തൃശൂർ ലോക്സഭാ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ടുള്ള മേയര്‍ എം കെ വര്‍ഗീസിന്റെ ശബ്ദം മുഖ്യമന്ത്രിയുടേതെന്ന് കെ മുരളീധരൻ. സിപിഐഎം – ബിജെപി അന്തർധാരയുണ്ടെന്ന് വ്യക്തമായതായി കെ മുരളീധരൻ ആരോപിച്ചു. സുനിൽ കുമാർ ഇനി എന്തിന് വേണ്ടിയാണ് മത്സരിക്കുന്നത് എന്തിനുവേണ്ടിയെന്ന് ചോദിച്ച കെ മുരളീധരൻ, സുനിൽ കൂടി ഉൾപ്പെട്ട മുന്നണിയുടെ മേയറാണ് സുരേഷ് ഗോപിയിലൂടെയേ വികസനം ഉണ്ടാകു എന്ന് പറയുന്നതെന്നും കൂട്ടിച്ചേർത്തു. കെ മുരളീധരൻ മാത്രം തോൽക്കണമെന്നല്ല മേയർ പറഞ്ഞത്, സുനിൽ കുമാറും തോൽക്കണമെന്നാണ്. മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പാണ് മേയർ പറഞ്ഞത്. തൃശൂരിൽ ബിജെപി തോൽക്കണമെങ്കിൽ യുഡിഎഫ് ജയിക്കണം. ഇല്ലെങ്കിൽ എൽഡിഎഫിന്റെ സർവ്വനാശമായിരിക്കും. അതുകൊണ്ടുതന്നെ ഇടതുപക്ഷക്കാർ തൃശൂരിൽ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്‍കിയെന്നും സുരേഷ് ഗോപി മിടുക്കനെന്നുമുള്ള മേയര്‍ എം കെ വര്‍ഗീസിന്റെ വാക്കുകള്‍ എല്‍ഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും തൃശൂരിന്റെ വികസനത്തിന് വേണ്ടി എന്തും ചെയ്യുമെന്നും അത്തരക്കാരെ സ്വീകരിക്കുമെന്നുമാണ് മേയര്‍ പറഞ്ഞത്. തൃശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപി പണം നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് മതിപ്പെന്നും എംകെ വര്‍ഗീസ് പ്രതികരിച്ചു. സുരേഷ് ഗോപി യോഗ്യനായ വ്യക്തിയെന്നും മേയര്‍ പറഞ്ഞു. സുരേഷ് ഗോപി തൃശൂര്‍ കോര്‍പറേഷനില്‍ വോട്ട് തേടിയെത്തിയപ്പോഴായിരുന്നു പ്രതികരണം.
Read also: സുരേഷ് ഗോപിയോട് മതിപ്പ്: തൃശ്ശൂരിന്റെ വികസനത്തിനായി പണം നൽകി: മേയര്‍ എം കെ വര്‍ഗീസ്