കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. വില കയറിയ അത്രയും കുറഞ്ഞിട്ടില്ലെങ്കിലും ഇന്നത്തെ വില ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അഡ്വാന്‍സ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം മുതലെടുക്കാം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതോടെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ച്ചയിലേക്ക് കൂപ്പു കുത്തി വീണു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യമാണ് നിലവിലെ ആഗോള വിപണിയെ തകിടം മറിച്ചിരിക്കുന്നത്. കൂടാതെ മിക്ക രാജ്യങ്ങളും പണപ്പെരുത്തിന്റെ പിടിയിലുമാണ്. ഓഹരി വിപണികള്‍ കിതയ്ക്കാന്‍ തുടങ്ങിയതും നിക്ഷേപകര്‍ വഴി മാറി സഞ്ചരിക്കാന്‍ കാരണമായി. സ്വര്‍ണത്തിന്റെ കുതിപ്പ് നിലച്ചു എന്ന് പറയാനായിട്ടില്ല. എങ്കിലും ഇന്ന് വില കുറഞ്ഞത് നേട്ടമാണ് എന്ന് മാത്രം.
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53200 രൂപയാണ്. കഴിഞ്ഞ ദിവസം 53760 രൂപ എന്ന റെക്കോര്‍ഡിലായിരുന്നു പവന്‍. ഇന്ന് 560 രൂപ പവന്മേല്‍ കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് നല്ല അവസരമാണ്. ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 6650 ആയി. ഈ മാസം പവന് ഏറ്റവും കുറഞ്ഞ വില 50680 രൂപയായിരുന്നു. 3000 രൂപയിലധികം വര്‍ധിച്ചാണ് 53760 രൂപയിലെത്തിയിരുന്നത്.
ഏറെ കാലത്തിന് ശേഷം ഡോളര്‍ സൂചിക 106.01ലെത്തി. ഡോളര്‍ സൂചിക കരുത്ത് കാട്ടുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമിടിയും. ഇതോടെ അത്തരം കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. സ്വര്‍ണവില കുറയാന്‍ ഇത് കാരണമാകും. ഇതാണ് ഇന്നത്തെ വിലയിടിവിന് ഒരു കാരണം. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഒഴിയാത്തത് ഏത് സമയവും സ്വര്‍ണവില ഉയരാനുള്ള സാധ്യത നിലനിര്‍ത്തുന്നു.