം മൊത്തത്തിൽ 22,217 ഇലക്ടറൽ ബോണ്ടുകൾ അച്ചടിച്ചിറക്കിയതായി സുപ്രിം കോടതിയിൽ എസ്ബിഐ വ്യക്തമാക്കിയിരുന്നു. ഇലക്ട്രൽ ബോണ്ടു വഴി സംഭാവന സ്വീകരിച്ചതിൽ ഒന്നാം സ്ഥാനത്ത് കേന്ദ്ര ഭരണ പാർട്ടിയായ ബിജെപിയാണ്. 8,451 കോടി രൂപയാണ് ബിജെപിക്ക് ഈ ബോണ്ടുകൾ വഴി ലഭിച്ചത്. കോൺഗ്രസിന് 1,950 കോടിയും തൃണമൂൽ കോൺഗ്രസ് 1,707.81 കോടിയും ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) 1,407.30 കോടിയും ഇലക്ട്രൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ചു.